സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്: 10 പേര്‍ക്ക് രോഗമുക്തി, ഹോട്ട്‌സ്‌പോട്ടുകള്‍ 100 കവിഞ്ഞു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399434/CM%201.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പത്തു പേരാണ് രോഗമുക്തരായത്. വിദേശത്തു നിന്ന് എത്തിയ 33 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 23 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പാലക്കാട് 14, കണ്ണുര്‍ 7,തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍കോട് 4,എറണാകുളം 4, ആലപ്പുഴ 3,വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലുടെയാണ് രോഗം പകര്‍ന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാള്‍ ഹെല്‍ത്ത് വര്‍ക്കറാണ്. ജയിലില്‍ രണ്ട് പേര്‍ക്കും, എയര്‍ ഇന്ത്യയൂടെ ക്യാബിന്‍ ക്രൂവില്‍ രണ്ട് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 23 പേരില്‍ 10 പേര്‍ വീതം തമിഴ്‌നാട്ടില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ് എത്തിയത്. കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് എത്തിയത്. രോഗമുക്തി നേടിയവരില്‍ അഞ്ച് പേര്‍ വയനാട്ടില്‍ നിന്നുള്ളവരാണ്. കണ്ണൂര്‍, മലപ്പുറം, കാസറകോട് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും രോഗമുക്തി നേടി.

ഇതോടെ സംസ്ഥാനത്ത് 1150 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 577 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ 124167 പേര്‍ നിരീക്ഷണത്തിലാണ്. 1,02,387 പേര്‍ വീടുകളിലും 1080 പേര്‍ ആശുപത്രികളിലുമാണ്. 231 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ പരിശോധിച്ച 62746 സാമ്പിളുകളില്‍ 60448 എണ്ണം രോഗ ബാധയില്ലെന്ന് ഉറപ്പാക്കി. സംസ്ഥാനത്ത് ഇന്ന് പുതിയതായി 22 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടിയായി. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 101 ആയി.