വി.സിമാരുടേയും ആര്‍.ടി.ഒയുടേയും ഒപ്പ്, വ്യാജസർട്ടിഫിക്കറ്റ്്; രണ്ടു പേർ അറസ്റ്റിൽ
by സ്വന്തം ലേഖകൻഏഴാംക്ലാസ് വിദ്യാഭ്യസമുള്ളയാള്‍ നിര്‍മിക്കുന്നത് സര്‍വകലാശാല വി.സിമാരുടേയും ആര്‍.ടി.ഒയുടേയും ഒപ്പു സഹിതമുളള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍. മലപ്പുറം കോട്ടപ്പടയിലെ പ്രിന്റിങ് സ്ഥാപനത്തിന്റെ മറവില്‍ വ്യാജരേഖകള്‍ നിര്‍മിക്കുന്ന മൊയ്തീന്‍ കുട്ടിയും പെരിന്തല്‍മണ്ണ സ്വദേശി ഷിഹാബുദ്ദീനുമാണ് അറസ്റ്റിലായത്.
ഏഴാം ക്ലാസു വരേയാണ് പഠിച്ചതെങ്കിലും ആരുടേയും വ്യാജ ഒപ്പിടാനും ഒറിജനിലെ വെല്ലുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാനും വിദഗ്ധനാണ് മലപ്പുറം പൊന്‍മള സ്വദേശിയായ മൊയ്തീന്‍കുട്ടി. കോട്ടപ്പടിയിലെ പ്രിന്റെക്സ് എന്ന സ്ഥാപനത്തില്‍ വച്ചാണ് വ്യാജ രേഖകള്‍ തയാറാക്കിയിരുന്നത്. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ആര്‍.സി അടക്കമുളള സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. വ്യാജ സീലുകള്‍ക്കൊപ്പം കംപ്യൂട്ടറുകളും പിന്‍ററുകളും ലാമിനേഷന്‍ യന്ത്രവും സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്യുന്ന പേപ്പറുകളും പിടിച്ചെടുത്തു. രണ്ടാംപ്രതി പെരിന്തല്‍മണ്ണ പട്ടിക്കാട് മുളളിയാര്‍ക്കുറിശി ഷിഹാബുദ്ദീന്‍ അറസ്റ്റിലാവുബോള്‍ വ്യാജമായി നിര്‍മിച്ച വിവാഹ സര്‍ട്ടിഫിക്കറ്റും കയ്യിലുണ്ടായിരുന്നു.
രാജ്യത്ത്് അറിയപ്പെടുന്ന പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവെന്ന വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റിന് 10000 മുതല്‍ 25000 രൂപ ഈടാക്കിയിരുന്നു. വിദേശത്തേക്ക് റിക്രൂട്ടിങ് നടത്തുന്ന ചില സ്ഥാപനങ്ങള്‍ പ്രതികളില്‍ നിന്ന് പതിവായി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതായും വിവരമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഒട്ടേറെ തട്ടിപ്പു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. പ്രധാനപ്രതി മൊയ്തീന്‍കുട്ടിക്കെതിരെ മലപ്പുറം ,താനൂർ,പെരിന്തൽമണ്ണ ,നിലമ്പൂർ ,മണ്ണാർക്കാട് ,നെൻമാറ ,പൊന്നാനി,മഞ്ചേരി ,കോഴിക്കോട് നല്ലളം,എറണാകുളം പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകൾ നിലവിലുണ്ട്.