https://assets.doolnews.com/2020/05/locust-attack-in-india-and-pakistan-399x227.jpg

അതിരുകള്‍ അറിയാതെ വെട്ടുകിളികള്‍; മുംബൈ ഭീകരാക്രമണ സമയത്തു പോലും വെട്ടുകിളികള്‍ക്കിതിരെ ഒരുമിച്ച് നിന്ന ഇന്ത്യയും പാകിസ്താനും

by

ഇന്ത്യയില്‍ രാജസ്ഥാന്‍, മധ്യപ്രദേശ് ,പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വെട്ടുകിളികളുടെ കടന്നു വരവ് വലിയ ഭീഷണി ഉയര്‍ത്തിയിരിക്കവെ ഇത് ഇന്ത്യക്കെതിരെയുള്ള പാക്കിസ്ഥാന്റെ ആക്രമണമാണെന്ന് പ്രചാരണം നടക്കുന്നുണ്ട്.

എന്നാല്‍ അതിര്‍ത്തി തര്‍ക്കവും, അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമായ സമയത്ത് പോലും ഇന്ത്യയും പാകിസ്താനും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചത് വെട്ടുകിളികളുടെ ആക്രമണത്തിനെതിരെയാണ് എന്നതാണ് വസ്തുത.

1964 ലാണ് വെട്ടുകിളി ആക്രമണത്തിനെതിരെ ഇന്ത്യ, പാകിസ്താന്‍,അഫ്ഘാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി എഫ്.എ.ഒ ഡെസേര്‍ട്ട് ലോകസ്റ്റ് കമ്മീഷന്‍ രൂപീകരിച്ചത്. വെട്ടുകിളി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനായിരുന്നു ഈ കമ്മീഷന്‍ രൂപീകരിച്ചത്.

ഇതിനു പുറമെ 1977 മുതലാണ് പാകിസ്താനും ഇന്ത്യയും തമ്മില്‍ വെട്ടുകിളി ആക്രമണം തടയുന്നതിനായി അതിര്‍ത്തിയില്‍ കൂടിക്കാഴ്ച നടത്താന്‍ തുടങ്ങിയത്. ഇരു രാജ്യങ്ങളിലെയും വെട്ടുകിളി നിയന്ത്രണ ഓഫീസര്‍മാരാണ് കൂടിക്കാഴ്ച നടത്തുന്നത്.

2005 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ പാകിസ്താനും ഇന്ത്യയും ഇത്തരത്തില്‍ അതിര്‍ത്തി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2008 ലെ മുംബൈ ഭീകരാക്രമണ സമയത്ത് പോലും ഇരു രാജ്യങ്ങളും വെട്ടുകിളികള്‍ക്കെതിരായി പരസ്പരം സഹകരിച്ചിട്ടുണ്ട്. 2011-ല്‍ മാത്രമാണ് കൂടിക്കാഴ്ച നടക്കാതെ പോയത്.

വെട്ടുകിളി ആക്രമണത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക, ഇരു രാജ്യങ്ങളിലെയും സര്‍വേ സ്ഥലങ്ങള്‍, വെട്ടുകിളി ബാധ, പച്ചപ്പ്, മഴയുടെ ലഭ്യത തുടങ്ങിയ വിവരങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യുകയാണ് കൂടിക്കാഴ്ചയില്‍ ചെയ്യുന്നത്.

പരസ്പര സഹകരണത്തിനു പുറമെ ഇന്ത്യയും പാകിസ്താനും അയല്‍ രാജ്യങ്ങള്‍ക്ക് വെട്ടുകിളി ആക്രമണത്തിനെതിരെ സഹായവും എത്തിച്ചിട്ടുണ്ട്. 1950 ല്‍ വെട്ടുകിളി ആക്രമണം നടന്ന സൗദി അറേബ്യയില്‍ ഇന്ത്യയും ഇറാനും പാകിസ്താനും സഹായമെത്തിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക