സംസ്ഥാനത്തിന്‍റെ കടുംപിടിത്തം; ടൂറിസം പദ്ധതി റദ്ദാക്കി കേന്ദ്രം: കേരളത്തിന്‍റെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി
by Jaihind News Bureauസംസ്ഥാനത്തിന്‍റെ കടുംപിടിത്തത്തെ തുടർന്ന് ടൂറിസം മേഖലയിലെ സുപ്രധാന പദ്ധതിയില്‍ നിന്ന് പിന്മാറി കേന്ദ്ര സർക്കാര്‍. 155 കോടിയുടെ ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. കൊട്ടിയാഘോഷിച്ച് നടത്തിയ ഉദ്ഘാടന മാമാങ്കമാണ് ഒരു വർഷത്തിനിപ്പുറം അതേ സർക്കാർ തന്നെ റദ്ദാക്കിയത്.
2019 ഫെബ്രുവരിയില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശിലാസ്ഥാപനം നടത്തിയ പദ്ധതിയാണ് ഇപ്പോള്‍ റദ്ദാക്കിയത്. കേന്ദ്രസർക്കാരിന്‍റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശ്രീനാരായണഗുരു തീർഥാടന ടൂറിസം സർക്യൂട്ടിന്‍റെ ശിലാസ്ഥാപനം നടത്തിയത്. കേന്ദ്രം നേരിട്ട് പദ്ധതി നടത്തുന്നതിനെതിരെ കേരളം എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
ശിവഗിരി മഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം എന്നീ ഗുരുദേവ കേന്ദ്രങ്ങളുടെ വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഐ.ടി.ഡി.സി (ഇന്ത്യാ ടൂറിസം ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ) മുഖേന നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന 155 കോടി രൂപയുടെ പദ്ധതികളാണ് ഇതോടെ കേരളത്തിന് നഷ്ടമായത്.