https://assets.doolnews.com/2020/05/298-399x227.jpg

ഒടുവിൽ അറസ്റ്റ്; ജോർജ് ഫ്ളോയിഡിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

by

അമേരിക്കയില്‍ കറുത്ത വർ​ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിനെ കാൽമുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഡെറിക് ഷൗവിൻ എന്ന പൊലീസുകാരനെ അറസ്റ്റ് ചെയ്തു. മിനിയാപോളീസ് സെനേറ്റർ എമി ക്ലോബച്ചറാണ് അറസ്റ്റുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്. നീതിയുടെ ആദ്യപടിയാണ് ഷൗവിന്റെ അറസ്റ്റെന്നും അവർ വിഷയത്തിൽ പ്രതികരിച്ചു.

മിനിയാപാേളീസ് പൊതു സുരക്ഷാ കമ്മീഷണർ ജോൺ മാർക്ക് ഹാരിങ്ടണും പൊലീസ് ഉദ്യോ​ഗസ്ഥനെ അറസ്റ്റ് ചെയ്തുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ പ്രതിയ്ക്കെതിരെ ചുമത്തിയ വകുപ്പുകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം പറഞ്ഞില്ല. പൊലീസ് ഉദ്യോ​ഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ക്ലൗബച്ചറിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.

ജോർജ് ഫ്ളോയിഡിന്റെ മരണത്തെ തുടർന്ന് അമേരിക്കയിൽ പ്രതിഷേധം ശക്തമായിരുന്നു. നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. അഞ്ച് മിനുട്ടില്‍ കൂടുതല്‍ നേരം പൊലീസ് ഓഫീസര്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

സംഭവത്തില്‍ നാല് പൊലീസുകാരെ മിനിയാപോളീസ് മേയര്‍ ജേക്കബ് ഫ്രേ പുറത്താക്കിയിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു.