ബംഗാളില്‍ ജൂണ്‍ ഒന്ന് മുതല്‍ എല്ലാ ആരാധനാലയങ്ങളും തുറക്കുമെന്ന് മമത ബാനര്‍ജി

https://www.mathrubhumi.com/polopoly_fs/1.4100540.1580137342!/image/image.jpg_gen/derivatives/landscape_894_577/image.jpg
Photo: PTI

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജൂണ്‍ ഒന്നു മുതല്‍ എല്ലാ ആരാധനാലയങ്ങളും തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍ പത്തില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ലെന്നും അവര്‍ അറിയിച്ചു.

ക്ഷേത്രങ്ങള്‍, മുസ്ലീം പള്ളികള്‍, ഗുരുദ്വാരകള്‍, ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങിയവ തുറക്കുമെന്ന് അവര്‍ പറഞ്ഞു. മതസ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുചേരാനും പാടില്ല. ജൂണ്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

തേയില, ചണം വ്യവസായങ്ങള്‍ ജൂണ്‍ ഒന്നു മുതല്‍ 100 ശതമാനം തൊഴിലാളികളുമായി തുറക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞു. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും പൂര്‍ണ്ണ തോതില്‍ തുറന്നു പ്രവര്‍ത്തിക്കും. 

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കോവിഡ്‌ വ്യാപനം നിയന്ത്രിക്കുന്നതില്‍ പശ്ചിമ ബംഗാള്‍ വിജയിച്ചുവെന്ന് മമത ബാനര്‍ജി പറഞ്ഞു. പുറത്തുനിന്നുള്ള ആളുകള്‍ വരുന്ന സാഹചര്യത്തില്‍ കേസുകള്‍ ഇപ്പോള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മാര്‍ച്ച് 25-ന് ആദ്യഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ രാജ്യമെമ്പാടുമുള്ള ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയിട്ടും ആരാധാനാലയങ്ങളുടെ കാര്യത്തില്‍ മാറ്റമുണ്ടായിരുന്നില്ല. 

Content Highlights: Places Of Worship To Open In Bengal From June 1: Mamata Banerjee