167 കുടിയേറ്റ തൊഴിലാളികളായ സ്ത്രീകളെ എയര്‍ലിഫ്റ്റ് ചെയ്ത് നടന്‍ സോനു സൂദ്
കൊച്ചി : കുടിയേറ്റ തൊഴിലാളികള്‍ക്ക് തിരികെ നാട്ടിലെത്തിക്കാനായി ബസുകള്‍ ഒരുക്കി പാസുകള്‍ ലഭിക്കാന്‍ സഹായം ചെയ്ത ബോളിവുഡ് നടന്‍ സോനു സൂദ് വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. എറണാകുളത്തെ ഒരു ഫാക്ടറിയില്‍ കുടുങ്ങിയ 167 സ്ത്രീകള്‍ക്കാണ് നടന്‍ സഹായമായിരിക്കുന്നത്. ഒഡിഷയിലെ വീടുകളിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് തുന്നല്‍, എംബ്രോയിഡറി ജോലികള്‍ ചെയ്തിരുന്ന 167 പേര്‍ നടനോട് സഹായം തേടിയത്.
കൊവിഡ് 19 മഹാമാരിക്ക് പിന്നാലെ ഫാക്ടറി അടച്ചതോടെ ഇവര്‍ എറണാകുളത്ത് കുടുങ്ങിയിരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവര്‍ നടന്‍റെ സഹായം തേടിയത്. അവരെ നാടുകളില്‍ എത്തിക്കാനുള്ള ഏകമാര്‍ഗം എയര്‍ലിഫ്റ്റ് ചെയ്യുകയെന്നതായിരുന്നുവെന്ന് നടന്‍ പ്രതികരിക്കുന്നു. എന്നാല്‍ മിക്ക വിമാനത്താവളങ്ങളും പ്രവര്‍ത്തനം പൂര്‍ണമായ രീതിയില്‍ പുനരാരംഭിച്ചിട്ടില്ലായിരുന്നു. എന്നാല്‍ കൊച്ചിയില്‍ നിന്ന് ഭുവനേശ്വര്‍ വിമാനത്താവളത്തിലേക്ക് ഇവര്‍ക്കായി വിമാനമെത്തിക്കാന്‍ നടന്‍ പ്രത്യേക അനുമതി നേടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ എട്ട് മണിയോടെ ബെംഗളുരുവില്‍ നിന്ന് കൊച്ചിയില്‍ പ്രത്യേക വിമാനമെത്തിച്ചാണ് 167 പേരെ താരത്തിന്‍റെ നേതൃത്വത്തില്‍ എയര്‍ ലിഫ്റ്റ് ചെയ്തത്. എയര്‍ ഏഷ്യ വിമാനത്തിലായിരുന്നു എയര്‍ ലിഫ്റ്റിംഗ്. ഭുവനേശ്വറില്‍ വിമാനത്തിലെത്തിക്കുന്ന ഇവര്‍ക്ക് അവിടെ നിന്ന് സ്വന്തം വീടുകളിലെത്തിക്കാന്‍ വാഹന സൌകര്യവും ഒരുക്കിയിട്ടുണ്ട്.
സിനിമകളിലെ സ്ഥിരം വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന താരത്തിന് കൊവിഡ് കാലമാണ് ഹിറോ പരിവേഷം നല്‍കിയത്. രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ ഈ റിയല്‍ ലൈഫ് ഹീറോയ്ക്ക് ആശംസകള്‍ നല്‍കിയിരുന്നു. പഞ്ചാബിലെ മോഗയില്‍ നിന്നാണ് സോനു സൂദ് അഭിനയ രംഗത്തേക്ക് എത്തിയത്.