https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/28/zimbabwe-covid-mask-1.jpg
സിംബാബ്‌വെയിൽ സൂപ്പർമാര്‍ക്കറ്റിലേക്ക് പ്രവേശിക്കും മുൻപ് യുവതിയുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു.

സിംബാബ്‌വെയിൽ പൊലീസിന് കൈക്കൂലി, കോവിഡ് രോഗികൾ മതിൽ ചാടി

by

ഹരാരെ∙ നാലു ദിവസം തുടർച്ചയായി ഒരൊറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരിക്കുക, അഞ്ചാം നാൾ ഒറ്റയടിക്ക് കോവിഡ് ബാധിതരുടെ എണ്ണത്തിൽ 76 പേരുടെ വർധന രേഖപ്പെടുത്തുക. തെക്കന്‍ ആഫ്രിക്കൻ രാജ്യങ്ങളിലൊന്നായ സിംബാബ്‌വെയിൽ സാഹചര്യങ്ങൾ പിടിവിട്ടുപോകുന്ന ലക്ഷണമായിട്ടായിരുന്നില്ല നിരീക്ഷകർ ആദ്യം ഈ ‘ഉയർച്ചയെ’ കണ്ടത്. കാരണം പുതുതായി രേഖപ്പെടുത്തിയ 76ൽ 75ഉം ദക്ഷിണാഫ്രിക്കയിൽനിന്നും ബോട്‌സ്വാനയിൽനിന്നും മടങ്ങിയെത്തിവരാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ മികച്ച ജീവിതം സ്വപ്നം കണ്ട് ഈ രാജ്യങ്ങളിലേക്കു പോയവരാണിവർ. മേയ് 27ന് ഒരാൾക്കു മാത്രമാണ് സിംബാബ്‌വെയിൽ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ആകെ കോവിഡ് ബാധിതർ 132. ഭേദമായവർ 25, മരിച്ചവർ 4.

മാർച്ച് 20നാണ് സിംബാബ്‌വെയിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. യുകെയിൽനിന്ന് ദക്ഷിണാഫ്രിക്ക വഴി തിരിച്ചെത്തിയ വ്യക്തിക്കായിരുന്നു രോഗം. തെക്കൻ ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം ഇപ്പോഴും സിംബാബ്‌വെയിൽ കുറവുമാണ്. ദക്ഷിണാഫ്രിക്കയിൽ മാത്രം മേയ് 27 വരെ 24,264 പേർക്ക് രോഗം ബാധിച്ചു. 12,741 പേർക്ക് രോഗം ഭേദമായപ്പോൾ മരണസംഖ്യ 524 ആണ്. മറ്റു തെക്കൻ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കോവിഡ് നിലയിങ്ങനെ:

മാർച്ച് അവസാനം പ്രഖ്യാപിച്ച ലോക്ഡൗൺ അനിശ്ചിതകാലത്തേക്കു നീട്ടിയിരിക്കുകയാണ് സിംബാബ്‌വെ. 3% മാത്രമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. ഭേദമാകുന്നവരുടെ നിരക്ക് 18.9 ശതമാനവും. ആകെ 1.5 കോടി ജനസംഖ്യയുള്ള രാജ്യത്ത് പത്തു ലക്ഷം പേരെയെടുത്താൽ അതിൽ 9 പേർക്കെന്ന കണക്കിലാണ് രോഗം ബാധിക്കുന്നത്. എന്നിട്ടും ഈ രാജ്യത്തിപ്പോൾ ആശങ്കയുടെ നിഴൽ പടർന്നിരിക്കുകയാണ്.

ഇതുവരെ സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികളെയെല്ലാം പാഴ്‌ശ്രമമാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. സിംബാബ്‌വെയിലെയും മലാവിയിലെയും ക്വാറന്റീൻ കേന്ദ്രങ്ങളിൽനിന്നു ചാടിപ്പോയത് നൂറു കണക്കിനു പേർ! ഇക്കൂട്ടത്തിൽ ഒട്ടേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിലുമായിരുന്നു. ഇവർ എങ്ങനെ രക്ഷപ്പെട്ടു, എവിടേക്കു പോയി? ആർക്കുമറിയില്ല.

