കണ്ണൂരില്‍ പുതുതായി 7പേര്‍ക്ക് കൂടി കോവിഡ്

by

തലശേരി: (www.kvartha.com 29.05.2020) പന്ന്യന്നൂരില്‍ ഗള്‍ഫില്‍ നിന്നെത്തിയ യുവതിക്കടക്കം കണ്ണൂരില്‍ പുതുതായി ഏഴു പേര്‍ക്ക് കൂടി കോവിഡ്. അനുദിനം രോഗികള്‍ ഏറിവരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ല വീണ്ടും സമ്പൂര്‍ണ ലോക് ഡൗണിലേക്ക് എത്തുമെന്നാണ് സൂചന. കോവിഡ് സമൂഹ വ്യാപന സാധ്യത ഇളവുകള്‍ വന്നതോടെ തീരെ നിയന്ത്രിക്കാനാവില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം കൂടിയാലോചനകള്‍ നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിച്ചാലുടന്‍ ഉത്തരവ് പുറത്തിറക്കും. ഇതിനിടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകാനും രോഗത്തിന്റെ സമൂഹവ്യാപന സാധ്യത തടയാനും വീടുകളിലെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

https://1.bp.blogspot.com/-qe8lZIxWQow/XtEq0Zhb4aI/AAAAAAAB1SM/Jh2R4XxXXQ4I8Xz-bd89p0uxKDE2FGPZQCLcBGAsYHQ/s1600/Lock-Down.jpg

നിയന്ത്രണങ്ങളില്‍ ലംഘനമുണ്ടാകുന്നില്ലെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഇതിനായി വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം നല്ല നിലയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് സി ഐമാരുടെ നേതൃത്വത്തില്‍ പൊലീസും രംഗത്തുണ്ട്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ജനങ്ങള്‍ ശരിയായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാലേ രോഗവ്യാപനം തടയാനാകൂ എന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തോടൊപ്പം തദ്ദേശസ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Keywords: More Corona case confirmed in Kerala, Thalassery, News, Health, Health & Fitness, Patient, District Collector, Kerala.