
ദൽഹി കലാപം: അന്വേഷണം നടക്കുന്നത് ഒരു ദിശയിലേക്ക് മാത്രം; നീതിയുക്തമായ അന്വേഷണം ഉറപ്പാക്കണമെന്ന് കോടതി
by ന്യൂസ് ഡെസ്ക്ന്യൂദൽഹി: ദൽഹി കലാപത്തിൽ അന്വേഷണം നടക്കുന്നത് ഒരു ദിശയിലേക്ക് മാത്രം കേന്ദ്രീകരിച്ചാണെന്ന് ദൽഹി ഹൈക്കോടതി. പൊലീസ് വിഷയത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തുന്നതിൽ പരാജയപ്പെട്ടുവെന്നും കലാപകാരികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ കണ്ടെത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും കോടതി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.
ജാമിഅ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ വിദ്യാർത്ഥി ആസിഫ് ഇഖ്ബാൽ തൻഹയെ റിമാൻഡ് ചെയ്യാനുള്ള അപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. യു.എ.പി.എ നിയമം ചുമത്തിയാണ് ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 27നാണ് ആസിഫിനെ കോടതിയിൽ ഹാജരാക്കിയത്. ജൂൺ 26 വരെ കോടതി ആസിഫിനെ ജുഡീഷ്യൽ കസ്റ്റഡിയിൽവെക്കാൻ അനുവദിച്ചു.
കേസ് ഡയറിയുടെ പരിശോധന അസ്വസ്ഥതപ്പെടുത്തുന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്, കേസ് പരിഗണിക്കവെ അഡീഷണൽ സെഷൻസ് ജഡ്ജ് ദർമേന്ദ്ര റാന പറഞ്ഞു.
“അന്വേഷണം ഒരറ്റത്തേക്ക് മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് തോന്നുന്നു. എതിരാളി വിഭാഗത്തിന്റെ പങ്ക് ചൂണ്ടിക്കാണിക്കുന്നതിൽ ഇൻസ്പെക്ടർമാരായ ലോകേഷ്, അനിൽ എന്നിവർ പരാജയപ്പെട്ടു. ഇത് കണക്കിലെടുത്ത് വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തുന്നതിൽ ഡി.സി.പി ശ്രദ്ധചെലുത്തണം. അന്വേഷണം നിരീക്ഷിക്കുകയും ന്യായമായ അന്വേഷണം ഉറപ്പാക്കുകയും ചെയ്യണം”. അദ്ദേഹം പറഞ്ഞു.
അതേസമയം എതിരാളി വിഭാഗം ആരാണ് എന്നത് സംബന്ധിച്ച് ജഡ്ജി കൂടുതൽ പരാമർശത്തിലേക്ക് കടന്നില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക