സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി

https://www.mathrubhumi.com/polopoly_fs/1.4770424.1589887411!/image/image.JPG_gen/derivatives/landscape_894_577/image.JPG

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. 10 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി. 

രോഗബാധിതരിൽ 33 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 23 പേരും. സമ്പര്‍ക്കത്തിലൂടെ ഒരാളും രോഗബാധിതരായി.

പാലക്കാട്-14, കണ്ണൂര്‍- 7, തൃശ്ശൂര്‍- 6, പത്തനംതിട്ട- 6, തിരുവനന്തപുരം-5, മലപ്പുറം- 5, എറണാകുളം- 4, കാസര്‍കോട്- 4, ആലപ്പുഴ- 3, കൊല്ലം- 2, വയനാട്- 2, കോഴിക്കോട്- 1, ഇടുക്കി-1,  കോട്ടയം-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

തമിഴ്‌നാട്-10, മഹാരാഷ്ട്ര -10, കര്‍ണാടക-1, ഡല്‍ഹി-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനത്തു നിന്നെത്തിയവരുടെ വിവരം. തിരുവനന്തപുരം സബ്ജയിലില്‍ കഴിയുന്ന രണ്ട് റിമാന്‍ഡ് തടവുകാര്‍ക്കും ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കും എയര്‍ ഇന്ത്യയുടെ കാബിന്‍ ക്രൂവിലെ രണ്ടു പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

വയനാട് 5, കോഴിക്കോട്-2, കണ്ണൂര്‍-1 മലപ്പുറം-1 കാസര്‍കോട് -1  എന്നിങ്ങനെയാണ് ഇന്ന് രോഗവിമുക്തരായവരുടെ കണക്ക് . ഇതോടെ സംസ്ഥാനത്തെ  ആകെ കോവിഡ് രോഗികളുടെ എണ്ണം 1150 ആയി വര്‍ധിച്ചു. 577 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 

1,24,167 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,23,087 പേര്‍ വീടുകളിലോ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലോ ആണ്.1080 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 62746 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 11,468 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 10,635 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ 101 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഇന്ന് 22 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തി.

സംസ്ഥാനത്ത് പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതുകൊണ്ട് വല്ലാതെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുമ്പോള്‍ ഇത് ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചതാണ്. അതനുസരിച്ചാണ് പ്രതിരോധ പ്ലാന്‍ തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 12,191 ഐസലേഷന്‍ ബഡ്ഡുകള്‍ സജ്ജമാണ്.  ഇപ്പോള്‍ 1080 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 1296 സര്‍ക്കാര്‍ ആശുപത്രികളിലായി 49702 കിടക്കളും 1369 ഐസിയു കിടക്കകളും 1045 വെന്റിലേറ്ററുകളും ഉണ്ട്. സ്വകാര്യ മേഖലയില്‍ 866 ആശുപത്രികളിലായി 81,904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളുമുണ്ട്. 851 കൊറോണ കെയര്‍ സെന്ററുകളും ഉണ്ട്. അതു കൊണ്ട് ഇപ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ട് വല്ലാതെ പരിഭ്രമിക്കേണ്ടതില്ല.

ഐ.സി.എം.ആര്‍ നിഷ്‌കര്‍ഷിക്കുന്നത് അനുസരിച്ചാണ് കേരളത്തില്‍ പരിശോധനകള്‍ നടത്തുന്നത്. കേരളത്തില്‍ 100 ടെസ്റ്റുകള്‍ നടത്തുമ്പോള്‍ 1.7 ആളുകള്‍ക്ക് മാത്രമാണ് കോവിഡ് പോസറ്റീവാകുന്നത്. നമ്മുടെ ടെസ്റ്റ് പോസറ്റീവ് റേറ്റ് 1.7 ശതമാനമാണ്. എന്നാല്‍ രാജ്യത്ത് ഇത് 5 ശതമാനമാണ്. കൊറിയയിലേതു പോലെ രണ്ടു ശതമാനത്തില്‍ താഴെയാക്കാനാണ് ലോകരാജ്യങ്ങളെല്ലാം ശ്രമിക്കുന്നത്. കേരളം ആ നിലവാരം കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

content highlights: 62 covid positive case reported in kerala