വീൽച്ചെയറിലും വിശ്രമിക്കാത്ത ജനകീയൻ; 36 കോട്ടകളുടെ ആദ്യ അധിപനായ ജോഗി
by മനോരമ ലേഖകൻ‘കാലുകൾ തളർന്നിരിക്കാം. പക്ഷേ എന്റെ മനസ്സിലെ രാഷ്‌ട്രീയക്കാരൻ തളരില്ല. മനസ്സിനുള്ളിലെ നേതാവിനു വിശ്രമവുമില്ല. വിധിയോടു കീഴടങ്ങാൻ മനസ്സില്ല’– വീൽചെയറിൽ താളം പിടിച്ച് അജിത് ജോഗി പറയും. തൃപ്പൂണിത്തുറ കുരീക്കാട് അഗസ്‌ത്യാശ്രമത്തിൽ പാരമ്പര്യ ചികിത്സയുടെ ത്രില്ലിലായിരുന്നു അപ്പോൾ ജോഗി. 2010 ജനുവരിയിലായിരുന്നു കേരളത്തിലേക്കുള്ള ആ വരവ്. ഔഷധക്കൂട്ടുകളിട്ടു തിളപ്പിച്ച എണ്ണ നിറച്ച കുപ്പികളിലേക്കു നോക്കി ജോഗി ഉറപ്പിച്ചു പറഞ്ഞു: ‘ഇവയുടെ കരുത്തിൽ ഞാൻ വീണ്ടും തിരിച്ചു വരും’. 36 കോട്ടകളുടെ ആദ്യ അധിപനായി (ഛത്തീസ്‌ഗഡ് എന്ന പേരിന്റെ അർഥം), ജനകീയ നേതാവായി മരണം വരെ നാടുവാണു ഈ രാഷ്ട്രീയക്കാരൻ.
തന്റെ ജീവിതം മാറ്റിമറിച്ച അപകടത്തെക്കുറിച്ച് ജോഗി ഓർത്തതിങ്ങനെ: ‘2004 ഏപ്രിലിൽ മഹാസമുന്ദിലെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം രാജിമിൽ നിന്നു ദേവ്‌ഭങ്ങിലേക്കു കാറിൽ സഞ്ചരിക്കുകയായിരുന്നു. കോൺഗ്രസിന്റെ ഛത്തീസ്‌ഗഡ് യൂണിറ്റ് ജനറൽ സെക്രട്ടറി മോത്തിലാൽ സാഹുവും ഡ്രൈവറും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ഞാൻ നല്ല മയക്കത്തിലായിരുന്നു. പുലർച്ചെ മൂന്നരയോടെ ഗാരിയബന്ധിൽ കൂറ്റൻ മരത്തിൽ കാർ ഇടിച്ചായിരുന്നു അപകടം. എന്റെ തലയ്‌ക്കും കാലിനും പരുക്കേറ്റു. നട്ടെല്ലിലെ രണ്ടു കശേരുക്കൾ തകർന്നു. രക്‌തത്തിൽ കുളിച്ചു കിടന്ന എന്നെ, പിന്നാലെ എത്തിയ സുരക്ഷാ ഉദ്യോഗസ്‌ഥരാണ് റായ്‌പുരിലെ മോഡേൺ മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിലെത്തിച്ചത്.
