https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/29/pinarayi-vijayan-press-meet-kerala.jpg
മുഖ്യമന്ത്രി പിണറായി വിജയൻ

‘കോവിഡിൽ രാജ്യങ്ങളുടെ ശ്രമം ദക്ഷിണ കൊറിയയുടെ ഒപ്പമെത്താൻ; കേരളം നേടി’

by

തിരുവനന്തപുരം∙ കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാനത്തിന്റെ നേട്ടം ലോകോത്തരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ തന്നെ മികച്ച നിരക്കാണ് രോഗനിയന്ത്രണത്തിൽ കേരളം കൈവരിച്ചത്. 100 പേരെ പരിശോധിക്കുമ്പോൾ 1.7 ആളുകൾക്കാണ് പോസിറ്റീവ് ആകുന്നത്. അതായത് 1.7 ശതമാനം. രാജ്യത്ത് ഇത് 5 ശതമാനമാണ്.

ദക്ഷിണ കൊറിയ കൈവരിച്ചതുപോലെ ഇത് 2 ശതമാനത്തിൽ താഴെയെത്തിക്കാനാണ് ലോകരാജ്യങ്ങളുടെ ശ്രമം. കേരളം നിലവിൽ ഇതു കൈവരിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് കേസ് ഫെറ്റാലിറ്റി റേറ്റ് 0.5 ശതമാനമാണ്. സിഎഫ്ആറും ടിപിആറും ഉയർന്ന നിരക്കിൽ ആകുന്നതിന് അർഥം ആവശ്യത്തിന് പരിശോധന ഇല്ലെന്നാണ്. ഇവിടെ നേരേ മറിച്ചാണ്.

മെച്ചപ്പെട്ട പ്രതിരോധ സംവിധാനം, കാര്യക്ഷമമായ കോൺടാക്ട് ട്രേസിങ്, ശാസ്ത്രീയമായ ക്വാറന്റീൻ എന്നിവയൊക്കെയാണ് ഈ നേട്ടത്തിന് ആധാരം. ഇതുവരെ എല്ലായിനത്തിലുമായി 80091 ടെസ്റ്റുകൾ നടക്കി. പരിശോധന എണ്ണത്തിലും മുന്നേറി. പത്തു ലക്ഷത്തിന് 2335 എന്നതാണ് കണക്ക്. 71 ടെസ്റ്റ് നടത്തുമ്പോഴാണ് ഒരാളെ പോസിറ്റീവ് ആയി കണ്ടെത്തുന്നത്.

രാജ്യത്തിന്റെ ശരാശരി നോക്കിയാൽ ഇത് 23 ന് ഒന്ന് എന്ന നിലയിലാണ്. ഐസിഎംആർ നിർദേശം അനുസരിച്ച് പരിശോധന വേണ്ടവരെയെല്ലാം കേരളത്തിൽ‌ പരിശോധിക്കുന്നുണ്ട്. അതിനായി കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ രോഗികളുടെ എണ്ണത്തിലുള്ള വർധനവിൽ ആശങ്കപ്പെടേണ്ടതില്ല. ലോക്ഡൗണിൽ ഇളവു നൽകുമ്പോൾ ഇതുണ്ടാവുമെന്നു പ്രതീക്ഷിച്ചതാണ്.

കോവിഡ് മാനേജ്മെന്റിന് മാത്രമായി മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന ഇതുവരെ 620.71 കോടി രൂപ ലഭ്യമാക്കി. അതില്‍ 227.35 കോടി ചെലവാക്കി. സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ 12191 ഐസലേഷൻ കിടക്കകൾ സജ്ജമാണ്. അതിൽ ഇപ്പോൾ 1080 പേരാണ് ഉള്ളത്.

1296 സർക്കാർ ആശുപത്രികളിൽ‌ 49702 കിടക്കകൾ, 1369 ഐസിയു, 1045 വെന്റിലേറ്റർ എന്നിവയുണ്ട്. സ്വകാര്യ മേഖലയിൽ 866 ആശുപത്രികളിലായി 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളും ഉണ്ട്. 851 കൊറോണ കെയർ സെന്ററുകളാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇപ്പോൾ രോഗികൾ വർധിക്കുന്നു എന്നതിൽ പരിഭ്രമം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Kerala Model is a huge success to contain COVID-19, Says Kerala CM