https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/29/Ajit-Jogi-01.jpg
അജിത് ജോഗി

80-ല്‍ മധ്യപ്രദേശിലെ 45 കലക്ടര്‍മാരില്‍ ഒരാള്‍; രാജീവ് ബ്രിഗേഡിലൂടെ മുഖ്യമന്ത്രി പദത്തില്‍

by

എണ്‍പതുകളുടെ തുടക്കത്തില്‍ മധ്യപ്രദേശിലെ 45 ജില്ലാ കലക്ടര്‍മാരില്‍ ഒരാള്‍ മാത്രമായിരുന്നു അജിത് പ്രമോദ് കുമാര്‍ ജോഗി എന്ന അജിത് ജോഗി. ഒന്നാം റാങ്കോടെ എൻജിനീയറിങ് ബിരുദവും പിന്നീടു സിവിൽ സർവീസും നേടിയ മിടുക്കൻ. സമർഥനായ ഉദ്യോഗസ്ഥനെന്നു പേരെടുത്ത ജോഗി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതു മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കണ്ണില്‍പെട്ടതോടെയാണ്.

1977 - 80 കാലം. ജോഗി അന്നു റായ്‌പുർ കലക്‌ടർ. രാജീവ് ഗാന്ധി സജീവരാഷ്ട്രീയത്തിലെത്തിയിട്ടില്ല. കലക്ടര്‍ എന്ന നിലയില്‍ ജോഗിയുടെ പ്രവര്‍ത്തനം രാജീവ് ശ്രദ്ധിച്ചു. പൈലറ്റായ രാജീവ് വിമാനം പറത്തി റായ്‌പൂരിലെത്തുമ്പോൾ ജില്ലാ കലക്‌ടറെ കാണും, സംസാരിക്കും. അങ്ങനെ അടുപ്പമായി. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് 1984 ൽ രാജീവ് പ്രധാനമന്ത്രിയായപ്പോൾ രാജിവച്ചു ഡൽഹിയിലേക്കു വരാൻ ജോഗിയോടു നിർദേശിച്ചു. രാജീവിന്റെ ഇഷ്‌ടക്കാരനും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള യുവ നേതാവുമെന്ന നിലയിൽ ഡൽഹി രാഷ്‌ട്രീയത്തിൽ വളരെപ്പെട്ടെന്നു ജോഗി താരമായി. 1986 ല്‍ ജോഗി രാജ്യസഭാംഗമായി. 98 വരെ തുടർന്നു. അക്കാലം കോൺഗ്രസ് വക്‌താവായും തിളങ്ങി.

രാജീവ് സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും ശക്തമായ പ്രതിപക്ഷ വിമര്‍ശനം നേരിടുന്ന കാലമായിരുന്നു അത്. എസ്.എസ്. അലുവാലിയ, സുരേഷ് പച്ചൗരി, രത്‌നാകര്‍ പാണ്ഡെ, ബാബാ മിശ്ര തുടങ്ങിയവര്‍ക്കൊപ്പം രാജീവ് ബ്രിഗേഡിന്റെ മുൻനിരക്കാരനായി അജിത് ജോഗിയും. വി.പി. സിങ്ങിനെയും സംഘത്തിനെയും ശക്തമായി പ്രതിരോധിക്കുന്നതില്‍ ജോഗിയും സംഘവും മുന്‍നിരയിലുണ്ടായിരുന്നു. 1987–89 കാലയളവില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്നു പാര്‍ട്ടിയില്‍ വിവിധ ചുമതലകള്‍ വഹിച്ച ജോഗി 1998 ല്‍ ഛത്തിസ്ഗഡിലെ റായ്ഗഡ് മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

