ജെസ്സിയെ പ്രണയിക്കാന്‍ കാര്‍ത്തിക്ക്; ‘വിണ്ണൈത്താണ്ടി’ വീണ്ടും; ഹിറ്റ്; വിമര്‍ശനം
by സമീര്‍ പി.മുഹമ്മദ്സൂപ്പര് ഹിറ്റായ ‘വിണ്ണൈ താണ്ടി വരുവായ’ എന്ന സിനിമയ്ക്ക് ഒരു പതിറ്റാണ്ടിനുശേഷം തുടര്‍ച്ചയുണ്ടാകുക. കാര്‍ത്തിക് ശിവകുമാറും ജെസ്സി തെക്കേകത്തും ഈ ലോക്ക്്ഡൗണ്‍ കാലത്ത് മായിച്ചാലും മായിച്ചാലും തീരാത്ത പ്രണയത്തിന്റെ പുറത്തു വീണ്ടും സംസാരിക്കുക. ഗൗതം മേനോന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍ എന്ന ഹ്രസ്വ ചിത്രം ഇതാണ് പറയുന്നത്. കാര്‍ത്തിക്ക് ലോക്ഡൗണ്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദത്തില്‍ ഒരു വരി പോലും എഴുതാനാവാതെ റൈറ്റേഴ്സ് ബ്ലോക്കില്‍ ഇരിക്കുമ്പോഴാണ് ഫെയ്സ്ബുക്കില്‍ ജെസി യു.കെയില്‍ നിന്ന് നാട്ടിലെത്തിയതായി അറിയുന്നത്. പിന്നാലെ നമ്പറെടുത്ത് വിളിക്കുന്നതാണ് ചിത്രം. തൃഷയും ചിമ്പുവും രണ്ടിടങ്ങളില്‍ നിന്ന് നടത്തുന്ന ഫോണ്‍ സംഭാഷണം മാത്രമാണ് 12 മിനിറ്റ് നീണ്ട ചിത്രത്തിലുള്ളത്.
സംഭാഷണം പുരോഗമിക്കുമ്പോള്‍ നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ലെന്ന് കാര്‍ത്തിക് പറയുന്നുണ്ട്. അപ്പോള്‍ ജെസി അതിനെ തന്‍മയത്വത്തോടെ കൈകാര്യം ചെയ്യുന്നതും കാണാം. നീ എന്റെ മൂന്നാമത്തെ കുഞ്ഞാണെന്നും എന്നും നിറഞ്ഞ സ്നേഹമുണ്ടെന്നും പറഞ്ഞു തന്ത്രപൂര്‍വം ചാരം മൂടികിടന്ന പഴയ പ്രണയബന്ധം വീണ്ടും തളിര്‍ക്കുന്നത് ഒഴിവാക്കുന്നുണ്ട് ജെസി. എന്നാല്‍ സ്നേഹിതനെ അതേ പടി ഒഴിവാക്കാതെ കാര്‍ത്തികിനെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനും ശ്രമിക്കുന്നു. ജെസിയുടെ വാക്കുകളില്‍ പ്രചോദിതനായി വീണ്ടും തിരക്കഥ രചനയിലേക്കു കാര്‍ത്തിക് പോകുന്നിടത്താണ് ഹ്രസ്വ ചിത്രം തീരുന്നത്.
പഴയ ടീം; പുതിയ കഥ
2010 ലാണ് വിണ്ണൈ താണ്ടി വരുവായെ തിയേറ്ററുകളിലെത്തിയത്. തിരക്കഥ, സംവിധാനം ഗൗതം വാസുദേവ മേനോന്‍, സംഗീതം എ.ആര്‍. റഹ്മന്‍, കഥാപാത്രങ്ങള്‍ ജെസിയായി തൃഷയും കാര്‍ത്തിക്കായി ചിമ്പുവും. 2020 ല്‍ ചിത്രത്തിന്റെ തുടര്‍ച്ചയായ ഇറക്കിയ ഹ്രസ്വ ചിത്രത്തിലും ഇതേ ടീം തന്നെയാണുള്ളത്. സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്. ഈശ്വരി കെ. ഗണേഷാണ് നിര്‍മാണം.
സ്ത്രീകളുടെ പ്രതിഷേധം
പൂര്‍വകാല കാമുകിയുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നതു പഴയ സ്നേഹ ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുന്നതുമാണ് ചിത്രമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരം ഹ്രസ്വ ചിത്രം കുടുംബ ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു
ഏറ്റെടുത്തു ആരാധകര്‍
ഹ്രസ്വ ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. കാര്‍ത്തിക്കും ജെസിക്കും പത്തുവര്‍ഷം പ്രായം കൂടിയെങ്കിലും വീണ്ടും കണ്ടതിന്റെ സന്തോഷമാണ് പലരും പങ്കുവച്ചത്. വിണ്ണൈ താണ്ടി വരുവായുടെ രണ്ടാം ഭാഗം വേണമെന്നു കുറിപ്പിട്ടവരും നിരവധി. നിലവില്‍ ഒരാഴ്ച കൊണ്ടു യുട്യൂബില്‍ മാത്രം 67 ലക്ഷം പേര്‍ ചിത്രം കണ്ടു.
സംവിധായകന്റെ മറുപടി
ജസിയുടെയും കാര്‍ത്തികിന്റെയും ലോക്ക്ഡൗണ്‍ കാലം കാണിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. മറിച്ചുള്ള ആരോപണങ്ങളൊന്നും ശരിയല്ലെന്നാണ് ഗൗതം വാസുദേവ മേനോന്റെ നിലപാട്.