ഉജ്ജ്വല യുഗത്തിന് അന്ത്യം, എം.പി. വീരേന്ദ്രകുമാര്‍ ഇനി ദീപ്തസ്മരണ

https://www.mathrubhumi.com/polopoly_fs/1.4792034.1590738571!/image/image.jpg_gen/derivatives/landscape_894_577/image.jpg

കല്‍പറ്റ: കേരളത്തിന്റെ രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിലെ ഒരുജ്ജ്വലയുഗത്തിന് അന്ത്യം. വയനാട് പുളിയാര്‍മലയില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ എം.പി വീരേന്ദ്രകുമാര്‍ എന്ന ദീപ്തസാന്നിധ്യം അസ്തമിച്ചു. 

പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷം 4.40-ഓടെയാണ് മൃതദേഹം പുളിയാര്‍മലയിലെ വീട്ടില്‍നിന്ന് സമുദായ ശ്മശാനത്തിലെത്തിച്ചത്. ജൈന മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. അഞ്ചുമണിയോടെ മകന്‍ എം.വി. ശ്രേയാംസ് കുമാര്‍ ചിതയ്ക്ക് തീകൊളുത്തി. പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

രാവിലെ മുതല്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അണമുറിയാത്ത ജനപ്രവാഹമാണ് ഉണ്ടായിരുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഏറെ പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. ജനക്കൂട്ടമുണ്ടാകാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തേണ്ടിവന്നത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11.30ഓടെയായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റെ അന്ത്യം സംഭവിച്ചത്. ചാലപ്പുറത്തെ വസതിയില്‍ എത്തിച്ച ഭൗതികദേഹം രാവിലെയാണ് വയനാട്ടിലെ വീട്ടിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരടക്കം നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

1936 ജൂലായ് 22ന് വയനാട്ടിലെ കല്പറ്റയില്‍ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭ ഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായി ജനിച്ചു. വയനാട്ടില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളേജില്‍നിന്ന് ബിരുദവും മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടി.

സ്‌കൂള്‍വിദ്യാര്‍ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണാണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു. 1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004'09 കാലത്ത് പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെ 1979 നവംബര്‍ 11ന് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായി.

ബഹുരാഷ്ട്രക്കുത്തകകള്‍ക്കെതിരായ പോരാട്ടത്തിലൂടെയും വിട്ടുവീഴ്ചയില്ലാത്ത പരിസ്ഥിതി നിലപാടുകളിലൂടെയും ശ്രദ്ധേയനായ ജനകീയനേതാവാണ് വീരേന്ദ്രകുമാര്‍. സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ നെഞ്ചേറ്റിയ രാഷ്ട്രീയനേതാവിയിരിക്കെത്തന്നെ എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായി അദ്ദേഹം കേരളീയസമൂഹത്തിന് വഴികാട്ടി. ഹൈമവതഭൂവില്‍, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങള്‍ സ്മരണകള്‍, ആത്മാവിലേക്ക് ഒരു തീര്‍ഥയാത്ര, ഡാന്യൂബ് സാക്ഷി, ഹൈമവതഭൂവില്‍, സ്മൃതിചിത്രങ്ങള്‍ ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോള്‍, പ്രതിഭയുടെ വേരുകള്‍ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, രോഷത്തിന്റെ വിത്തുകള്‍, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി തുടങ്ങി ഒട്ടേറെ സാഹിത്യകൃതികളുടെ കര്‍ത്താവാണ്. 

ഭാര്യ: ഉഷ വീരേന്ദ്രകുമാര്‍. മക്കള്‍: എം.വി. ശ്രേയാംസ്‌കുമാര്‍ (മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടര്‍), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരു), എം.ഡി. ചന്ദ്രനാഥ് (വയനാട്).

Content Highlights: mp veerendrakumar passes away