കോവിഡ് കേസുകള്‍ വര്‍ധിച്ചു: ദക്ഷിണ കൊറിയയില്‍ ബുധനാഴ്ച തുറന്ന സ്‌കൂളുകള്‍ വീണ്ടും അടച്ചു

https://www.mathrubhumi.com/polopoly_fs/1.4064886.1566588514!/image/image.jpg_gen/derivatives/landscape_894_577/image.jpg

സോള്‍: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയിലെ സ്‌കൂളുകള്‍ വീണ്ടും അടച്ചു. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ബുധനാഴ്ചയാണ് സ്‌കൂളുകള്‍ തുറന്ന് അധ്യയനം ആരംഭിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ രോഗികളുടെ എണ്ണത്തില്‍ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. 

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിന് പിന്നാലെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ബുധനാഴ്ച ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ എത്തിയത്. എന്നാല്‍ വ്യാഴാഴ്ച 79 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന്  ബുച്ചിയോണിലെ 251 സ്‌കൂളുകള്‍ തുറന്ന് അധ്യായനം ആരംഭിച്ചതിന് ശേഷം വീണ്ടും അടച്ചിട്ടു. കൂടാതെ സോളിലെ 117 സ്‌കൂളുകള്‍ തുറക്കുന്നതും മാറ്റിവെച്ചിട്ടുണ്ട്. സോളിലെ ഒരു വിദ്യാര്‍ഥിയുടെ മാതാവ് വെയര്‍ഹൗസ് ജീവനക്കാരിയാണ്. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച 58 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 11,402 ആയി.  

ബുച്ചിയോണിലെ വിതരണകേന്ദ്രവുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ കൂപാംഗ് ആണ് നഗരത്തിലെ വെയര്‍ഹൗസ് നടത്തുന്നത്. ഇവിടെ വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമായി പാലിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. തൊഴിലാളികളുടെ ചെരിപ്പിലും വസ്ത്രത്തിലും കോവിഡ് -19 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. അതേസമയം ഇവിടുത്തെ പതിനായിരക്കണക്കിന് തൊഴിലാളികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയാണെങ്കില്‍ ഇനിയും രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. 

സോളിലേയും പരിസര പ്രദേശങ്ങളിലേയും പാര്‍ക്കുകളും മ്യൂസിയങ്ങളും ഇപ്പോഴും അടച്ചിരിക്കുകയാണ്. അതേസമയം വീണ്ടും ജനക്കൂട്ടം ഒഴിവാക്കണമെന്ന് ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു. ഈ വര്‍ഷം ആദ്യം ദക്ഷിണ കൊറിയ വൈറസ് പടര്‍ന്നുപിടിച്ചെങ്കിലും നിയന്ത്രണ വിധേയമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. 

Content Highlights: covid south korea closed schools after biggest spike in weeks