കഴിഞ്ഞ ദിവസം വരെ 101 പേർക്കായിരുന്നു മലാവിയിൽ കോവിഡ് ബാധിച്ചിരുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയിൽനിന്നുള്‍പ്പെടെ രാജ്യത്തേക്കു തിരിച്ചെത്തി ബ്ലാന്റയറിലെ ഒരു സ്റ്റേഡിയത്തിലെ ക്വാറന്റീൻ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന നാനൂറിലേറെ പേരാണ് ഇന്നലെ ചാടിപ്പോയത്. പൊലീസും ആരോഗ്യ പ്രവർത്തകരും നോക്കിനിൽക്കെയാണ് ചിലർ വേലി ചാടിയും മറ്റു ചിലർ ഗേറ്റ് കടന്നും ഓടിപ്പോയത്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യത്തിനു സംവിധാനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ നോക്കിനിൽക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ മാധ്യമ പ്രവർത്തകരെ കണ്ട ചിലർ പറഞ്ഞത് പൊലീസ് കൈക്കൂലി വാങ്ങി രക്ഷപ്പെടാന്‍ വഴിയൊരുക്കിയെന്നാണ്. ചാടിപ്പോയവരുടെ കൂട്ടത്തിൽ 46 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.

മലാവിയിൽ വിദേശത്തുനിന്നെത്തുന്നവർക്ക് 14 ദിവസമാണ് ക്വാറന്റീൻ. കഴിഞ്ഞ ദിവസം അതിർത്തിയോടു ചേർന്ന് ടെസ്റ്റ് ഫലം കാത്ത് ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 26 പേരും ചാടിപ്പോയിരുന്നു. കഴിഞ്ഞയാഴ്ച അവസാനം ഒറ്റയടിക്ക് 2000 പേരാണ് മലാവി അതിർത്തിയിലെത്തിയത്. അങ്ങനെയാണ് ചിലരെ സ്റ്റേഡിയത്തിലെ താൽക്കാലിക കേന്ദ്രത്തിലേക്കു മാറ്റിയത്. ആവശ്യത്തിനു പണമില്ലാത്തതിനാൽ വിദ്യാഭ്യാസ കേന്ദ്രങ്ങളെ ക്വാറന്റീൻ സെന്ററുകളാക്കി മാറ്റാനും സാധിച്ചില്ല. അധികൃതർ ഭക്ഷണമൊരുക്കാത്തതിനെത്തുടർന്ന് പലരും പുറത്തിറങ്ങി ഭക്ഷണം വാങ്ങുന്ന കാഴ്ചയും ഇവിടെ പതിവാണ്. സ്റ്റേഡിയത്തിൽ കഴിയുന്നവരെ കാണാൻ ബന്ധുക്കൾ വരുന്നതും സ്ഥിരം കാഴ്ച. ഇവർ പരസ്പരം ആലിംഗനം ചെയ്തു സന്തോഷം പ്രകടിപ്പിക്കുന്നുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

സിംബാബ്‌വെയിലേക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4000ത്തോളം പേരാണ് വിദേശത്തുനിന്ന് എത്തിയത്. തിരികെയെത്തുന്നവർക്ക് 21 ദിവസത്തെ നിർബന്ധിത ക്വാറന്റീനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഏതാനും ക്വാറന്റീൻ കേന്ദ്രങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം ചാടിപ്പോയത് നൂറിലേറെ പേരായിരുന്നു. ഇവർക്കായുള്ള തിരച്ചിലും പൊലീസ് ശക്തമാക്കിക്കഴിഞ്ഞു. ചാടിപ്പോയാവരിൽ ഭൂരിഭാഗവും വിവിധ ഗ്രാമങ്ങളിലേക്കാണ് കയറിയത്. ഇവർക്ക് അഭയം നല്‍കരുതെന്നും സമൂഹത്തിന് വൻ അപകടമാണ് ഇവരിലൂടെയുണ്ടാകാൻ പോകുന്നതെന്നും പൊലീസ് വക്താവ് പോൾ ന്യാതി വ്യക്തമാക്കിക്കഴിഞ്ഞു.

