ഒടിപി പ്രശ്നം പരിഹരിച്ചു; ബെവ്ക്യൂ ആപ്പിൽ പുതിയ തകരാറുകളെന്ന് സൂചന

https://www.mathrubhumi.com/polopoly_fs/1.4792238.1590753391!/image/image.jpg_gen/derivatives/landscape_894_577/image.jpg

കൊച്ചി: മദ്യവിതരണത്തിനായി ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ ബേവ്ക്യൂ ആപ്പില്‍ പുതിയ തകരാറുകളെന്ന് സൂചന. കഴിഞ്ഞ ദിവസമുണ്ടായ ഒ.ടി.പി. പ്രശ്നം പരിഹരിച്ചെങ്കിലും ഒരേസമയം ഒരു പാടു പേര്‍ ആപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതാണ് ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതെന്നാണ് ആപ്പ് നിര്‍മിച്ച ഫെയര്‍കോഡ് കമ്പനിയോട് അടുത്ത വൃത്തങ്ങളില്‍നിന്നുള്ള വിവരം. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും ഇവര്‍ പറയുന്നു.

തുടര്‍ച്ചയായ രണ്ടാം ദിവസവും ബെവ്ക്യൂ ആപ്പില്‍ തകരാറുകള്‍ തുടര്‍ന്നതോടെ കടുത്ത വിമര്‍ശനമാണ് സര്‍ക്കാരിനും ആപ്പ് നിര്‍മാതാക്കള്‍ക്കുമെതിരെ ഉയരുന്നത്. ഇതോടെ തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ ആപ്പ് സംബന്ധിച്ചുണ്ടായിരുന്ന പോസ്റ്റുകള്‍ ഫെയര്‍കോഡ് പിന്‍വലിച്ചു.

കമ്പനിയുടെ കൊച്ചി ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉടമകളാരും ഇവിടെയില്ല. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നാണ് നിര്‍ദേശമെന്ന് സ്റ്റാഫ് പറയുന്നു. ഉടമകളെ ഫോണിലും ലഭ്യമല്ല. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കേണ്ടെന്ന് ഇവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ആപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലായെങ്കിലും ബെവ്ക്യൂ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് ഇതേ ആപ്പുമായി മുന്നോട്ടുപോകാനാണ് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ആപ്പ് പുറത്തിറങ്ങിയതോടെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞെന്നും നിര്‍മാതാക്കള്‍ക്ക് സാങ്കേതിക പരിജ്ഞാനമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആപ്പ് അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

content highlights: bevq app,faircode technologies,kerala beverages app