ആരോഗ്യസേതു ആപ്ലിക്കേഷനിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് നാല് ലക്ഷം രൂപ പാരിതോഷികം
മേയ് 27 മുതല്‍ ജൂണ്‍ 26 വരെയാണ് ബഗ്ഗ് ബൗണ്ടി പ്രോഗ്രാം നടക്കുക. താല്‍പര്യമുള്ളവര്‍ ഇക്കാലയളവില്‍ തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണം.
കോവിഡ് -19 കോണ്‍ടാക്റ്റ് ട്രേസിംഗ് ആപ്പായ ആരോഗ്യ സേതു ഓപ്പണ്‍ സോഴ്സ് ആക്കുകയാണെന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം ആരോഗ്യ സേതുവിന് ഒരു ബഗ് ബൗണ്ടി പ്രോഗ്രാമും പ്രഖ്യാപിച്ചു. അപ്ലിക്കേഷനില്‍ അപകടസാധ്യത റിപ്പോര്‍ട്ട് ചെയ്യുന്ന ആര്‍ക്കും ഹനാല ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കും.
ഇതുമായി അറിവുള്ള ആര്‍ക്കും ബഗ് ബൗണ്ടി പ്രോഗ്രാം പ്രയോജനപ്പെടുത്താം. ആപ്ലിക്കേഷനിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി അറിയിക്കാം. താല്‍പര്യമുള്ളവര്‍ bugbounty@nic.in ലേക്ക് ഒരു ഇമെയില്‍ അയച്ചാല്‍ മതി. പ്രശ്‌നങ്ങള്‍ കണ്ടെത്തി അറിയിക്കുന്നത് പോലെ ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡിലേക്ക് വേണ്ട നിര്‍ദേശങ്ങളും നല്‍കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഇങ്ങനെ നിര്‍ദേശങ്ങള്‍ അയക്കുന്നവര്‍ ഇമെയിലിന്റെ സബ്ജക്ട് ലൈനില്‍ 'കോഡ് ഇംപ്രൂവ്‌മെന്റ്' എന്ന് ചേര്‍ക്കണം.
പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അംഗീകരിക്കപ്പെട്ടാല്‍ ആ വിവരം ഉപയോക്താക്കളെ അറിയിക്കും. പ്രശ്‌നങ്ങള്‍ കണ്ടെത്തി അറിയിക്കുന്നവര്‍ ആ പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നത് വരെ ആ വിവരം പരസ്യപ്പെടുത്താന്‍ പാടുള്ളതല്ല. ആരോഗ്യ സേതുവിലെ ജീവനക്കാര്‍ക്കും, നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍, ഐടി ഇലക്ട്രോണിക്‌സ് മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമാവാന്‍ സാധിക്കില്ല.
ആരോഗ്യ സേതു ആപ്പിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും അറിയിക്കുന്നതിനും ഗവേഷകര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികമായി നല്‍കും. കണ്ടെത്തുന്ന പ്രശ്‌നത്തിന് ഒരു ലക്ഷം രൂപ നല്‍കും. സോഴ്‌സ് കോഡിലേക്ക് മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതിന് ഒരു ലക്ഷം രൂപയും നല്‍കും.
മേയ് 27 മുതല്‍ ജൂണ്‍ 26 വരെയാണ് ബഗ്ഗ് ബൗണ്ടി പ്രോഗ്രാം നടക്കുക. താല്‍പര്യമുള്ളവര്‍ ഇക്കാലയളവില്‍ തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണം. ഇതിന്റെ മുഴുവന്‍ മാര്‍ഗനിര്‍ദേശങ്ങളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Content Highlights: Arogya setu bug bounty programme Govt offering up to 4 lakhs to researchers