വിമാനങ്ങളുടെ ലാന്‍ഡിങ്ങിനും ടേക്കോഫിനും വെട്ടുകിളികള്‍ ഭീഷണി; മുന്നറിയിപ്പുമായി ഡിജിസിഎ

വെട്ടുകിളി സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ പൈലറ്റുമാരെ വിവരം അറിയിക്കണം. അത്തരം സാഹചര്യങ്ങളില്‍ ലാന്‍ഡിങ്ങും ടേക്കോഫും ഒഴിവാക്കുന്നതാണ് ഉത്തമം.

https://www.mathrubhumi.com/polopoly_fs/1.4549607.1584934334!/image/image.png_gen/derivatives/landscape_894_577/image.png

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത വിളനാശമുണ്ടാക്കിയ വെട്ടുകിളികള്‍ വിമാനങ്ങളുടെ ലാന്‍ഡിങ്ങിനും ടേക്കോഫിനും ഭീഷണി ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വെട്ടുകിളി ആക്രമണം പല സംസ്ഥാനങ്ങളും നേരിടേണ്ടിവന്നതിന് പിന്നാലെയാണിത്.

വെട്ടുകിളികള്‍ക്ക് ഇടയിലൂടെ പറക്കുന്നതിലൂടെ വിമാനത്തിന്റെ സെന്‍സറുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും തകരാര്‍ സംഭവിച്ചേക്കാം. പെലറ്റിന് തെറ്റായ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് ഇടയാക്കും. അവ കൂട്ടമായി വിന്‍ഡ് ഷീല്‍ഡില്‍ പറ്റിപ്പിടിച്ചാല്‍ പൈലറ്റിന്റെ കാഴ്ച തടസപ്പെടും. ലാന്‍ഡിങ്ങ്, ടേക്കോഫ് എന്നിവയ്ക്കിടയില്‍ ഇത് കടുത്ത ആശങ്ക സൃഷ്ടിക്കും. വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ചാലും അവയെ നീക്കാനാവില്ല. അതിനാല്‍ വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുന്നത് ജാഗ്രതയോടെ വേണം.

വെട്ടുകിളി സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ പൈലറ്റുമാരെ വിവരം അറിയിക്കണം. അത്തരം സാഹചര്യങ്ങളില്‍ ലാന്‍ഡിങ്ങും ടേക്കോഫും ഒഴിവാക്കുന്നതാണ് ഉത്തമം. വിമാനത്തിന്റെ എന്‍ജിനിലും എയര്‍ കണ്ടീഷന്‍ സംവിധാനത്തിലും വെട്ടുകിളികള്‍ കയറാന്‍ സാധ്യതയുണ്ടെന്നും ഡിജിസിഎ വിമാന കമ്പനികള്‍ക്കയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വെട്ടുകിളികള്‍ 50,000 ഹെക്ടറിലേറെ വരുന്ന കൃഷിയിടങ്ങളില്‍ കനത്ത വിളനാശം വരുത്തിക്കഴിഞ്ഞു. ലോക്ക്ഡൗണ്‍ മൂലം ദുരിതം നേരിടുന്ന കര്‍ഷകര്‍ക്ക് കടുത്ത വെല്ലുവിളിയാണ് വെട്ടുകിളി ആക്രമണം ഉയര്‍ത്തുന്നത്. ഡ്രോണുകള്‍ അടക്കമുള്ളവ ഉപയോഗിച്ച് കീടനാശിനി തളിച്ച് വെട്ടുകിളി ആക്രമണത്തിന് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് വിവിധ സംസ്ഥാനങ്ങള്‍. അതിനിടെയാണ് വിമാനങ്ങള്‍ക്കും അവ സുരക്ഷാ ഭീഷണി ഉയര്‍ത്തിയേക്കുമെന്ന ഡിജിസിഎയുടെ മുന്നറിയിപ്പ്.

Content Highlights: Locusts a threat to Flight landings and takeoff - DGCA