പ്ലേ സ്റ്റോറില്‍ ടിക്‌ടോക്കിനെ വെല്ലുവിളിച്ച് മുന്നേറിയ 'മിത്രോം ആപ്പിന്' പാകിസ്ഥാന്‍ ബന്ധം

https://www.mathrubhumi.com/polopoly_fs/1.4792500.1590764122!/image/image.jpg_gen/derivatives/landscape_894_577/image.jpg

ഒരു ഇന്ത്യന്‍ നിര്‍മിത ആപ്ലിക്കേഷന്‍ എന്ന നിലയില്‍ അടുത്ത കാലത്ത് വലിയ പ്രചാരം നേടിയ ആപ്ലിക്കേഷനാണ മിത്രോം (Mitron). ടിക് ടോക്കിലേത് പോലെ തന്നെ ചെറു വീഡിയോകള്‍  പങ്കുവെക്കുകയാണ് ഇതില്‍ ചെയ്യുന്നത്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ നിര്‍മിക്കാം. 50 ലക്ഷത്തിലധികം പേരാണ് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത്.
 
ടിക് ടോക്കിന് പകരം എന്ന നിലയിലാണ് ഈ വര്‍ഷം ഏപ്രില്‍ 11 ന് പുറത്തിറക്കിയ മിത്രോം ആപ്പ് പ്രചാരം നേടിയത്. സുഹൃത്തുക്കള്‍ എന്നാണ് മിത്രോം എന്ന വാക്കിന് അര്‍ത്ഥം. ഐഐടി റൂര്‍കീയില്‍ നിന്നുള്ള ശിവങ്ക് അഗര്‍വാളാണ് ഈ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മിത്രോം ആപ്പ്. 4.7 റേറ്റിങും ആപ്ലിക്കേഷനുണ്ട്. എങ്കിലും ടിക് ടോക്കിന് പിന്നില്‍ തന്നെയാണ് ആപ്ലിക്കേഷനുള്ളത്. 

എന്നാല്‍ മിത്രോം ആപ്പ് ഇന്ത്യന്‍ നിര്‍മിതമാണെന്ന വാദത്തെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാനിലെ ക്യുബോക്‌സസ് എന്ന സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ കമ്പനി. മിത്രോം ആപ്പിന്റെ എല്ലാ ഫീച്ചറുകളും, ഇന്റര്‍ഫെയ്‌സും ഉള്‍പ്പെടുന്ന മുഴുവന്‍  സോഴ്‌സ് കോഡും ക്യുബോക്‌സസില്‍ നിന്നും വാങ്ങിയതാണെന്ന് കമ്പനി പറയുന്നു. 

മിത്രോം ആപ്പ് ഉടമയ്ക്ക് 2,600 രൂപയ്ക്കാണ് ഈ സോഴ്‌സ് കോഡ് വിറ്റതെന്ന് ക്യൂബോക്‌സസ് സ്ഥാപകനായ ഇര്‍ഫാന്‍ ഷെയ്ഖ് പറഞ്ഞു. 

ഉപയോക്താക്കള്‍ക്ക് സ്വന്തം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ സോഴ്‌സ് കോഡ് വില്‍ക്കുന്നത്. എന്നാല്‍ മിത്രോം ആപ്പ് ഡെവലപ്പര്‍ ആ സോഴ്‌സ് കോഡില്‍ യാതൊരു മാറ്റവും വരുത്താതെ ലോഗോയും പേരും മാത്രം മാറ്റിയാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. 

എന്നാല്‍ അങ്ങനെ ചെയ്യുന്നതില്‍ പ്രശ്‌നമില്ല. സോഴ്‌സ് കോഡ് ഏത് രീതിയിലും ഉപയോഗിക്കാന്‍ വേണ്ടി പണം നല്‍കി വാങ്ങിയതാണ്. എന്നാല്‍ അത് ഇന്ത്യന്‍ നിര്‍മിത ആപ്ലിക്കേഷന്‍ എന്നരീതിയില്‍ അവതരിപ്പിക്കുന്നത് ശരിയല്ല. പ്രത്യേകിച്ചും സോഴ്‌സ് കോഡില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. 

