ഗള്‍ഫില്‍ മലയാളികളുടെ കൊവിഡ് മരണം നൂറ്റിയമ്പതില്‍ : ആകെ മരണസംഖ്യ ആയിരത്തിലേക്ക് ; രോഗമുക്തി നേടുന്നവരും കൂടി, ഇളവുകളിലും പ്രതിരോധ നടപടികള്‍ ശക്തം
by Elvis Chummarദുബായ് : ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ആകെ മരിച്ച മലയാളികളുടെ എണ്ണം 150 ആയി ഉയര്‍ന്നു. യു.എ.ഇയിലും സൗദിയിലുമായി വെള്ളിയാഴ്ച അഞ്ചു മലയാളികള്‍ മരിച്ചതോടെയാണ് സംഖ്യ ഉയര്‍ന്നത്. അതേസമയം, ഗള്‍ഫിലെ ആകെ മരണസംഖ്യ ആയിരത്തിലേക്ക് അടുത്തു.
ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ആകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷം, പിന്നിട്ടതോടെ, ആശങ്ക ശക്തമാണ്. ചില രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയെങ്കിലും, പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ഒമാനില്‍ വെളളിയാഴ്ച 811 പുതിയ രോഗികളെ സ്ഥിരീകരിച്ചു. ഇതോടെ, ഒമാനിലെ ആകെ രോഗികള്‍ പതിനായിരത്തിലേക്ക് കടക്കുകയാണ്.
കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍, നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തയാറെടുപ്പിലാണ്. ഓരോ ദിവസവും അയ്യായ്യിരത്തില്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോള്‍, നാലായിരത്തിലേറെ പേര്‍ക്ക് രോഗവിമുക്തിയും ലഭിക്കുന്നുണ്ട്. നിലവില്‍, ഒരു ലക്ഷത്തില്‍ അധികം പേര്‍ക്ക് , കൊവിഡ് പോസറ്റീവ് ആക്ടീവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, രോഗം ഭേദപ്പെട്ടവരുടെ ആകെഎണ്ണം ഒരു ലക്ഷം കടന്നു.
അതേസമയം, കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ സ്വദേശി ഷാനിദ് , തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി കൊരമുട്ടിപ്പറമ്പില്‍ ബഷീര്‍, മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുളളിയില്‍ ഉമര്‍ എന്നിവരാണ് സൗദിയില്‍ വെള്ളിയാഴ്ച മരിച്ചത്. മലപ്പുറം തിരൂര്‍ സ്വദേശി കൊടാലില്‍ അബ്ദുല്‍ കരീം, എടപ്പാള്‍ സ്വദേശി കുണ്ടുപറമ്പില്‍ മൊയ്തുട്ടി എന്നിവര്‍ യു.എ.ഇയിലും മരിച്ചു. ഗള്‍ഫില്‍ കൊവിഡ് മൂലം ഇന്നലെയും നാല് മലയാളികള്‍ മരിച്ചിരുന്നു. യു.എ.ഇയിലായിരുന്നു ഇതില്‍ രണ്ടു മരണവും സംഭവിച്ചത്.