https://www.deshabhimani.com/images/news/large/2020/05/untitled-1-8702391.jpg

ജോർജ്‌ ഫ്ലോയിഡ്‌ കൊലപാതകം; പ്രതിഷേധ കടലായി അമേരിക്കൻ തെരുവുകൾ, ട്രംപിന്‌ ട്വിറ്ററിന്റെ മുന്നറിയിപ്പ്‌

by

വാഷിങ്‌ടൺ > അമേരിക്കയിൽ മിനിയപൊളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡെന്ന യുവാവിനെ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കയിലെ ഓരോ നഗരത്തിലും ജോർജ് ഫ്ലോയിഡിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. പ്രക്ഷോഭകാരികൾക്ക് നേരെ വെടിവെക്കുന്നതിൽ പ്രശ്‌നമില്ലെന്ന് പറഞ്ഞുകൊണ്ടുള്ള അമേരിക്കൻ പ്രസിഡൻ്റും തീവ്രവലതുപക്ഷവാദിയുമായ ട്രമ്പിൻ്റെ പ്രതികരണത്തിന് ട്വിറ്റർ "വാണിങ്ങ് ലേബൽ" നൽകി. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന്‌ അമേരിക്കൻ കമ്യൂണിസ്‌റ്റ്‌ പാർട്ടി ആവശ്യപ്പെട്ടു.

https://www.deshabhimani.com/images/inlinepics/dd(5).jpg

മിനിയപൊളിസിലും സമീപ പ്രദേശങ്ങളിലും നൂറുകണക്കിനാളുകൾ പ്രതിഷേധിച്ചു. പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകൊണ്ട് വെടിവച്ചുമാണ്‌ പ്രതിഷേധക്കാരെ നേരിട്ടത്. ഇന്നലെയും പ്രതിഷേധം ശക്തമായി തുടരുകയാണ്. നഗരവീഥികളെല്ലാം തന്നെ പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ നിലവിളി കറുത്തവർഗക്കാരുടെ പുതിയ മുദ്രാവാക്യമായി മാറിയിരിക്കുകയാണ്. കാലിഫോർണിയയിൽ ഉൾപ്പെടെ അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ #icantbreathe #JusticeForFloyd #BlackLivesMatters #GeorgeFloyd എന്നീ ഹാഷ്‌ടാഗുകൾ വൈറലായി കഴിഞ്ഞു. ചുമരുകളിലും റോഡരികുകളിലും ജോർജ് ഫ്ലോയിഡിൻ്റെ ചിത്രങ്ങൾ ഉയരുകയാണ്‌. ലേഡി ഗാഗ, ഡ്വെയിൻ ജോൺസൺ (ദി റോക്ക്), ബാസ്ക്കറ്റ് ബോൾ താരം കിങ്ങ് ജെയിംസ് തുടങ്ങിയ പ്രമുഖർ പ്രതികരണങ്ങളുമായെത്തി.

കൊലപാതകിയായ പൊലീസുകാരൻ്റെ വീടിനുമുന്നിൽ "കൊലപാതകി ഇവിടെ ജീവിക്കുന്നു" എന്ന്‌ പ്രക്ഷോഭകാരികൾ എഴുതിവച്ചു. കൊലപാതികളെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ജഡ്‌ജിയുടെ വീടിന് മുന്നിലും പ്രതിഷേധം നടന്നിരിക്കുന്നു. മിനിപ്പോളിസിനൊപ്പം ന്യൂയോർക്കിലും ഫ്ലോറിഡയിലും മാൻഹാട്ടണിലും ഫോണ്ടാനയിലും ഡൗൺടൗണിലും ഡെൻവറിലുമെല്ലാം പ്രതിഷേധം നടക്കുന്നുണ്ട്‌.

https://www.deshabhimani.com/images/inlinepics/Untitled-1(223).jpg

കഴുത്ത് ഞെരിച്ച ഡെറക് ചോവിനെയും ഒപ്പമുണ്ടായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. പലചരക്കുകടയിലെ തട്ടിപ്പ് അന്വേഷിക്കാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സംശയകരമായ സാഹചര്യത്തില്‍ കണ്ട ജോര്‍ജ് ഫ്ലോയ്ഡിനെ മര്‍ദിച്ചത്. ശ്വാസം മുട്ടുന്നതായി ജോര്‍ജ് നിലവിളിച്ചിട്ടുപോലും പൊലീസുകാരന്‍ കാല്‍മുട്ട് മാറ്റിയില്ല.