എംആർഐ സ്‌കാനിൽ നട്ടെല്ലിനു കാര്യമായ തകരാറുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റി. ഇരു കാലുകളുടെയും ചലനശേഷി നഷ്‌ടപ്പെട്ടതായും കണ്ടെത്തി. ചികിത്സയുടെ ദിനങ്ങളായിരുന്നു പിന്നീട്. ഇംഗ്ലണ്ടിൽ ഒൻപതു മാസത്തോളം ചികിത്സ. ഫലമില്ലാത്തതിനെ തുടർന്നു നാട്ടിലേക്കു മടങ്ങി. തകർന്ന കശേരുകളെ സ്‌ക്രൂവിന്റെ സഹായത്തോടെ യോജിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഇവനാണ് എന്റെ ഇപ്പോഴത്തെ കൂട്ടുകാരൻ’– വീൽചെയറിനെ നോക്കി ജോഗി പറഞ്ഞു. കാലുകൾ തളർന്നെങ്കിലും ജോഗി കുലുങ്ങിയില്ല. വിവാദ കൊടുങ്കാറ്റുകൾ പലകുറി ആഞ്ഞടിച്ചെങ്കിലും അങ്ങനെ കുലുങ്ങുന്ന ആളല്ല താനെന്നു ഈ രാഷ്ട്രീയക്കാരൻ തെളിയിച്ചു.
അപകടം ജോഗിയെ എന്നെന്നേക്കുമായി വീൽചെയറിലേക്കു തള്ളിയിട്ടു. ലോകത്തിന്റെ പലഭാഗങ്ങളിലും ചികിൽസയ്‌ക്കായി ജോഗിയും കുടുംബവും സഞ്ചരിച്ചു. 2004 ൽ മഹാസമുന്ദിൽ നിന്നു ജയിക്കുമ്പോൾ ജോഗി മുംബൈയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അന്നു തോറ്റത് മധ്യപ്രദേശ് - ഛത്തീസ്‌ഗഡ് രാഷ്‌ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളിലൊരാളായ വി.സി.ശുക്ല. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലം ജോഗിയുടെ ജീവിതത്തിലേക്കു വീണ്ടും മരണത്തിന്റെ നിഴൽ പരത്തി. സക്‌മ ജില്ലയിലെ ധർബയിലുണ്ടായ നക്‌സൽ ആക്രമണത്തിൽ സംസ്ഥാന കോൺഗ്രസിന്റെ മുൻനിര നേതാക്കളെല്ലാം കൊല്ലപ്പെട്ടു. വീണ്ടും കോൺഗ്രസിനെ നയിക്കേണ്ട ചുമതല ജോഗിയിൽ. സ്വന്തം മണ്ഡലമായ മർവാഹിയിൽ വീണ്ടും ജയിച്ചുവെങ്കിലും ഭരണം കോൺഗ്രസിൽ നിന്ന് അകന്നുനിന്നു.
ഭോപാല്‍ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എന്‍ജിനിയറിങ് ബിരുദം. 1970 ല്‍ സിവില്‍ സര്‍വീസ്. റായ്പുര്‍ കലക്ടറായിരിക്കെ രാജീവ് ഗാന്ധിയുമായി സൗഹൃദം. പൈലറ്റായ രാജീവ് വിമാനത്തിൽ റായ്പുരിലെത്തുമ്പോള്‍ കാണാനെത്തും. രാജീവിന്‍റെ കൈപിടിച്ച് രാഷ്ട്രീയത്തിലെത്തി. 1986ല്‍ സിവില്‍ സര്‍വീസ് രാജിവച്ചു, രാജ്യസഭാംഗമായി. രാജീവിന്റെ ഇഷ്‌ടക്കാരനും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള യുവ നേതാവുമെന്ന നിലയിൽ ഡൽഹി രാഷ്‌ട്രീയത്തിൽ വളരെപ്പെട്ടെന്നു താരമായി. 86 മുതൽ 98 വരെ രാജ്യസഭാംഗം. അക്കാലം കോൺഗ്രസ് വക്‌താവായും തിളങ്ങി. ഛത്തീസ്‌ഗഡ് രൂപീകരിച്ചപ്പോൾ ആദ്യ മുഖ്യമന്ത്രിയായി; 2000 മുതൽ 3 വർഷം. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ ജോഗി ഏകാധിപതിയെപ്പോലെയാണ് ഭരണവും പാര്‍ട്ടിയും കൊണ്ടുനടന്നത്.
