കണ്ണൂരില്‍ സമ്പര്‍ക്ക രോഗവ്യാപനം കൂടുതല്‍; ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍- മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ സമ്പര്‍ക്കം മൂലം കോവിഡ് ബാധിക്കുന്നതിന്റെ തോത് കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇടങ്ങളില്‍ ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് 10 ശതമാനമാണ്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ അത് 20 ശതമാനമാണ്. ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണ്. കണ്ണൂരില്‍ കൂടുതല്‍ കര്‍ക്കശ നിലപാടിലേയ്ക്ക് പോകേണ്ടിവരുമെന്നും മുഖ്യന്ത്രി പറഞ്ഞു.
മാര്‍ക്കറ്റ് അടക്കമുള്ള സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് സാധ്യതയുള്ള ഇടങ്ങളാണ്. അതിനനുസരിച്ചുള്ള നടപടികള്‍ ഉണ്ടാകും. രോഗബാധ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: CM Pinarayi Vijayan press meet on covid 19 kerala, coronavirus