https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2020/5/29/harmeet-singh-kxip.jpg
കിങ്സ് ഇലവൻ പഞ്ചാബിൽ കളിച്ചിരുന്ന കാലത്ത് ഗില്‍ക്രിസ്റ്റിനും സഹതാരങ്ങൾക്കുമൊപ്പം ഹർമീത് സിങ് (ഫയൽ ചിത്രം)

ഹർമീത് കളിച്ചാൽ ഡെക്കാൻ ജയിക്കുമെന്ന് ഗിൽക്രിസ്റ്റ് വിശ്വസിച്ചു: ആർ.പി. സിങ്

by

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡെക്കാൻ ചാർജേഴ്സിന് കളിച്ചിരുന്ന കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർമീത് സിങ്ങിനോട് ഡെക്കാന്റെ ക്യാപ്റ്റനായിരുന്ന ആദം ഗിൽക്രിസ്റ്റിന് ഉണ്ടായിരുന്ന പ്രത്യേകം ഇഷ്ടം വെളിപ്പെടുത്തി അന്ന് ടീമംഗമായിരുന്ന ആർ.പി. സിങ്. ഇടംകയ്യൻ പേസ് ബോളറായിരുന്ന ഹർമീത് സിങ് ടീമിലുണ്ടെങ്കിൽ ജയം ഉറപ്പാണെന്ന് ഗിൽക്രിസ്റ്റ് കരുതിയിരുന്നതായി ആർ.പി. സിങ് വിശദീകരിച്ചു. ഏഴു മത്സരങ്ങളിൽനിന്ന് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോഴും ഹർമീത് സിങ്ങെന്ന ‘ഭാഗ്യചിഹ്ന’ത്തെ ടീമിൽ ഉൾപ്പെടുത്താൻ ഗിൽക്രിസ്റ്റ് ശ്രമിച്ചിരുന്നുവെന്നാണ് ആർ.പി. സിങ്ങിന്റെ വെളിപ്പെടുത്തൽ.

‘ഹർമീത് സിങ്ങിന്റെ കാര്യത്തിൽ അന്നത്തെ ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റിന് ചില അന്ധവിശ്വാസങ്ങളുണ്ടായിരുന്നു. ഹർമീത് ഡെക്കാൻ ചാർജേഴ്സിന്റെ ഭാഗ്യചിഹ്നമാണെന്നാണ് ഗിൽക്രിസ്റ്റ് വിശ്വസിച്ചിരുന്നത്. ഹർമീത് ടീമിലുണ്ടെങ്കിൽ ജയം സുനിശ്ചിതമാണെന്ന് ഗിൽക്രിസ്റ്റ് വിശ്വസിച്ചിരുന്നു’ – ആർ.പി. സിങ് വെളിപ്പെടുത്തി. 2009ൽ ഡെക്കാൻ ചാർജേഴ്സ് ഐപിഎൽ കിരീടം ചൂടുമ്പോൾ ഗിൽക്രിസ്റ്റ് നയിച്ച ടീമിൽ അംഗമായിരുന്നു ആർ.പി. സിങ്ങും.

 2009ലെ ഐപിഎൽ സെമിയിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ (ഇപ്പോള്‍ ഡൽഹി ക്യാപിറ്റൽസ്) 35 പന്തിൽ 85 റൺസ് നേടിയിട്ടും ഗിൽക്രിസ്റ്റ് കുപിതനായി ഡ്രസിങ് റൂമിലെത്തിയ സംഭവവും ആർ.പി. സിങ് വിവരിച്ചു.

ഡൽഹി ഉയർത്തിയ 154 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡെക്കാൻ ചാർജേഴ്സിനായി തകർപ്പൻ പ്രകടനമാണ് ഗിൽക്രിസ്റ്റ് പുറത്തെടുത്തത്. 35 പന്തിൽ 85 റൺസെടുത്ത ഗിൽക്രിസ്റ്റ് 10–ാം ഓവറിൽ പുറത്താകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 102 റൺസുമായി കരുത്തുറ്റ നിലയിലായിരുന്നു ഡെക്കാൻ ചാർജേഴ്സ്. എന്നിട്ടും പുറത്തായപ്പോൾ ഗിൽക്രിസ്റ്റ് വൈകാരികമായി പെരുമാറിയതിനെക്കുറിച്ച് ആർ.പി. സിങ്ങിന്റെ വാക്കുകൾ ഇങ്ങനെ:

2009ലെ സെമിഫൈനലിൽ ടീമിനെ വിജയത്തിലെത്തിച്ച ഇന്നിങ്സ് പുറത്തെടുത്തിട്ടും മത്സരത്തിൽ ഔട്ടായി ഡ്രസിങ് റൂമിൽ മടങ്ങിയെത്തിയപ്പോൾ ഗിൽക്രിസ്റ്റ് ആകെ ദേഷ്യത്തിലായിരുന്നു. ഇത്ര മികച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹം എന്തിനാണ് കുപിതനാകുന്നതെന്നായിരുന്നു എന്റെ സംശയം. ഇതു ഞാൻ അദ്ദേഹത്തോടു തന്നെ ചോദിച്ചു. മത്സരം ജയിപ്പിക്കാനാകാത്തതിന്റെ ദേഷ്യമാണെന്നായിരുന്നു മറുപടി. മത്സരങ്ങൾ ഫിനിഷ് ചെയ്യുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും അന്ന് അദ്ദേഹം പറഞ്ഞു’ – ആർ.പി. സിങ് വെളിപ്പെടുത്തി.

∙ ആരാണ് ഹർമീത് സിങ്?

രാജസ്ഥാനിലെ ജോധ്പുരിൽ ജനിച്ച മുപ്പത്തിരണ്ടുകാരനായ ഹർമീത് സിങ് ബൻസാൽ 2009 മുതൽ 2011 വരെ ഡെക്കാൻ ചാർജേഴ്സിൽ അംഗമായിരുന്നു. പിന്നീട് കിങ്സ് ഇലവൻ പ‍ഞ്ചാബിലേക്കു കൂടുമാറി. 2009ൽ ആദം ഗിൽക്രിസ്റ്റിന്റെ നേതൃത്വത്തിൽ ഡെക്കാൻ ചാർജേഴ്സ് കിരീടം ചൂടുമ്പോൾ ടീമിൽ അംഗമായിരുന്നു. സെമിയിലും ഫൈനലിലും ഹർമീതിന്റെ ബോളിങ് പ്രകടനം ടീമിന്റെ കിരീടവിജയത്തിൽ നിർണായകമായി. ഐപിഎല്ലിൽ ഹർമീതിന്റെ ആദ്യ സീസണായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ട്. പിന്നീട് ഗിൽക്രിസ്റ്റിനൊപ്പമാണ് കിങ്സ് ഇലവൻ പഞ്ചാബിലേക്കു പോയത്. അതേസമയം, ആഭ്യന്തര ക്രിക്കറ്റിൽ ഇതുവരെ കളിച്ചത് 11 മത്സരങ്ങൾ മാത്രമാണ്. ലിസ്റ്റ് എയിൽ മൂന്നു മത്സരങ്ങളും. 2011ലാണ് അവസാനമായി ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. ലിസ്റ്റ് എയിൽ 2015ലാണ് അവസാന മത്സരം കളിച്ചത്.

Engish Summary: Adam Gilchrist was superstitious about Harmeet Singh: RP Singh