‘സുസ്ഥിരവും നിയന്ത്രിക്കാവുന്നതും’; അതിർത്തി തർക്കത്തിൽ പ്രതികരണവുമായി ചൈന
by മനോരമ ലേഖകൻന്യൂഡൽഹി ∙ ഇന്ത്യ- ചൈന അതിർത്തിയിലെ സ്ഥിതി ‘സുസ്ഥിരവും നിയന്ത്രിക്കാവുന്നതുമാണ്’ എന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിൽ കിഴക്കൻ ലഡാക്കിലും സിക്കിമിലും തുടരുന്ന അതിർത്തി സംഘർഷത്തിനു പിന്നാലെയാണ് ചൈനയുടെ പ്രസ്താവന. അതിർത്തി പ്രശ്‌നത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന യുഎസ് പ്രസിഡന്റ്‍ ഡോണൾഡ് ട്രംപിന്റെ വാഗ്ദാനത്തെക്കുറിച്ച് നേരിട്ട് പ്രതികരിക്കാതെ, നിലവിലുള്ള ആശയവിനിമയ സംവിധാനങ്ങളിലൂടെ സാഹചര്യം പരിഹരിക്കാൻ ഇരു രാജ്യങ്ങൾക്കുമാവുമെന്നും മന്ത്രാലയം അറിയിച്ചു.
ഈ മാസം ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ കിഴക്കൻ ലഡാക്കിൽ ഉണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ആദ്യ പ്രസ്താവന. ‘ചൈന-ഇന്ത്യ അതിർത്തിയിൽ ചൈനയുടെ സ്ഥാനം വ്യക്തമാണ്. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും നിലനിർത്താൻ ചൈനീസ് അതിർത്തിയിലെ സൈനികർ പ്രതിജ്ഞാബദ്ധരാണ്’– ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് സീനിയർ കേണൽ റെൻ ഗുവോകിയാങ് വ്യാഴാഴ്ച നടന്ന പ്രതിമാസ മന്ത്രാലയ യോഗത്തിൽ പറഞ്ഞു.
നിലവിൽ, ചൈന-ഇന്ത്യ അതിർത്തി പ്രദേശങ്ങളിലെ സ്ഥിതി സുസ്ഥിരവും നിയന്ത്രിക്കാവുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ഇരുപക്ഷത്തിനുമുണ്ടെന്നും റെൻ പറഞ്ഞു.
English Summary: Committed to peace, says Chinese defence ministry in 1st remark on Ladakh standoff