ഫീവര്‍ പ്രോട്ടോകോള്‍ പുതുക്കും, പകര്‍ച്ചാവ്യാധികളുടെ കാര്യത്തില്‍ കരുതല്‍ വേണം: മുഖ്യമന്ത്രി

https://www.mathrubhumi.com/polopoly_fs/1.4279709.1573733085!/image/image.jpg_gen/derivatives/landscape_894_577/image.jpg

തിരുവനന്തപുരം: പനി പ്രധാന ലക്ഷണമായുള്ള രോഗങ്ങളുടെ പട്ടികയില്‍ കോവിഡ് കൂടി ചേര്‍ത്ത് ഫീവര്‍ പ്രോട്ടോകോള്‍ പുതുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കാല പകര്‍ച്ചാവ്യാധികളുടെ നിയന്ത്രണത്തിന് കോവിഡ് കാലത്ത് കൂടുതല്‍ പ്രാധാന്യം വന്നിട്ടുണ്ട്. പനി പ്രധാന രോഗലക്ഷണമായിട്ടുള്ള ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1 എന്നീ പകര്‍ച്ചാവ്യാധികളുടെ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

ഡെങ്കിപ്പനി, ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് കൊതുക് വളരുന്നത്. വീട്ടിലും ചുറ്റുപാടുമുള്ള കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി കളയാനായി ഡ്രൈ ഡേ ഇടക്കിടെ ആചരിക്കേണ്ടതാണ്. ശുചീകരണ ദിനമായി ആചരിക്കുന്ന ഞായറാഴ്ച ഇക്കാര്യത്തില്‍ പൂര്‍ണമായ ശ്രദ്ധയുണ്ടാകണം. ടെറസ്, പൂച്ചെട്ടികള്‍, വീടിന് ചുറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടുള്ള ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിലെ േ്രട ഇവയിലെ വെള്ളം ഇടക്കിടെ നീക്കം ചെയ്യേണ്ടതാണ്. 

റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടയിലെ വെള്ളം ഒഴിച്ച് കളഞ്ഞ് കമിഴ്്ത്തിവെക്കണം. വൈകുന്നേരം മുതല്‍ രാവിലെ വരെ വാതിലുകളും ജനലുകളും അടച്ചിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് വൈകുന്നേരം നാല് മുതല്‍ സന്ധ്യകഴിയുന്ന സമയം വരെ. കോവിഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു. 

വീട്ടില്‍ കഴിയുന്നവര്‍ ശരീരങ്ങള്‍ മൂടിവെക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. കൊതുക് വല ഉപയോഗിക്കുന്നത് നല്ലതാണ്. 

ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും നടത്തിവരുന്ന ഫോഗിങ് പ്രത്യേകിച്ച് രോഗം കണ്ടെത്തിയവരുടെ വീട്ടില്‍ നിര്‍ബന്ധമായും നടത്തണം. 

എലിപ്പനി എന്നാണ് വിളിക്കാറുള്ളതെങ്കിലും ലെപ്‌റ്റോസ്‌പൈറോസിസ് എന്ന രോഗം കന്നുകാലികളുടേയും പട്ടികളുടേയും പന്നികളുടേയും മൂത്രത്തിലൂടെയും വ്യാപിക്കും. തൊഴുത്തുകള്‍, പന്നിഫാമുകള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കണം. അവയെ പരിപാലിക്കുമ്പോള്‍ ഗണ്‍ബൂട്ടുകളും കൈയുറകളും ധരിക്കണം. കന്നുകാലികളെ മഴക്കാലം കഴിഞ്ഞാല്‍ ഉടന്‍ തന്നെ വയലില്‍ മേയാന്‍ വിടരുത്. തെരുവ് നായ്ക്കളെ അലഞ്ഞ് നടക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: covid 19 Fever protocol will renew says CM