ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

https://www.mathrubhumi.com/polopoly_fs/1.3387836.1589103081!/image/image.jpg_gen/derivatives/landscape_894_577/image.jpg

റായ്പുര്‍: ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മകന്‍ അമിത് ജോഗി ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. 

ഛത്തീസ്ഗഢ്  സംസ്ഥാനം രൂപകരിച്ച ശേഷം സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി. ഏറെക്കാലം കോണ്‍ഗ്രസിന്റെ ദേശീയ വക്താവായിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ്  (ജെ) എന്ന പാര്‍ട്ടിയുണ്ടാക്കി. സിവില്‍ സര്‍വീസില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി തിളങ്ങിയ ആദിവാസി നേതാവായിരുന്നു.

നിലവില്‍ മര്‍വാഹി മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അജിത് ജോഗി. ഭാര്യ രേണു ജോഗിയും മകന്‍ അമിത് ജോഗിയും ഛത്തീസ്ഗഢ് നിയമസഭാംഗങ്ങളാണ്. മരുമകള്‍ റിച്ച ബിഎസ്പി എംഎല്‍എയാണ്‌. 

ഐഎഎസില്‍ നിന്ന് രാജിവെച്ചാണ് അജിത് ജോഗി കോണ്‍ഗ്രസ് അംഗമായി രാജ്യസഭയിലെത്തിയത്. ജില്ലാ കളക്ടര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം കണ്ട് രാജീവ് ഗാന്ധിയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്കെത്തിച്ചത്. 2016ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. അപകടം മൂലം വര്‍ഷങ്ങളായി ചക്രക്കസേരയില്‍ ഇരുന്നായിരുന്നു പൊതുപ്രവര്‍ത്തനം.

അനധികൃത സ്വത്ത് സമ്പാദനം, മോഷണം, കൊലപാതകം തുടങ്ങിയ നിരവധി ആരോപണങ്ങള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. ബിജെപി എംഎല്‍എയെ വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചവെന്ന പരാതിയെത്തുടര്‍ന്ന് 2003ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പിന്നീട് 2004ല്‍ തിരിച്ചെടുത്തു. 2016ല്‍ മകന്‍ അമിത് ജോഗിയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് അജിത് ജോഗി കോണ്‍ഗ്രസ് വിട്ടത്.

content highlights: Ajit Jogi, first chief minister of Chhatisgarh, passes away