ഹിസ്ബുള്‍ തലവനുനേരെ പാകിസ്താനില്‍വച്ച് ആക്രമണം; പിന്നില്‍ ഐഎസ്‌ഐ എന്ന് സൂചന

സലാഹുദീനും പാക് ചാരസംഘടനയും തമ്മില്‍ അടുത്തിടെ തെറ്റിയതാണ് ആക്രമണത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഭീകരവാദി നേതാവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

https://www.mathrubhumi.com/polopoly_fs/1.1444645.1477076004!/image/image.jpg_gen/derivatives/landscape_894_577/image.jpg

ഇസ്‌ലാമാബാദ്: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനയുടെ തലവന്‍ സയ്യിദ് സലാഹുദീന് അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍വച്ച് മെയ് 25നാണ് ആക്രമണം നടന്നതെന്ന് വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പാക് ചാര സംഘടനയായ ഐഎസ്‌ഐയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

സലാഹുദീനും പാക് ചാരസംഘടനയും തമ്മില്‍ അടുത്തിടെ തെറ്റിയതാണ് ആക്രമണത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഭീകരവാദി നേതാവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

സലാഹുദീനെ അപായപ്പെടുത്താനല്ല, കര്‍ശന മുന്നറിയിപ്പ് നല്‍കാനാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. പാക് ചാരസംഘടന പിന്തുണ നല്‍കുന്ന നിരവധി ഭീകര സംഘടനകളുടെ ഐക്യവേദിയുടെ തലവനും സലാഹുദീനാണ്. ഹിസ്ബുള്‍ ഭീകര സംഘടനയ്ക്ക് ഐഎസ്‌ഐയില്‍നിന്ന് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന് സലാഹുദീന്‍ അടുത്തിടെ പരാതിപ്പെട്ടിരുന്നു. പരിശീലനവും ആയുധങ്ങളും നല്‍കാത്തതിനാല്‍ ഭീകര സംഘടനയില്‍നിന്ന് കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നുവെന്നും അയാള്‍ പരാതിപ്പെട്ടിരുന്നു. അതിനിടെ, ഹിസ്ബുള്‍ കമാന്‍ഡര്‍ റിയാസ് നൈകൂവിനെ കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം വധിച്ചതിന് പിന്നാലെ ഐഎസ്‌ഐക്കെതിരായ വിമര്‍ശം സലാഹുദീന്‍ കടുപ്പിച്ചിരുന്നു.

ജമ്മു കശ്മീരിലെ ഹിന്ദ്വാരയില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത സലാഹുദീന്‍ ഐഎസ്‌ഐക്കെതിരെ പരോക്ഷ വിമര്‍ശം ഉന്നയിക്കുകയും 'ഇന്ത്യയ്ക്കാണ് മേല്‍ക്കൈ' എന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്.

Content Highlights: Hizbul chief attacked in Pakistan; ISI's role suspected