കോട്ടയത്ത് ടോക്കണില്ലാതെ മദ്യവിൽപ്പന ; കണ്ണൂരിൽ കൊവിഡിന്റെ ക്വാറന്റൈൻ കേന്ദ്രമായ ഹോട്ടലിന്റെ ബാർ തുറന്നു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399415/kottayam.jpg

കോട്ടയം: മദ്യവിൽപ്പനയ്ക്ക് സർക്കാർ വ്യക്തമായ ക്രമീകരണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. കണ്ണൂരിൽ കൊവിഡിന്റെ ക്വാറന്റൈൻ കേന്ദ്രമായ ഹോട്ടലിന്റെ ബാർ തുറന്നു. കോട്ടയത്ത് ടോക്കണില്ലാതെയും മദ്യം വിൽക്കുന്നു.

കോട്ടയം നഗരത്തിലെ ബാറിലാണ് അനധികൃത മദ്യ വിൽപ്പന തകൃതിയായി നടക്കുന്നത്. സാമൂഹിക അകലം പോലും പാലിക്കാതെ നിരവധി പേരാണ് ബാങ്കിന് മുന്നിൽ ക്യൂവിൽ നിൽക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോട്ടയത്തെ അഞ്ജലി പാർക്ക് ബാർ ഹോട്ടലിലാണ് കച്ചവടം നടന്നത്. ടോക്കണില്ലാതെ ക്യൂവിൽ നിൽക്കുന്നവരോട് ആരെങ്കിലും ചോദിച്ചാൽ ടോക്കണുണ്ടെന്ന് പറയണമെന്ന് ഹോട്ടൽ ജീവനക്കാർ നിർദ്ദേശം നൽകി. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയതോടെ എക്സൈസ് സംഘം ബാറിലെത്തി. വിൽപ്പന നിർത്തിയ ഉദ്യോഗസ്ഥർ സ്റ്റോക്കുകൾ പരിശോധിക്കുകയാണ്.

അതേസമയം കണ്ണൂരിൽ ക്വാറന്റീൻ കേന്ദ്രമായ ഹോട്ടലിന്റെ ബാർ തുറന്നത് വിവാദമായി. കണ്ണൂർ സ്കൈ പാലസ് ഹോട്ടലിൽ നിന്നാണ് മദ്യം വിതരണം ചെയ്യുന്നത്. കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലാണിത്. ജില്ലാ കളക്ടർ ബാർ തുറക്കാൻ അനുവാദം നൽകിയെന്നാണ് ബാറുടമ പറയുന്നത്. ഡപ്യൂട്ടി കമ്മീഷണറുടെയും ഡിഎംഒയുടെയും ശുപാർശ പ്രകാരം ശാരീരിക അകലം പാലിച്ചുകൊണ്ടാണ് മദ്യം വിതരണം ചെയ്യുന്നതെന്ന് ജില്ലാ കളക്ടർ ടിവി സുഭാഷ് പറഞ്ഞു.