കോവിഡ് പരിശോധനയ്ക്ക് സൂക്ഷിച്ചിരുന്ന സ്രവ സാമ്പിളുകളുകള്‍ കുരങ്ങന്മാര്‍ കൊണ്ടുപോയി; ആശങ്ക

ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ കടന്ന തെരുവുനായ നവജാത ശിശുവിനെ കടിച്ചുകൊന്ന സംഭവം മുമ്പ് നടന്നിരുന്നു.

https://www.mathrubhumi.com/polopoly_fs/1.4554794!/image/image.jpg_gen/derivatives/landscape_607/image.jpg

മീററ്റ് (യു.പി): കോവിഡ് 19 രോഗബാധ സംശയിക്കുന്നവരില്‍നിന്ന് സ്രവപരിശോധന നടത്തുന്നതിനായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാമ്പിളുകള്‍ മെഡിക്കല്‍ കോളേജിലെ ലാബില്‍ കടന്നുകയറിയ കുരങ്ങന്മാര്‍ എടുത്തുകൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ മീററ്റ് മെഡിക്കല്‍ കോളേജിലാണ് സംഭവം.

മൂന്നു പേരില്‍നിന്ന് ശേഖരിച്ച സാമ്പിളുകളാണ് ലാബ് ടെക്‌നീഷ്യനെ ആക്രമിച്ചശേഷം കുരങ്ങന്മാര്‍ കൊണ്ടുപോയത്. കോവിഡ് 19 സംശയിക്കുന്ന മൂന്നു പേരില്‍നിന്നും ഡോക്ടര്‍മാര്‍ വീണ്ടും സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും ആദ്യം ശേഖരിച്ച സാമ്പിളുകള്‍ കുരങ്ങന്മാര്‍ കൊണ്ടുപോയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിനിടെ, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കുരങ്ങന്മാര്‍ മരച്ചില്ലകളില്‍ ഇരുന്ന് സാമ്പിള്‍ കളക്ഷന്‍ കിറ്റുകള്‍ ചവയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ മീററ്റ് മെഡിക്കല്‍ കോളേജ് ചീഫ് സൂപ്രണ്ട് ഡോ. ധീരജ് ബല്യാന്‍ അന്വേഷണം തുടങ്ങി. മെഡിക്കല്‍ കോളേജില്‍ കുരങ്ങന്മാരുടെ കടുത്ത ശല്യമാണുള്ളതെന്നും മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കോവിഡ് 19 പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ കുരങ്ങന്മാര്‍ കൊണ്ടുപോയകാര്യം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. വനം വകുപ്പ് അധികൃതരെ ഉടന്‍ വിവരം അറിയിച്ചുവെങ്കിലും കുരങ്ങന്മാരെ പിടികൂടാന്‍ അവര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും സംഭവത്തെപ്പറ്റി സൂപ്രണ്ട് പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ കടന്ന തെരുവുനായ നവജാത ശിശുവിനെ കടിച്ചുകൊന്ന സംഭവം മുമ്പ് നടന്നിരുന്നു. ഫറൂഖാബാദിലെ ആകാശ് ഗംഗ ആശുപത്രിയില്‍ കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേട്ടിന്റെ ഉത്തരവ് പ്രകാരം ആശുപത്രി അടച്ചുപൂട്ടിയിരുന്നു.

Content Highlights: Monkeys run away with samples collected from COVID 19 suspected patients; trigger panic