ആപ്ലിക്കേഷന്‍ ഹോസ്റ്റ് ചെയ്യാന്‍ തങ്ങള്‍ സെര്‍വര്‍ സൗകര്യം ഒരുക്കുന്നുണ്ടെങ്കിലും മിത്രോം ആപ്പ് അത് തിരഞ്ഞെടുത്തിട്ടില്ല. അവര്‍ അവരുടെ സ്വന്തം സെര്‍വറിലാണ് ആപ്പ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. മിത്രോം ആപ്പ് ഉപഭോക്തൃ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും ഷെയഖ് പറഞ്ഞു. ന്യൂസ് 18 ആണ് ഈ വിവരം പുറത്തുവിട്ടത്. 

എന്നാല്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കീഴിലാണ് ആപ്പിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നതെന്ന് മിത്രോം ആപ്പിന്റെ പ്രചാരകരായ ഷോപ്പ് കില്ലര്‍ ഇ-കൊമേഴ്‌സ് പറയുന്നു. എങ്കിലും ഷോപ്പ് കില്ലര്‍ ഇ-കൊമേഴസ് സ്വയം പരസ്യപ്പെടുത്താതെയാണ് ആപ്പിന് പ്രചാരം നല്‍കുന്നത്. 

ഒരു ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡ് മറ്റൊരു പേരില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. മുമ്പ് ജനപ്രിയമായ പല ആപ്ലിക്കേഷനുകളുടെയും പകര്‍പ്പ് നിര്‍മിച്ചിട്ടുള്ള കമ്പനിയാണ് ക്യുബോക്‌സസ്. ഇന്‍സ്റ്റഗ്രാമിന്റെ പകര്‍പ്പായി ഹാഷ്ഗ്രാം എന്ന ആപ്ലിക്കേഷന്‍, സൊമാറ്റോയുടെ പകര്‍പ്പായി ഫൂഡിസ് സിംഗിള്‍ റസ്റ്റോറന്റ് എന്ന ആപ്ലിക്കേഷന്‍.  ടിക് ടോക്കിനെ പകര്‍ത്തി ടിക് ടിക് എന്ന ആപ്ലിക്കേഷന്‍ തുടങ്ങിയവ ക്യുബോക്‌സസ് നിര്‍മിച്ചിട്ടുണ്ട്. 

ഈ ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ സ്വന്തം ആപ്ലിക്കേഷനുകളുടെ സോഴ്‌സ് കോഡ് താല്‍പര്യമുള്ളവര്‍ക്ക് ക്യൂബോക്‌സസ് വില്‍ക്കുന്നുമുണ്ട്. ക്യൂബോക്‌സസിന്റെ ടിക് ടിക്കിനെ അടിസ്ഥാനപ്പെടുത്തി മിത്രോം ആപ്പിനെ പോലെ മറ്റ് പല് ആപ്ലിക്കേഷനുകളും നിലവിലുണ്ട്. ഫോളോ, കിഡ്‌സ്‌ടോക്ക്,  ഹോട്ട് ടോക്‌സ്,  പോലുള്ളവ ഉദാഹരണങ്ങളാണ്. 

മറ്റൊരാള്‍ നിര്‍മിച്ച സോഴ്‌സ് കോഡ് ഉപയോഗിച്ച് സ്വന്തമായി മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് മിത്രോം ആപ്പിന്റെ അണിയറക്കാര്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ഇക്കാര്യം അവര്‍ പരസ്യപ്പെടുത്തിയിട്ടുമില്ല. ഡെവലപ്പര്‍മാര്‍ എന്ന നിലയില്‍ മേല്‍വിലാസം രഹസ്യമാക്കിവെക്കാനും അവര്‍ ശ്രമിക്കുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചും സുരക്ഷയൊരുക്കുന്നത് സംബന്ധിച്ചും കമ്പനി വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ വിശ്വാസത്തിലെടുത്തുകൊണ്ട് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാവില്ല. 

Content Highlights:  Mitron Not Indian made TikTok it is a clone from Pakistani App