https://assets.doolnews.com/2020/05/india-and-pakistan-on-locust-atttack-399x227.jpg

വെട്ടുകിളികള്‍ പാകിസ്താന്റെ ആക്രമണമെന്ന് ജനം ടി.വി; ഇന്ത്യയും പാകിസ്താനും ഇതുവരെയും വെട്ടുകിളികള്‍ക്കെതിരെ ഒരുമിച്ച്, ചരിത്രം പരിശോധിക്കുമ്പോള്‍

by

രാജസ്ഥാനില്‍ എത്തിയ വെട്ടുകിളിക്കൂട്ടങ്ങള്‍ ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ ആക്രമണമെന്ന് ജനം ടി.വി ഓണ്‍ ലൈന്‍. പാകിസ്താന്‍ ആണ് ഇന്ത്യയിലേക്ക് വെട്ടുകിളികളെ അയച്ചതെന്നും നാല് സംഘം വെട്ടുകിളികള്‍ അടുത്തിടെ ജയ്പൂരില്‍ എത്തിയിട്ടുണ്ടെന്നുമാണ് ജനം ടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ആഫ്രിക്കന്‍ ഭാഗങ്ങളില്‍ നിന്നും മറ്റു ഏഷ്യന്‍ ഭാഗങ്ങളില്‍ നിന്നും കൂട്ടമായ ഇന്ത്യയിലേക്ക് വരുന്ന വെട്ടുകിളി കൂട്ടങ്ങള്‍ ഇരു രാജ്യങ്ങളെയും പരസ്പരം സഹകരണത്തിനാണ് വഴിയൊരുക്കുന്നത് എന്നാണ് വസ്തുത.

അതിര്‍ത്തി തര്‍ക്കവും, അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമായ സമയത്ത് പോലും ഇന്ത്യയും പാകിസ്താനും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചത് വെട്ടുകിളികളുടെ ആക്രമണത്തിനെതിരെയാണ് എന്നതാണ് വസ്തുത.

1964 ലാണ് വെട്ടുകിളി ആക്രമണത്തിനെതിരെ ഇന്ത്യ, പാകിസ്താന്‍,അഫ്ഘാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി എഫ്.എ.ഒ ഡെസേര്‍ട്ട് ലോകസ്റ്റ് കമ്മീഷന്‍ രൂപീകരിച്ചത്. വെട്ടുകിളി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനായിരുന്നു ഈ കമ്മീഷന്‍ രൂപീകരിച്ചത്.

ഇതിനു പുറമെ 1977 മുതലാണ് പാകിസ്താനും ഇന്ത്യയും തമ്മില്‍ വെട്ടുകിളി ആക്രമണം തടയുന്നതിനായി അതിര്‍ത്തിയില്‍ കൂടിക്കാഴ്ച നടത്താന്‍ തുടങ്ങിയത്. ഇരു രാജ്യങ്ങളിലെയും വെട്ടുകിളി നിയന്ത്രണ ഓഫീസര്‍മാരാണ് കൂടിക്കാഴ്ച നടത്തുന്നത്.

2005 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ പാകിസ്താനും ഇന്ത്യയും ഇത്തരത്തില്‍ അതിര്‍ത്തി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2008 ലെ മുംബൈ ഭീകരാക്രമണ സമയത്ത് പോലും ഇരു രാജ്യങ്ങളും വെട്ടുകിളികള്‍ക്കെതിരായി പരസ്പരം സഹകരിച്ചിട്ടുണ്ട്. 2011-ല്‍ മാത്രമാണ് കൂടിക്കാഴ്ച നടക്കാതെ പോയത്.

വെട്ടുകിളി ആക്രമണത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക, ഇരു രാജ്യങ്ങളിലെയും സര്‍വേ സ്ഥലങ്ങള്‍, വെട്ടുകിളി ബാധ, പച്ചപ്പ്, മഴയുടെ ലഭ്യത തുടങ്ങിയ വിവരങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യുകയാണ് കൂടിക്കാഴ്ചയില്‍ ചെയ്യുന്നത്.

മരുഭൂമികളിലെ വെട്ടുകിളികള്‍

പുല്‍ച്ചാടികളുടെ വിഭാഗത്തില്‍പ്പെട്ട ജീവി വര്‍ഗമാണ് മരുഭൂമികളിലെ വെട്ടുകിളികള്‍. മരുഭൂമികളിലും വരണ്ട പ്രദേശങ്ങളിലുമാണ് ഇവ വളരുന്നത്. ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലാണ് ഇവ മുട്ടയിടുക. അതിനാല്‍ ഇവരുടെ ആവാസ വ്യവസ്ഥ മരുഭൂമികളിലാണ്. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഇവയുടെ പ്രജനന കേന്ദ്രം.

