വീട്ടിലെത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു; പരാതിക്കാരനെതിരേ ഇബ്രാഹിം കുഞ്ഞ്

ഇക്കാര്യത്തില്‍ പരാതിപ്പെടാത്തത് പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങാന്‍ പറ്റാത്തതുകൊണ്ടാണെന്നും ഇബ്രാഹിം കുഞ്ഞ്

https://www.mathrubhumi.com/polopoly_fs/1.4130814.1584609787!/image/image.jpg_gen/derivatives/landscape_894_577/image.jpg

കൊച്ചി: കള്ളപ്പണ കേസില്‍ തനിക്കെതിരേ പരാതി നല്‍കിയ ഗിരീഷ് ബാബു 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. രണ്ട് തവണ തന്റെ വീട്ടിലെത്തിയാണ് പരാതിക്കാരന്‍ പണം ആവശ്യപ്പെട്ടതെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. 

കള്ളപ്പണക്കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതിക്കാരന്റെ മൊഴിയില്‍ എറണാകുളം റസ്റ്റ്ഹൗസില്‍ വിജിലന്‍സിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് പരാതിക്കാരനെതിരേ ഇബ്രാഹിം കുഞ്ഞ് ആരോപണം ഉന്നയിച്ചത്. പരാതിയിലൂടെ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് അയാളുടെ ലക്ഷ്യമെന്നും ഇബ്രാഹിം കുഞ്ഞ് ആരോപിച്ചു. 

ഇക്കാര്യത്തില്‍ പരാതിപ്പെടാത്തത് പോലീസ് സ്‌റ്റേഷന്‍ കയറി ഇറങ്ങാന്‍ പറ്റാത്തതുകൊണ്ടാണ്. അന്വേഷണ സംഘത്തോട് ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് എഫ്‌ഐആര്‍ ഇട്ടിട്ടില്ല. കൃത്രിമമായി കരാറുകളുണ്ടാക്കാന്‍ വിദഗ്ധനാണ് പരാതിക്കാരനെന്നും അദ്ദേഹം ആരോപിച്ചു. 

നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനം വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന തന്റെ പരാതി പിന്‍വലിക്കാന്‍ അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് ഗിരീഷ് ബാബുവിന്റെ മൊഴി. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തി, ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ വെച്ച് അദ്ദേഹം നേരിട്ട് പണം വാഗ്ദാനം ചെയ്തു, പരാതിക്ക് പിന്നില്‍ ചില ലീഗ് നേതാക്കളാണെന്ന് പറയാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഗിരീഷ് ബാബു ഉന്നയിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിയില്‍ നിന്ന് ലഭിച്ച പണമാണ് ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചതെന്നാണ് ഗിരീഷ് ബാബുവിന്റെ പരാതി. ഈ പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുണ്ട്.

content highlights: ibrahim kunju, ibrahim kunju aligation against petitioner