https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/29/pm-modi-nepal-pm.jpg
പ്രധാനമന്ത്രി നരേന്ദ്ര മോദി, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി

സ്വന്തം പാളയത്തിൽ തിരിച്ചടിയേറ്റ് നേപ്പാൾ; കാലാപാനി മോഹത്തിൽ ഒരടി പിന്നോട്ട്

by

ന്യൂഡൽഹി / കഠ്മണ്ഡു ∙ ഇന്ത്യൻ പ്രദേശങ്ങൾ സ്വന്തമെന്ന് അവകാശപ്പെട്ട ഭൂപടത്തിനു പിന്നാലെ പുതിയ വിവാദത്തിനു വഴിതുറന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലിക്ക് കാലാപാനി വിഷയത്തിൽ മറുപടിയുമായി ഇന്ത്യ. കാലാപാനി അതിർത്തി പ്രശ്നത്തിൽ വിദേശകാര്യ സെക്രട്ടറി തലത്തിൽ ചർച്ച വേണമെന്നാണ് നേപ്പാളിന്റെ ആവശ്യം. ആദ്യം പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അന്തരീക്ഷമാണ് ഉണ്ടാകേണ്ടതെന്നും ആ അന്തരീക്ഷത്തിൽ എല്ലാ അയൽക്കാരുമായി ഇടപെടാൻ ഇന്ത്യ തയാറാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു. ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരത്തിന്റെ തെക്കേ അറ്റത്തുള്ള കാലാപാനി പ്രദേശത്തിനാണ് നേപ്പാൾ അവകാശവാദം ഉന്നയിച്ചത്.

കാലാപാനി അതിർത്തി പ്രശ്നത്തിൽ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല നേപ്പാൾ അംബാസഡർ നീലാംബർ ആചാര്യയുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ചർച്ചകളിൽനിന്ന് ഇന്ത്യ ഒളിച്ചോടുകയാണെന്നും നേപ്പാൾ അംബാസഡറെ കാണാൻ കൂട്ടാക്കുന്നില്ലെന്നുമുള്ള നേപ്പാൾ മാധ്യമങ്ങളുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീവാസ്തവ.

ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി കഴിഞ്ഞ നവംബറിൽ ഇന്ത്യ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതു മുതൽ കാലാപാനി അതിർത്തി പ്രശ്നത്തിൽ ചർച്ചയ്ക്കായി നേപ്പാൾ ശ്രമിച്ചിരുന്നുവെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാലാപാനിയുൾപ്പെടെ ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതാക്കി നേപ്പാൾ പുറത്തിറക്കിയ പുതിയ മാപ്പിന് നിയമസാധുത നൽകാനുള്ള നീക്കം പാർലമെന്റിൽ പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി തലത്തിൽ കാലാപാനി വിഷയത്തിൽ ചർച്ച വേണമെന്ന പുതിയ ആവശ്യവുമായി നേപ്പാൾ രംഗത്തെത്തിയത്.

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/29/kp-sharma-oli-nepal-pm.jpg
നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലി

നേപ്പാളിലെ മുഖ്യപ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് കെ.പി.ശർമ ഒലിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാരിന് വിഷയത്തിൽ ആദ്യം പിന്തുണ നൽകിയിരുന്നുവെങ്കിലും പിന്നീട് പിന്നാക്കം പോയി. വിഷയത്തിൽ കൂടുതൽ സമയം വേണമെന്ന നിലപാട് സ്വീകരിച്ചു. മറ്റൊരു പ്രധാന കക്ഷിയായ മധേശി കോൺഗ്രസും മലക്കം മറിഞ്ഞതോടെ കെ.പി.ഒലി പ്രതിരോധത്തിലായി. ഭൂപടത്തോടു യോജിപ്പുണ്ടെന്നും എന്നാൽ നിയമസാധുത നൽകാനുള്ള നീക്കം തിടുക്കത്തിലാണെന്നും ഇരുകക്ഷികളും നിലാപാടെടുത്തു. ഇതോടെയാണ് ഏതുമാർഗത്തിലും കാലാപാനി പിടിച്ചെടുക്കുമെന്ന മുൻനിലപാടിൽ നിന്ന് വിദേശകാര്യ സെക്രട്ടറി തലത്തിൽ ചർച്ചയാകാമെന്നു നേപ്പാൾ നിലപാട് മാറ്റിയത്.

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാദുര, ലിപുലെഖ് പ്രദേശങ്ങൾ എന്തു വില കൊടുത്തും നേപ്പാൾ തിരികെ കൊണ്ടുവരുമെന്നും ഒലി വെല്ലുവിളിച്ചിരുന്നു. ഇന്ത്യയുടെ ഭാഗമായ ലിംപിയാദുര, ലിപുലേഖ്, കാലാപാനി എന്നിവ ഉൾപ്പെടുന്ന പുതിയ ഭൂപടം നേപ്പാൾ മന്ത്രിസഭ അടുത്തിടെ അംഗീകരിച്ചിരുന്നു. ഇന്ത്യ ഉദ്ഘാടനം ചെയ്ത പുതിയ റോഡിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം ഇത് വർധിപ്പിച്ചു.

ഇന്ത്യയും നേപ്പാളും 1,800 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. ഇന്ത്യയുമായുള്ള പടിഞ്ഞാറൻ അതിർത്തി നിർവചിക്കാൻ ബ്രിട്ടിഷ് കൊളോണിയൽ ഭരണാധികാരികളുമായി ഏർപ്പെട്ട 1816 ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലേഖ് പാസിൽ നേപ്പാൾ അവകാശമുന്നയിക്കുന്നത്. 1962ലെ ഇന്ത്യ–ചൈന യുദ്ധം മുതൽ ഇന്ത്യൻ സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ടെങ്കിലും ലിംപിയാദുര, കാലാപാനി മേഖലകൾ തന്ത്രപ്രധാനമായ പ്രദേശങ്ങളാണെന്ന് നേപ്പാൾ അവകാശപ്പെടുന്നു.

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/4/14/narendra-modi-2.jpg
പ്രധാനമന്ത്രി നരേന്ദ്ര മോദി

മാനസസരോവർ തീർഥയാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ച്, ഉത്തരാഖണ്ഡിലെ ധാർച്ചുല മുതൽ ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരം വരെ ഇന്ത്യ റോഡ് നിർമിച്ചതിലാണ് നേപ്പാളിനു പ്രതിഷേധം. മേയ് എട്ടിനാണ് പുതിയ റോഡ് ഉദ്ഘാടനം ചെയ്തത്. പിന്നാലെ നേപ്പാൾ ഇതിൽ പ്രതിഷേധിക്കുകയും പ്രദേശത്ത് സുരക്ഷാ പോസ്റ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിഷേധത്തിനു പിന്നിൽ ചൈനയുടെ പങ്ക് ഇന്ത്യ സംശയിക്കുന്നു.

English Summary: Nepal pushes for talks, India says need to create trust first