ഇങ്ങനെയൊരു ആപ് ഒരാഴ്ച കൊണ്ട് ചെയ്യാൻ സാധിക്കില്ല; ബവ്ക്യൂ ആപ്പിന്റെ വീഴ്ചാവഴികൾ
by മനോരമ ലേഖകൻകൊച്ചി ∙ ആർകിടെക്ചറിലും ഡിസൈനിലുമുണ്ടായ പിഴവുകളാണ് ബവ്ക്യൂ ആപ്പിന്റെ തകർച്ചയ്ക്കു പ്രധാന കാരണമെന്ന് ആൻഡ്രോയ്ഡ്, ഐഒഎസ് ആപ് നിർമാണ രംഗത്തെ വിദഗ്ധർ. മൊഡ്യൂൾ ഇന്റഗ്രേഷനിലെ തകരാറുകളും തകർച്ചയ്ക്കു കാരണമായി. വലിയൊരു കൂട്ടം ഉപഭോക്താക്കൾ എത്തുമ്പോൾ നേരിടാൻ പോകുന്ന സാങ്കേതിക പ്രശ്നങ്ങളെ മുൻകൂട്ടി കാണാൻ ഫെയർകോഡ് ടെക്നോളജീസിനു സാധിച്ചില്ല. വേണ്ടത്ര സമയമെടുത്ത് ഇവ എല്ലാം ചെയ്യാനും പരിശോധിച്ചു ഗുണനിലവാരം ഉറപ്പു വരുത്താനും കമ്പനിക്കു സാധിച്ചില്ലെന്നതും ശ്രദ്ധേയം.
ഒടിപി സംവിധാനത്തിൽ വർക്കു ചെയ്തിട്ടുള്ളവർക്കറിയാം ഇവ കിട്ടാൻ സാധ്യത വളരെ കുറവാണെന്ന്. ആപ് എത്ര നന്നായി പ്രവർത്തിച്ചാലും നെറ്റ്‍വർക്ക് പ്രൊവൈഡർമാരുടെ സെർവറുകൾ കൂടി ആ കപ്പാസിറ്റിയിൽ പ്രവർത്തിച്ചില്ലെങ്കിൽ പരാജയമാകും എന്നത് അവർക്ക് മുൻകൂട്ടി കാണാനായില്ല. മദ്യം വാങ്ങാൻ ചെല്ലുമ്പോഴാണ് ഒടിപി വരുന്നത് എങ്കിൽ ഇത്ര ലോഡ് വരില്ലായിരുന്നു. അല്ലെങ്കിൽ ഒടിപി സംവിധാനം പൂർണമായും ഒഴിവാക്കണമായിരുന്നു.
വളരെ ചുരുങ്ങിയ സമയം മാത്രമാണ് ആപ് നിർമിക്കാൻ ഫെയർകോഡിന് ലഭിച്ചത്. ഇത്ര ആൾക്കാർ ഉപയോഗിക്കുന്ന ആപ് ഒരാഴ്ചകൊണ്ട് ചെയ്യാൻ ശരിക്കും സാധിക്കില്ലെന്നതാണു വസ്തുത. കുറഞ്ഞതു രണ്ടു മൂന്ന് ആഴ്ചയെങ്കിലും എടുത്ത് ടെസ്റ്റിങ്ങുകളെല്ലാം പൂർണമായ നിലയിൽ നടത്തി ചെയ്യേണ്ടതായിരുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ ഇത്ര ട്രാഫിക്കുള്ള ആപ് നിർമിക്കുന്നത് അബദ്ധമാകും. കൂടുതലാളുകൾ ഒരേ സമയം റജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ ഒടിപി റിക്വസ്റ്റുകൾ സെർവറുകളിൽ ക്യൂവായി കിടക്കും. ഒടുവിൽ സെർവറുകൾ പ്രതികരിക്കാതെ പോകും.
ഓരോ ആപ് ചെയ്യുമ്പോഴും അതിലുള്ള വ്യത്യസ്ത മൊഡ്യൂളുകൾ ഓരോ മേഖലയിലും പരിചയ സമ്പന്നരായിരിക്കും ചെയ്യുക. ഓരോ മൊഡ്യൂളുകളായാണ് ഇതു ചെയ്യാറ്. ഈ ആപ്പിൽ കസ്റ്റമർ പ്രൊഫൈൽ, ക്യൂ സിസ്റ്റം, ഏരിയ സെലക്ഷൻ, ടൈം, ഔട്‍ലറ്റ് സെലക്ഷൻ തുടങ്ങിയ മൊഡ്യൂളുകളാണു പ്രധാനമായും ഉള്ളത്. ഇവയെല്ലാം കൂടി കൂട്ടിച്ചേർക്കുക എന്നതാണു പ്രധാന ദൗത്യം. ഇതിനുപയോഗിക്കുന്ന കീവേർഡുകളിലുണ്ടാകുന്ന ചെറിയ പിഴവുകൾ പോലും ആപ് ഹാങ്ങാകുന്നതിന് ഇടയാക്കും.
പരിചയ സമ്പന്നതയുണ്ടെങ്കിൽ മാത്രമേ ഇത് വിദഗ്ധമായി സംയോജിപ്പിക്കാൻ സാധിക്കൂ. സമയം കൊടുത്തതു പോലും മാറിപ്പോയി എന്നാണു വ്യക്തമാകുന്നത്. രാവിലെ മൂന്നര മുതലുള്ള സമയം കാണിക്കുന്നത് സെർവർ ടൈം മാറ്റാൻ വിട്ടുപോയതിനാലാകാം. യുടിസി ടൈമിലാണ് സെർവർ കിടക്കുന്നത്. പരിചയമില്ലായ്മയാണ് ഇതിനെല്ലാം കാരണം. സംസ്ഥാനത്ത് കൊട്ടിഘോഷിക്കാറുള്ള സ്റ്റാർട്ടപ്പുകളിൽ പലതിന്റെയും നിലവാരമില്ലായ്മ കൂടിയാണ് ബവ്ക്യൂ ആപ്പിന്റെ തകർച്ചയിലൂടെ ബോധ്യമാകുന്നതെന്നുമാണു വിലയിരുത്തൽ.
English Summary: How Bev Q app failed, technological reasons