കോവിഡ് 19: കേരളത്തില്‍ സമൂഹവ്യാപനമില്ല; കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ധിച്ചാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ പോരാതെ വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

https://www.mathrubhumi.com/polopoly_fs/1.4627793.1589958254!/image/image.jpg_gen/derivatives/landscape_894_577/image.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19-ന്റെ സമൂഹവ്യാപനമില്ലെന്ന് കണക്കുകള്‍ നിരത്തി വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സംസ്ഥാനത്തുള്ള 557 ആക്ടീവ് കേസുകളില്‍ 45 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുള്ളത്. 

സമൂഹവ്യാപന സാധ്യത കണ്ടെത്തുന്നതിനുള്ള സെന്റിനല്‍ സര്‍വയലന്‍സില്‍ നാലു പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഓഗ്മെന്റഡ് പരിശോധനയില്‍ നാല് പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. പ്രവാസികള്‍ക്കിടയില്‍ നടത്തിയ പൂള്‍ പരിശോധനയില്‍ 29 പേര്‍ക്കാണ് ഫലം പോസിറ്റീവായത്. ഈ കണക്കുകള്‍വച്ചാണ് സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് പറയാന്‍ കഴിയുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച റിപ്പോര്‍ട്ടുചെയ്ത 53 കേസുകളില്‍ അഞ്ചു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലെ കണക്ക് ഇപ്രകാരമാണ്: തിങ്കള്‍ - 49(6), ചൊവ്വ  - 67(7), ബുധന്‍  - 40 (3), വ്യാഴം -62 (1), വെള്ളി - 84 (5). ഈയാഴ്ച ഇതുവരെ റിപ്പോര്‍ട്ടു ചെയ്ത 355 കേസുകളില്‍ 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ. മെയ് 10 മുതല്‍ 23 വരെയുള്ള കണക്ക് നോക്കിയാല്‍ 288 പുതിയ കേസുകളില്‍ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. മെയ് 10 മുതല്‍ ആകെയുള്ള 644 കേസുകളില്‍ 65 എണ്ണത്തിലാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ. 10.09 ശതമാനമാണിത്. 

സമൂഹ വ്യാപന സാധ്യത മനസിലാക്കുന്നതിനായി 3128 സാമ്പിളുകള്‍ ഒറ്റ ദിവസം പരിശോധിച്ചു. ഇതുകൂടാതെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങളുമായി ഇടപഴകുന്ന ഭക്ഷണ വിതരണ പ്രവര്‍ത്തനം നടത്തുന്നവര്‍, സമൂഹ അടുക്കളകളിലെ ജീവനക്കാര്‍, പോലീസുകാര്‍, അംഗണവാടികളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, റേഷന്‍ കടകളിലെ ജീവനക്കാര്‍, പഴം - പച്ചക്കറി കച്ചവടക്കാര്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ട്രക്ക് ഡ്രൈവര്‍മാരുമായി ഇടപഴകേണ്ടി വരുന്ന ചുമട്ടു തൊഴിലാളികള്‍, കച്ചവടക്കാര്‍, വെയര്‍ഹൗസ് ജീവനക്കാര്‍, ഇടത്താവളങ്ങളിലെ കച്ചവടക്കാര്‍, അതിഥി തൊഴിലാളികള്‍, രോഗ ലക്ഷണമില്ലാത്ത പ്രവാസികള്‍, രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം യാത്ര ചെയ്തവര്‍, സംസ്ഥാനത്തിന് പുറത്തുള്ള റെഡ് സോണുകളില്‍നിന്ന് മടങ്ങിയെത്തിയവര്‍ എന്നിവരുടെയെല്ലാം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചു. 

സംസ്ഥാനത്തെ 28 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രികളില്‍ രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിരുന്നവരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് 19 രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണ് ഇവര്‍ എല്ലാവരും. കൃത്യമായ നിരീക്ഷണം, പരിശോധന, മാര്‍ഗനിര്‍ദ്ദേശം, ആരോഗ്യ സംവിധാനത്തിലെ മികവ് എന്നിവയിലൂടെയാണ് രോഗലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ പോലും രോഗബാധ കണ്ടെത്തി ചികിത്സ നല്‍കാന്‍ കഴിഞ്ഞത്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ധിച്ചാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ പോരാതെ വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Content Highlights: COVID 19: no comminity spread in Kerala - CM Pinarayi Vijayan