റെയില്‍വേ ഓടിക്കുന്നത് ശ്രമിക് ട്രെയിനല്ല 'കൊറോണ എക്‌സ്പ്രസ്'- മമത ബാനര്‍ജി

https://www.mathrubhumi.com/polopoly_fs/1.2908899.1590036324!/image/image.jpg_gen/derivatives/landscape_894_577/image.jpg
File Photo/ PTI

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം റെയില്‍വേയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. റെയില്‍വേ ഓടിക്കുന്നത് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളെല്ലെന്നും 'കൊറോണ എക്‌സ്പ്രസ് ട്രെയിനുകള്‍' ആണെന്നും മമത പറഞ്ഞു. 

ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളുടെ പേരില്‍ റെയില്‍വേ കൊറോണ എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുന്നുവെന്ന് മമതാ ബാനര്‍ജി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ആയിരക്കണക്കിന് തൊഴിലാളികളെ ഒരു ട്രെയിനില്‍ അയക്കുകയാണെന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.

'ഒരു ട്രെയിനില്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ റെയില്‍വേ അയയ്ക്കുന്നു, എന്തുകൊണ്ടാണ് കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാത്തത്.'- മമതയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

രണ്ട് മാസത്തിനുള്ളില്‍ കോവിഡ് ‌വ്യാപനം നിയന്ത്രിക്കുന്നതില്‍ പശ്ചിമ ബംഗാള്‍ വിജയിച്ചുവെന്നും പുറത്തുനിന്നുള്ള ആളുകള്‍ വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കേസുകള്‍ വര്‍ദ്ധിക്കുന്നതെന്നും മമതാ ബാനര്‍ജി നേരത്തെ  ആരോപിച്ചിരുന്നു.

Content Highlights: Railways running Corona Express trains, not Shramik Specials: CM Mamata Banerjee