600 രൂപ മാസം പെൻഷൻ; 500 രൂപ കോവിഡ് സമയത്ത് അന്നം നൽകിയവർക്ക്; ഉയരെ കമലമ്മ
by സ്വന്തം ലേഖകൻകോവിഡ് പ്രതിരോധത്തിന് കോടികളും ലക്ഷങ്ങളും സംഭാവന ചെയ്യുന്നവരുണ്ട്. എന്നാൽ അവരിൽ നിന്നും വേറിട്ട കാഴ്ചകൾ പലകുറി കേരളം കാഴ്ച വച്ചിട്ടുണ്ട്. അത്തരത്തിൽ ഹൃദയം െതാടുന്ന ഒരു പേരാവുകയാണ് കമലമ്മ എന്ന 70 വയസുകാരി.
മൈസൂരിൽ താമസിക്കുന്ന കമലമ്മ തനിക്ക് മാസം ലഭിക്കുന്ന 600 രൂപ പെൻഷനിൽ നിന്നും 500 രൂപ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നൽകി. ഉണ്ടായിരുന്ന വീട്ടുജോലി നഷ്ടമായ സാഹചര്യത്തിലാണ് ഈ അമ്മയുടെ കരുതൽ നാടിന് മാതൃകയാവുന്നത്.
കോവിഡ് പ്രതിസന്ധിയിലായവർക്ക് ഭക്ഷണം എത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്കാണ് ഈ അമ്മ പണം നൽകിയത്. പ്രായമായെങ്കിലും സ്വയം അധ്വാനിച്ച് ജീവിക്കണം എന്നതാണ് ഈ അമ്മയുടെ സ്വപ്നം. മക്കളെ ആശ്രയിക്കാതെ വീട്ടുജോലി ചെയ്തായിരുന്നു ജീവിതം. ലോക്ഡൗൺ വന്നതോടെ ആ ജോലി നഷ്ടമായത്.
ലോക്ഡൗൺ പ്രതിസന്ധിയിൽ കമലമ്മയ്ക്കും സന്നദ്ധ സംഘടന ഭക്ഷണം സൗജന്യമായി നൽകിയിരുന്നു. ദിനവും തനിക്ക് അന്നവുമായി എത്തുന്ന പ്രവർത്തകരെ ഇപ്പോൾ ഈ അമ്മ ഞെട്ടിച്ചു. സർക്കാരിൽ നിന്നും മാസം ലഭിക്കേണ്ട 600 രൂപ പെൻഷൻ ലഭിച്ചപ്പോൾ അതിൽ 500 രൂപ ഇതുവരെ ഭക്ഷണം എത്തിച്ച് തന്നെ സംഘടനയിലെ അംഗങ്ങൾക്ക് അവർ കൈമാറി. സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുകയാണ് ഇൗ അമ്മ ഇപ്പോൾ.