https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/29/covid19-tests-districs.jpg

പത്തനംതിട്ടയിൽ 6 പേർക്ക് കോവിഡെന്ന് മുഖ്യമന്ത്രി; ജില്ലയുടെ കണക്കിൽ 4 പേർ മാത്രം

by

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 62 പേരിൽ 33 പേർ വിദേശത്തുനിന്നും 23 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവർ. പാലക്കാട് 14, കണ്ണൂർ 7, തൃശൂർ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസർകോട് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം.

പത്തനംതിട്ട

ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ്. സൗദിയിൽ നിന്നെത്തിയ മലയാലപ്പുഴ വെട്ടൂർ സ്വദേശി ഗർഭിണിയായ സ്റ്റാഫ് നഴ്സ് (28), തണ്ണിത്തോട് സ്വദേശി (39), ചെന്നൈയിൽ നിന്ന് 16ന് എത്തിയ  റാന്നി നാറാണംമൂഴി കുടമുരുട്ടി  സ്വദേശി പെൺകുട്ടി (21), പഞ്ചാബിൽ നിന്നെത്തിയ പ്രമാടം സ്വദേശിയായ സൈനികൻ (30) എന്നിവർക്കാണ് കോവിഡ്. പത്തനംതിട്ടയിൽ 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞെങ്കിലും ജില്ലയുടെ കണക്കിൽ 4 പേരെയുള്ളൂ. മറ്റു ജില്ലയിൽ ക്വാറന്റീനിൽ കഴിയുന്നവർക്കാകാം രോഗമെന്നാണ് നിഗമനം.

ഇടുക്കി

അബുദാബിയിൽ നിന്ന് എത്തിയ ഹോട്ടൽ ജീവനക്കാരനായ തൊടുപുഴ സ്വദേശി 41 കാരനാണ് ഇന്ന് രോഗം ബാധിച്ചത്. കഴിഞ്ഞ 17നാണ് ഇയാൾ എത്തിയത്.  നെടുമ്പാശേരിയിൽ നിന്ന് തൊടുപുഴയിൽ ബസിലെത്തിയ ഇദ്ദേഹം സ്വകാര്യ ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇതോടെ ഇപ്പോൾ ഇടുക്കി ജില്ലയിൽ ചികിത്സയിൽ കഴിയുന്നവർ നാലായി.

കോട്ടയം

കോട്ടയം ജില്ലയില്‍ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 20 ആയി. മുംബൈയില്‍നിന്നും മേയ് 24ന് സ്വകാര്യ വാഹനത്തില്‍ എത്തി ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശിനിയായ പെണ്‍കുട്ടി(14)ക്കാണു രോഗം ബാധിച്ചത്. മുംബൈയില്‍നിന്നും മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം എത്തിയ കുട്ടിക്ക് പനി ബാധിച്ചതിനെത്തുടര്‍ന്നാണു സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്.

മലപ്പുറം 

ജില്ലയിൽ 5 പേർക്കു കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 22 ന് ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ കുറ്റിപ്പുറം നടുവട്ടം രാങ്ങാട്ടൂർ സ്വദേശി (23), 19ന് റിയാദിൽ നിന്ന് കരിപ്പൂരിലെത്തിയവരായ തിരൂരങ്ങാടി മമ്പുറം സ്വദേശി (49), എടക്കര മൂത്തേടം സ്വദേശി (36), 17ന് അബുദാബിയിൽ നിന്ന് കരിപ്പൂർ വഴി തിരിച്ചെത്തിയ എടവണ്ണ പത്തപ്പിരിയം ചെരങ്ങാട്ടുപൊയിൽ സ്വദേശി (25), ബെംഗളൂരുവിൽ നിന്ന് 14ന് നാട്ടിലെത്തിയ ഒഴൂർ ഓമച്ചപ്പുഴ സ്വദേശി (52) എന്നിവർക്കാണ് രോഗബാധ. ഒരാൾ രോഗമുക്തി നേടി.

ഇവർക്കു പുറമേ 26ന് കുവൈത്തിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിയ ഇടുക്കി മൂന്നാർ സൂര്യനെല്ലി സ്വദേശി (28), തൃശൂർ കൈപ്പമംഗലം സ്വദേശി (32), തുരുവനന്തപുരം കഠിനംകുളം പുത്തൻതോപ്പ് സ്വദേശി (40), 26 ന് അബുദാബിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിയ പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി (22) എന്നിവർക്കും രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ താമസിക്കുന്ന എയർ ഇന്ത്യ ജീവനക്കാരിയായ പുണെ സ്വദേശിനിക്കും (24) വൈറസ്‌ബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവരും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസലേഷനിലാണ്.

എറണാകുളം

ജില്ലയിൽ ഇന്ന് 4 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ച 2 പേരും എറണാകുളത്താണു ചികിത്സയിലുള്ളത്. 27നു കോവിഡ് സ്ഥിരീകരിച്ച കുന്നത്തുനാട് സ്വദേശിയുടെ ബന്ധുവായ സ്ത്രീ (47), 27 നു കുവൈത്ത് - കൊച്ചി വിമാനത്തിലെത്തിയ കാക്കനാട് സ്വദേശിനി (48), 17ന് അബുദാബി - കൊച്ചി വിമാനത്തിലെത്തിയ വടവുകോട് സ്വദേശി (63), ഇതേ വിമാനത്തിലെത്തിയ പാറക്കടവ് സ്വദേശി (32) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂർ

ദോഹയിൽ നിന്ന് 9 ന് തിരിച്ചെത്തിയ മതിലകം സ്വദേശി (61), അബുദാബിയിൽ നിന്ന് 7 ന് തിരിച്ചെത്തിയ മതിലകം സ്വദേശിനി (42) എന്നിവർക്കും ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ ഒരു കുടുംബത്തിലെ നാലംഗങ്ങൾക്കുമാണ് തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

English Summary: District wise covid cases in kerala