എന്നാല്‍ ഇവയ്ക്ക് മുട്ടയില്‍ നിന്നും വിരിഞ്ഞ് വന്ന് ചിറക് മുളക്കുന്ന ഘട്ടത്തില്‍ (ഹോപ്പര്‍ ഡെവലപ്മെന്റ് ) ഭക്ഷണമായി പച്ചപ്പിന്റെ ആവശ്യം വരും. എണ്ണത്തില്‍ കൂടുതലുണ്ടെങ്കില്‍ ഇവയുടെ ആവശ്യത്തിനുള്ള ഭക്ഷണം മരുഭൂമികളില്‍ നിന്ന് ലഭിക്കണമെന്നില്ല.

വെട്ടുകിളികള്‍ എവിടെ നിന്ന് വന്നു?

വെട്ടുകിളികളുടെ പ്രധാന പ്രജനന സ്ഥലങ്ങള്‍ എത്യോപ്യ, സൊമാലിയ, എറിത്രിയ, കിഴക്കന്‍ ആഫ്രിക്കന്‍ ഭാഗങ്ങള്‍, പാകിസ്താനിലെ ബലോചിസ്താന്‍, ഖൈബര്‍ പഖ്തുഖാവ പ്രവിശ്യകള്‍, ഒപ്പം യെമന്‍, ഒമാന്‍, തെക്കന്‍ ഇറാന്‍ ഭാഗങ്ങള്‍, എന്നിവിടങ്ങളിലിലാണ്.

ഇത്ര വലിയ രീതിയില്‍ വെട്ടുകിളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവാന്‍ കാരണം കാലാവസ്ഥയില്‍ വന്ന മാറ്റം ഇവയുടെ പ്രജനനത്തിന്
അനുകൂലമായതാണ്. നല്ല മഴ ലഭിക്കുന്നത് ഇവയ്ക്ക് മരുഭൂമികളില്‍ മുട്ടയിടാനുള്ള സസ്യങ്ങള്‍ വളരാന്‍ കാരണമാവുകയും ഇവയുടെ ഹോപ്പര്‍ ഡെവലപ്മെന്റ് ഘട്ടത്തില്‍ ആവശ്യത്തിന് പച്ചപ്പ് നല്‍കുകയും ചെയ്യും.

ഇതിലെ മിക്കയിടങ്ങളിലും മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ നല്ല മഴ ലഭിച്ചിട്ടുണ്ട്. ഇത് ഇവയുടെ ക്രമാതീതമായ ഉല്‍പാദനത്തിന് കാരണമായി.

ഏപ്രില്‍ ആദ്യമാണ് ഇവ രാജസ്ഥാനിലേക്ക് കടക്കുന്നത്. സാധാരണയായി ഇവ ജൂലൈ ഒക്ടോബര്‍ മാസത്തിലാണ് ഇവ രാജസ്ഥാനില്‍ എത്താറുള്ളത്.

എന്തു കൊണ്ട് ഇത്തവണ നേരത്തെ എത്തി?

2018 ല്‍ അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് ഇതില്‍ ഒരു പ്രധാന ഘടകമാണ്. ആ വര്‍ഷം ഒമാന്‍ ,യെമന്‍ എന്നീ രാജ്യങ്ങളില്‍ മെക്നു, ലുബാന്‍ എന്നീ ചുഴലിക്കാറ്റുകള്‍ക്കും കനത്ത മഴയ്ക്കും ഇടയാക്കിയിരുന്നു. ഇവിടത്തെ മരുഭൂമികളില്‍ പെയ്ത മഴ വെട്ടുകിളികളുടെ പ്രജനനം ക്രമാതീതമായി വര്‍ധിക്കാന്‍ ഇടയാക്കി.

‘ലോക്ഡൗണില്‍ ലാവിഷായ’ വെട്ടുകിളികള്‍

വെട്ടുകിളികളുടെ വരവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന എല്‍.ഡബ്ല്യു.ഒ ( ലോകസ്റ്റ് വാര്‍ണിംഗ് ഓര്‍ഗൈനൈസേഷന്‍) ഈ വര്‍ഷത്തെ റാബി കൃഷി സീസണ്‍ സമയത്ത് രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബിലെ ചിലയിടങ്ങള്‍ എന്നിവിടങ്ങളില്‍ വെട്ടുകിളുടെ അസാധാരണ സാന്നിധ്യത്തെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സമയത്ത് ചില നിയന്ത്രണ നടപടികള്‍ സ്വീകരിച്ചെങ്കിലും പിന്നീട് വിവിധ രാജ്യങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഇവയുടെ വര്‍ധനവിന് അനുകൂല സാഹചര്യമൊരുക്കി. ഈ സമയത്ത് ബലോചിസ്താന്‍, സിന്ധ്, ഒമാന്‍ എന്നിവിടങ്ങളില്‍ ഈ വെട്ടുകിളി കൂട്ടങ്ങളുടെ പ്രബല സാന്നിധ്യമുണ്ടായിരുന്നു. ഇവയാണ് ഇപ്പോള്‍ പ്രജനനത്തിലൂടെ വര്‍ധിച്ച് ഇന്ത്യലും എത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക