https://assets.doolnews.com/2020/05/trump-and-xi-399x227.jpg

'മൂന്നാമൊതാരാള്‍ ഇടപെടേണ്ട'; ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ ട്രംപിന്റെ മധ്യസ്ഥത വേണ്ടെന്ന് ചൈന

by

ബീജിംഗ്: ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നറിയിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ചൈന. അതിര്‍ത്തി പ്രശ്‌നത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്നാണ് ചൈന അറിയിച്ചത്.

മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും എങ്ങനെ പരിഹരിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സാവോ ലിജിയാന്‍ വ്യക്തമാക്കി.

‘ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ ഞങ്ങള്‍ക്ക് അതിര്‍ത്തിയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും ആശയവിനിമയ മാര്‍ഗങ്ങളും നിലവിലുണ്ട്. ആവശ്യമായ ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും ഈ പ്രശ്‌നം പരിഹരിക്കാനുള്ള സംവിധാനം നിലവില്‍ ഞങ്ങള്‍ക്കുണ്ട്,’ സാവോ പറഞ്ഞു.

ട്രംപിന്റെ വാഗ്ദാനത്തെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ചൈനയും തമ്മില്‍ ഉയര്‍ന്നു വന്നിരിക്കുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യു.എസ് ഇരു രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം ഇന്ത്യ ചൈന തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ട്രംപിന്റെ വാദത്തെ എതിര്‍ത്തുകൊണ്ട് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നിരുന്നു.

മോദിയും ട്രംപുമായി അടുത്തിടെ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങളാണ് നിലവില്‍ രൂക്ഷമായിരിക്കുന്നത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു.

മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിയ്ക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യന്‍ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക