മനുഷ്യ ഇടപെടൽ ദുരന്തമായി, ജീവജാലങ്ങൾക്ക് നഷ്ടപ്പെട്ടത് 5000 കോടി പരിണാമ വര്‍ഷങ്ങള്‍
by മനോരമ ലേഖകൻമനുഷ്യന്റെ ഇടപെടലുകള്‍ മൂലം ഭൂമിയിലെ ജീവജാലങ്ങളുടെ 5000 കോടി പരിണാമ വര്‍ഷങ്ങള്‍ നഷ്ടമാകുന്നുവെന്ന് പഠനം. ഇത്തരത്തില്‍ മനുഷ്യന്റെ ഇടപെടലില്‍ നശിച്ചുപോകുന്ന ജീവി വര്‍ഗങ്ങള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ നമ്മുടെ പശ്ചിമഘട്ടവുമുണ്ട്. പക്ഷികളും സസ്തനികളും ഉള്‍പ്പടെയുള്ള നട്ടെല്ലുള്ള ജീവികളുടെ പരിണാമ ചരിത്രത്തെക്കുറിച്ച് വിശകലനം നടത്തിയ ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയുടേയും ഇംപീരിയല്‍ കോളജിന്റെയും സംയുക്ത പഠനമാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.
മനുഷ്യന്റെ ഇടപെടലുകള്‍ മൂലം ലോകത്തെ ആയിരക്കണക്കിന് ജീവി വര്‍ഗങ്ങളാണ് ഭീഷണി നേരിടുന്നത്. ഈ ജീവികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഭക്ഷ്യ ശൃംഖലയിലെ മറ്റു ജീവികളേയും നേരിട്ട് ബാധിക്കാറുണ്ട്. ഓരോ ജീവികളുടേയും നിലനില്‍പ്പിന് സംഭവിക്കുന്ന ഭീഷണികള്‍ ഫലത്തില്‍ ഒരുകൂട്ടം ജീവിവര്‍ഗങ്ങളെയും അവയുടെ പരിണാമ സാധ്യതകളെയുമാണ് ഇല്ലാതാക്കുന്നതെന്ന് പഠനം പറയുന്നു.
ഇത്തരത്തില്‍ മനുഷ്യന്റെ ഇടപെടല്‍ മൂലം ഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവിവര്‍ഗങ്ങള്‍ക്ക് ആകെ 5000 കോടി പരിണാമ വര്‍ഷങ്ങള്‍ നഷ്ടമായെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇത് പ്രപഞ്ചത്തിന്റെ കണക്കാക്കിയിട്ടുള്ള ആയുസിന്റെ നാല് മടങ്ങിലേറെ വരും.
നമ്മുടെ പശ്ചിമഘട്ടത്തിന് പുറമേ കരീബിയന്‍ മേഖല, തെക്കു കിഴക്കേ ഏഷ്യയിലെ പല ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മനുഷ്യ ഇടപെടല്‍ മൂലം ജീവികള്‍ക്ക് ഏറ്റവും നാശം നേരിടേണ്ടി വരുന്നത്. ഈ വിപത്തിനെതിരെ മാനവരാശി ഒന്നിച്ചില്ലെങ്കില്‍ ഭൂമിയിലെ ജീവിവര്‍ഗങ്ങള്‍ക്ക് കണക്കുകൂട്ടാനാകാത്ത നഷ്ടമാകും സംഭവിക്കുകയെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. റിക്കി ഗംബ്‌സ് പറയുന്നത്.
പല്ലി വര്‍ഗങ്ങളുടെ മാത്രം 1300 കോടി വര്‍ഷങ്ങളുടെ പരിണാമമാണ് മനുഷ്യന്‍ ഇല്ലാതാക്കിയത്. ഇതുമാത്രം ഏതാണ്ട് പ്രപഞ്ചത്തിന്റെ പ്രായത്തോളം വരും. വംശനാശ ഭീഷണിയിലായതും വംശനാശം സംഭവിച്ചതുമായ ഏതാണ്ട് കാല്‍ ലക്ഷത്തോളം ജീവിവര്‍ഗങ്ങളുടെ പരിണാമചരിത്രം വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
ഭക്ഷ്യ ശൃംഖലയിലെ ഇടക്കുള്ള കണ്ണികളും അവസാന കണ്ണികളും നഷ്ടമാകുന്നുണ്ട്. ചൈനീസ് ചീങ്കണ്ണി പല്ലിയേയും ആഫ്രിക്കയിലെ തണ്ണീര്‍ തടങ്ങളില്‍ കണ്ടുവരുന്ന ഷോബില്‍ എന്ന് വിളിക്കുന്ന വലിയ പക്ഷികളും ഭീഷണി നേരിടുന്ന ഭക്ഷ്യ ശൃംഖലയിലെ അവസാന കണ്ണികളാണ്. പരിണാമ ശാഖകളിലെ അവസാന കണ്ണികളുടെ നാശത്തോടെ ഒരു പരിണാമ ശൃംഖലക്കുള്ള സാധ്യതകൂടിയാണ് ഇല്ലാതാകുന്നതെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു.
കാലില്ലാത്ത പല്ലികളും കുഞ്ഞന്‍ പാമ്പുകളും പിങ്ക് നിറമുള്ള വിരകളും തുടങ്ങി നമുക്ക് ഏറെയൊന്നും അറിവില്ലാത്ത പല ജീവികളും നിശബ്ദമായി മനുഷ്യ ഇടപെടലില്‍ നശിച്ചുപോകുന്നുണ്ട്. നശിച്ചുപോകുന്ന ഇത്തരം ജീവികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ആഗോള സമൂഹത്തിനുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. നേച്ചുര്‍ കമ്മ്യൂണിക്കേഷന്‍സിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: Human destruction could wipe out the equivalent of 50BILLION years' worth of evolution