സിംബാബ്‌വെയിൽ ഈയാഴ്ച പുതുതായി റിപ്പോർട്ട് ചെയ്ത 99% കേസുകളും മറ്റു രാജ്യങ്ങളിൽനിന്നു തിരികെയെത്തി ക്വാറന്റീനിൽ പ്രവേശിപ്പിച്ചവരെ പരിശോധിച്ചതിൽനിന്നാണു തിരിച്ചറിഞ്ഞത്. ചാടിപ്പോയവരിൽ ടെസ്റ്റ് ഫലം കാത്തിരിക്കുന്നവരും ഉണ്ടെന്നാണറിയുന്നത്. ‘രാജ്യത്തിനെ കാത്തിരിക്കുന്ന അപകടങ്ങളുടെ ഉറവിടമായി ക്വാറന്റീൻ കേന്ദ്രങ്ങൾ മാറി’ എന്ന് സിംബാബ്‌വെ ആരോഗ്യമന്ത്രി ഒബാദിഹ മോയോയ്ക്കു പറയേണ്ടിവന്നതും ഈ സാഹചര്യത്തിലാണ്.

ആഫ്രിക്കയിലാകെ ഏകദേശം 1.25 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. അതിൽത്തന്നെ മുന്നിൽ ദക്ഷിണാഫ്രിക്കയാണ്. ഇവിടേക്കു ജോലി തേടി പോയവർ തിരികെ വരുമ്പോൾ അതിനാൽത്തന്നെ മറ്റ് തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളും ആശങ്കയിലാണ്. കോവിഡ് പ്രതിരോധം തകിടം മറിയുമെന്ന ഘട്ടം വന്ന സാഹചര്യത്തിൽ, ക്വാറന്റീൻ കേന്ദ്രങ്ങളായ സ്കൂളുകളിലും കോളജുകളിലും ഹോട്ടലുകളിലുമെല്ലാം സുരക്ഷ വർധിപ്പിക്കുമെന്ന് സിംബാബ്‌വെ വിവരാവകാശ വകുപ്പ് മന്ത്രി മോണിക്ക മു‌ത്‌സ്വാംഗ്വോ പറഞ്ഞു. വലിയ മതിലുകളും റേസർ വയർ കൊണ്ടുള്ള സംരക്ഷണം കവചവുമുണ്ട് പല ക്വാറന്റീൻ കേന്ദ്രങ്ങൾക്കും. പക്ഷേ ക്വാറന്റീൻ കാലാവധി കഴിയുംമുന്‍പേ ഇവിടെനിന്നു പുറത്തേക്കിറങ്ങാൻ പലരും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കുന്നുണ്ടെന്ന് അധികൃതർതന്നെ വ്യക്തമാക്കുന്നു.

അതിർത്തിയിലെ സുരക്ഷാപിഴവുകൾ മുതലെടുത്ത് രാജ്യത്തേക്ക് നുഴഞ്ഞു കടക്കുന്നവരുടെ എണ്ണവും ആശങ്കപ്പെടുത്തുന്നുണ്ട്. ഇവർ ക്വാറന്റീൻ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുമില്ല! അതിർത്തിയിലൂടെ നുഴഞ്ഞു കയറുന്നവരെയും ക്വാറന്റീൻ കേന്ദ്രങ്ങളിൽനിന്നു ചാടിപ്പോകുന്നവരെയും പറ്റിയുള്ള വിവരം നൽകാൻ ഹോട്‌ലൈൻ നമ്പറും സർക്കാർ നൽകിയിട്ടുണ്ട്. അവശ്യ മെഡിക്കൽ സംവിധാനങ്ങളുടെ അഭാവം കാരണം ശ്വാസംമുട്ടിയിരിക്കുന്ന സിംബാബ്‌വെയുടെയും മലാവിയുടെയും ആരോഗ്യ സവിധാനത്തിനുതന്നെ കനത്ത ഭീഷണിയായാണ് ഈ ചാടിപ്പോകലിനെ കാണുന്നത്.

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/4/16/Kerala-Covid-Graphics-Strip-3.jpg

English Summary: Manhunts after hundreds flee quarantine in Zimbabwe, Malawi; Graphics