2000 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതോടെ ജോഗിയുടെ ഭാഗ്യം തെളിഞ്ഞു. വേണ്ടത്ര എംഎല്‍എമാരുടെ പിന്തുണ ഇല്ലാതിരുന്നിട്ടും സോണിയാ ഗാന്ധിയുടെ പിന്തുണയോടെ ജോഗി മുഖ്യമന്ത്രി കസേരയിലെത്തി. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗക്കാരനായ മുഖ്യമന്ത്രിയായാണ് ജോഗി തന്നെ ഉയര്‍ത്തിക്കാട്ടിയത്. വിദ്യാചരണ്‍ ശുക്ലയെന്ന കരുത്തനെ അട്ടിമറിച്ചാണ് ജോഗി മുഖ്യമന്ത്രിപദം സ്വന്തമാക്കിയത്. 2003 വരെ അധികാരക്കസേരയില്‍ തുടര്‍ന്ന ജോഗിക്കെതിരെ പല പരാതികളും ഉയര്‍ന്നെങ്കിലും ഹൈക്കമാന്‍ഡ് ശക്തമായ പിന്തുണ നല്‍കുകയായിരുന്നു. അനധികൃത സ്വത്തുസമ്പാദനം മുതൽ മോഷണവും കൊലപാതകവും വരെ ആരോപണങ്ങളായി. ബിജെപി എംഎൽഎമാരെ വിലയ്‌ക്കു വാങ്ങാൻ ശ്രമിച്ചുവെന്ന പരാതിയെത്തുടർന്ന് 2003 ൽ പാർട്ടി പുറത്താക്കി. പിന്നീട് തിരിച്ചെടുത്ത് 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടുമൊരവസരം നൽകി. അപ്പോഴായിരുന്നു അപകടം. പക്ഷേ അതിനെ അതിജീവിച്ചു തിരിച്ചെത്തി.

പിന്നീട് 2004 മുതല്‍ 2008 വരെ 14 ാം ലോക്‌സഭയില്‍ അംഗമായി. 2008 ലെ തിരഞ്ഞെടുപ്പിൽ ജോഗി ആവേശത്തോടെ പൊരുതാനിറങ്ങി. ജോഗിയും ഭാര്യ രേണുവും ജയിച്ചു കയറിയെങ്കിലും കോൺഗ്രസിനു ഭരണം പിടിക്കാനായില്ല. രാജീവിന്റെ വിശ്വസ്ഥനെ സോണിയ ഡൽഹിയിലേക്കുതന്നെ തിരികെ കൊണ്ടുവന്നു. കോൺഗ്രസിന്റെ ഒട്ടേറെ സമിതികളിൽ അംഗമായി ഡൽഹി രാഷ്‌ട്രീയത്തിൽ ജോഗി വീണ്ടും സജീവമായി.

2014 ലെ നിയമസഭാ തിരഞ്ഞെടുപ്പി‍ൽ ബിജെപി സ്ഥാനാർഥിയുടെ വിജയമുറപ്പിക്കാൻ മകൻ അമിത് ജോഗി ഒത്തുകളിച്ചെന്ന് ആരോപണമുയർന്നത് ജോഗിയെ പ്രതിരോധത്തിലാക്കി. തുടർന്ന് അമിത്തിനെ കോൺഗ്രസ് പുറത്താക്കി. കിട്ടിയ അവസരം കാര്യമായി ഉപയോഗിക്കാൻ ശ്രമിച്ച പാർട്ടിയിലെ എതിരാളികൾ ജോഗിക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നേതൃത്വം വിശ്വസ്തനെ കൈവിടാൻ തയാറായിരുന്നില്ല. പക്ഷേ ജോഗി കോൺഗ്രസ് വിടുകതന്നെ ചെയ്തു. ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ് എന്നും ഛത്തീസ്ഗഡിനെ രക്ഷിക്കാൻ തനിക്കേ കഴിയൂ എന്നും പ്രഖ്യാപനവുമുണ്ടായി. ഭാര്യ രേണു പക്ഷേ കോൺഗ്രസിൽത്തന്നെ തുടർന്നു.  2018 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിക്കുംവരെ രേണു കോൺഗ്രസിലായിരുന്നു.

കോൺഗ്രസ് പാർട്ടിയെ കടന്നാക്രമിക്കുമ്പോഴും ഗാന്ധികുടുംബത്തിനെതിരെ സംസാരിക്കില്ല എന്ന നയം അവസാനം വരെ പിന്തുടർന്നിരുന്നു അജിത് ജോഗി.

English Summary: About Ajit Jogi