തുടക്കത്തിൽ പ്രതീക്ഷ നൽകിയ മുഖ്യമന്ത്രി വളരെപ്പെട്ടെന്നു വിവാദങ്ങളുടെ ചുഴിയിൽപ്പെട്ടു. അനധികൃത സ്വത്തുസമ്പാദനം മുതൽ മോഷണവും കൊലപാതകവും വരെ ആരോപണങ്ങളായി. ബിജെപി എംഎൽഎമാരെ വിലയ്‌ക്കു വാങ്ങാൻ ശ്രമിച്ചുവെന്ന പരാതിയെത്തുടർന്ന് 2003 ൽ പാർട്ടി പുറത്താക്കി. തിരിച്ചെടുത്ത് 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടുമൊരവസരം നൽകി. അപ്പോഴായിരുന്നു അപകടം. 2016ൽ മകൻ അമിത്തിനെ സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണു ജോഗി കോൺഗ്രസ് വിട്ടത്. ബിജെപി സ്ഥാനാർഥിയുടെ ജയത്തിനായി കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കാൻ ജോഗിയും മകനും ശ്രമം നടത്തിയെന്ന ഓഡിയോ പുറത്തായതിനെ തുടർന്നായിരുന്നു ഇത്.
കിങ് ആവുക അല്ലെങ്കില്‍ കിങ്മേക്കറാവുക എന്ന ലക്ഷ്യത്തോടെയാണ് അജിത് ജോഗി 2018 ൽ നിയമസഭാ പോരിനിറങ്ങിയത്. ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് എന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കി, മൂന്നാം മുന്നണി സജ്ജമാക്കി. ഭരണത്തുടര്‍ച്ച സ്വപ്നം കണ്ട ബിജെപിയുടെ രമണ്‍ സിങ്ങും ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചത് ജോഗിയുടെ മൂന്നാം ചേരിയിലായിരുന്നു. പ്രതിപക്ഷവോട്ടുകള്‍ ഭിന്നിക്കുമെന്നതുതന്നെ കാരണം. ബിഎസ്പിയും ഇടതുപാര്‍ട്ടികളും ചേരുന്ന ജോഗിയുടെ മുന്നണി ജനവിധിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നായിരുന്നു വിലയിരുത്തല്‍. ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് മുന്നേറ്റമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിനാകും കൂടുതല്‍ നഷ്ടമുണ്ടാകുക എന്നായിരുന്നു കണക്കുകൂട്ടൽ.
ബിജെപിയുടെ ബി ടീമാണ് ജോഗിയെന്നു വിമര്‍ശനമുയർന്നു. ഫലം പുറത്തുവരുന്നതിനു മണിക്കൂറുകൾക്കു മുൻപുവരെ നിർണായക സ്വാധീനമായേക്കുമെന്നു വിലയിരുത്തപ്പെട്ട ജോഗി- മായാവതി സഖ്യത്തിന് അടിപതറി. ആദ്യം മുതൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കായിരുന്നു ജോഗി – മായാവതി സഖ്യത്തിന്റെ രംഗപ്രവേശം. എന്നാൽ ബിജെപിയെ അട്ടിമറിച്ച് കോൺഗ്രസ് അധികാരത്തിലെത്തി. ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായി. ഛത്തീസ്‌ഗഡ് സർക്കാർ നിയോഗിച്ച ഉന്നതതല സമിതി പട്ടിക വർഗക്കാരനല്ലെന്നു (എസ്‌ടി) കണ്ടെത്തിയതിനെത്തുടർന്നു ജോഗിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതു കഴിഞ്ഞ വർഷമാണ്. ജാതി സംബന്ധിച്ചു 2001ൽ ബിജെപിയാണ് പരാതി ഉന്നയിച്ചത്. പിന്നീടത് കോൺഗ്രസ് ഏറ്റുപിടിക്കുകയും ചെയ്തു.
English Summary: Ajit Jogi; The first ruler of 36 forts