ലോക്ഡൗണിന്റെ മറവിൽ രാത്രിയിൽ ‘ബ്ലാക്ക്മാൻ ഭീതി’ പരത്തി , പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : ​കോഴിക്കോട് രണ്ട് യുവാക്കള്‍ പിടിയില്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399449/black-man.jpg

കോഴിക്കോട് : കോവിഡ് ലോക്ഡൗണിന്റെ മറവിൽ രാത്രിയിൽ ‘ബ്ലാക്ക്മാൻ ഭീതി’ പരത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ മുക്കം പോലീസ് പിടികൂടി. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവിൽ അഷാദ് (21), പൊയിലിൽ അജ്മൽ (18) എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെട്ടു വശത്താക്കിയാണ് പ്രതികൾ കൃത്യം നടത്താൻ ശ്രമിച്ചത്.

രാത്രികാലങ്ങളിൽ പെൺകുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെ പ്രതികൾ റോഡ് സൈഡിൽ നിർത്തിയിട്ട ബൈക്ക് നാട്ടുകാർ കണ്ടെത്തിയിരുന്നു. ഈ ബൈക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഇവരെ പിടികൂടാൻ പോലീസിന് സഹായകമായത്. നാടാകെ ബ്ലാക്ക്മാൻ ഭീതി പടർത്തുന്നത് ഇത്തരക്കാരാണെന്നും അതിന്റെ മറവിൽ അസന്മാർഗിക പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതെന്നും മുക്കം പോലീസ് അറിയിച്ചു.

പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ വാട്സാപ് വിഡിയോ കോൺഫറൻസിങ് വഴി കോഴിക്കോട് പോസ്കോ കോടതി ജഡ്ജി കെ.സുഭദ്രാമ്മ മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മുക്കം ഇൻസ്‌പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ എസ്ഐ വി.കെ.റസാഖ്, എഎസ്ഐമാരായ സലീം മുട്ടത്ത്, സാജു, സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീഖ് നീലിയാനിക്കൽ, ശ്രീകാന്ത്, സ്വപ്ന എന്നിവരാണ് പ്രതികളെ പിടികൂടിയത്.