സാമ്പത്തിക വിദഗ്ധരുടെ കണക്കുകൾ തെറ്റി; സ്ഥിതി പ്രവചനങ്ങളേക്കാൾ രൂക്ഷം; ജി.ഡി.പി വളർച്ച പതിനൊന്നു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ
by ന്യൂസ് ഡെസ്ക്ന്യൂദൽഹി: ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് വെള്ളിയാഴ്ച്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019-2020 വർഷത്തെ സാമ്പത്തിക വളർച്ച പതിനൊന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. 4.2 ശതമാനമായാണ് ജി.ഡി.പി വളർച്ച കുറഞ്ഞത്.
ഈ വർഷത്തെ അവസാന പാദമായ ജനുവരി-മാർച്ച് മാസത്തിൽ ജി.ഡി.പി വളർച്ച 3.1ശതമാനമായാണ് കുറഞ്ഞത്. ഇത് കൊവിഡ് 19 നെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ സ്വാധീനം വ്യക്തമാക്കുന്നതാണ്. മാർച്ച് 25നാണ് രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്.
സാമ്പത്തിക വിദഗ്ധരും റേറ്റിങ്ങ് അനലിസ്റ്റുകളും പ്രവചിച്ചതിനേക്കാൾ ഉയർന്ന നിരക്കിലാണ് ജി.ഡി.പി വളർച്ച കുറഞ്ഞത്. ഉത്പാദന മേഖലയിൽ 1.4 ശതമാനം നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്.
2019-2020 വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് ജി.ഡി.പി വളർച്ച 8.5 ശതമാനമായാണ് കണക്കാക്കിയത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ നിന്നുള്ള എസ്റ്റിമേറ്റുകൾ ഇത് 5 ശതമാനമായി കുറച്ച് പരിഷ്കരിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച്ച പുറത്തിറക്കിയ താത്ക്കാലിക എസ്റ്റിമേറ്റിലാണ് ഈ കണക്ക് 4.2 ശതമാനമായി കുറഞ്ഞത്. കഴിഞ്ഞ വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ 6.1ശതമാനം ഉയർന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക