https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/9/4/rohingya-people-bangladesh.jpg
റോഹിംഗ്യന്‍ അഭയാർഥികൾ (ഫയൽ ചിത്രം)

മൃതദേഹങ്ങള്‍ വലിച്ചെറിഞ്ഞു; കടലില്‍ അലഞ്ഞ് രണ്ടു മാസം: റോഹിംഗ്യന്‍ ദുരിതം

by

ധാക്ക ∙ ‘സ്വപ്ന തീരത്ത് അണയാമെന്ന പ്രതീക്ഷയോടെ ഭക്ഷണവും വെള്ളവുമില്ലാതെ കടലില്‍ അലഞ്ഞത് രണ്ടു മാസം. യാത്രയ്ക്കിടെ 50 പേരെങ്കിലും മരിച്ചിട്ടുണ്ടാകാം. രാത്രി മൃതദേഹങ്ങള്‍ കടലിലേക്കു വലിച്ചെറിയും. ദുരിതയാത്രയ്‌ക്കൊടുവില്‍ പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തുമ്പോള്‍ ഉണ്ടായിരുന്ന കിടപ്പാടവും നഷ്ടപ്പെട്ടിരുന്നു’- ഖദീജ ഓര്‍ത്തെടുക്കുന്നു.

ബംഗ്ലദേശില്‍നിന്നു മലേഷ്യയിലേക്കു ബോട്ടില്‍ പുറപ്പെട്ട 396 റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കാണ് കോവിഡ് മൂലം തീരത്തെത്താന്‍ കഴിയാതെ രണ്ടു മാസത്തോളം കടലില്‍ അലയേണ്ടിവന്നത്. വംശീയകലാപത്തില്‍ സ്വന്തം ഗ്രാമം കത്തിയെരിഞ്ഞതോടെ മ്യാന്‍മറില്‍നിന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പലയാനം ചെയ്ത ഖദീജ ഒടുവില്‍ ബംഗ്ലദേശില്‍ അഭയം പ്രാപിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപിലാണ് ഖദീജയും മക്കളും കഴിഞ്ഞിരുന്നത്. എങ്കിലും ഖദീജ ഒരു സ്വപ്‌നം എപ്പോഴും മനസ്സില്‍ കൊണ്ടുനടന്നിരുന്നു; ബംഗാള്‍ ഉള്‍ക്കടലിന് അപ്പുറത്തുള്ള മലേഷ്യയില്‍ ഒരു നല്ല ജീവിതം.

മുന്‍പ് അത്തരത്തില്‍ മലേഷ്യയിലെത്തിയവരുടെ ജീവിതത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളും ഖദീജയെ മോഹിപ്പിച്ചു. കയ്യിലുണ്ടായിരുന്ന സ്വര്‍ണം വിറ്റ് 750 ഡോളര്‍ സ്വരുക്കൂട്ടി മനുഷ്യക്കടത്തുകാര്‍ക്കു നല്‍കി ബോട്ടില്‍ മലേഷ്യയിലേക്കു കടക്കാന്‍ നാളും കാത്തിരുന്നു. ഒടുവില്‍ ഫെബ്രുവരിയിലെ ഒരു രാത്രിയില്‍ ഖദീജയ്ക്കു വിളിയെത്തി. ക്യാംപില്‍ അടുത്തു താമസിച്ചിരുന്നവരോടു ചികിത്സയ്ക്കു പോകുകയാണെന്നു കള്ളം പറഞ്ഞ് മകനെയും മകളെയും കൂട്ടി കുറച്ചു സാധനങ്ങളും കെട്ടിപ്പെറുക്കി ഖദീജ യാത്രയായി.

ബസ് സ്റ്റാന്‍ഡില്‍ കണ്ടുമുട്ടിയ ഏജന്റ് അവരെ ആദ്യം ഒരു ഫാംഹൗസില്‍ എത്തിച്ചു. അവിടെ നൂറുകണക്കിന് ആളുകളാണ് അതേ സ്വപ്‌നവുമായി എത്തിയിരുന്നത്. ആദ്യം ഒരു ചെറിയ ബോട്ടിലാണ് ആളുകളെ കൊണ്ടുപോയത്. പിന്നെ കൂടുതല്‍ ആളുകള്‍ ഉള്ള മറ്റൊരു വലിയ ബോട്ടിലേക്കു മാറ്റി. തുടര്‍ന്നാണു സ്വപ്‌നയാത്ര ദുരിതമായി മാറുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ബര്‍മക്കാരായ ജീവനക്കാര്‍ മുകളിലത്തെ ഡെക്കിലും സ്ത്രീകള്‍ മധ്യത്തിലും പുരുഷന്മാര്‍ താഴത്തെ ഡെക്കിലുമായിരുന്നു. ബോട്ടില്‍ വെള്ളവും മറ്റു കുറവായിരുന്നു. ഒരു മരത്തടിയില്‍ തുളയിട്ടു നിര്‍മിച്ചതായിരുന്നു ശൗചാലയം. യാത്രയ്ക്കിടയില്‍ ഒരു കുട്ടി ഈ തുളയിലൂടെ കടലില്‍ വീണു മരിച്ചതായി ഖദീജ ഓര്‍മിക്കുന്നു. ആദ്യത്തെ മരണം. പിന്നീടുള്ള ദിവസങ്ങളിൽ നിരവധി പേരാണു ബോട്ടില്‍ പിടഞ്ഞു മരിച്ചത്.

ആളുകളുടെ മൃതദേഹങ്ങള്‍ വെള്ളത്തില്‍ എറിയുമ്പോള്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ജീവനക്കാര്‍ ബോട്ടിന്റെ രണ്ട് എൻജിനുകളും പ്രവര്‍ത്തിപ്പിക്കുമായിരുന്നുവെന്നു ഖദീജ ഓര്‍ത്തു. 15 സ്ത്രീകളെങ്കിലും മരിച്ചു. കാലു പോലും നീട്ടിവയ്ക്കാന്‍ കഴിയാത്ത തരത്തിലാണു ബോട്ടില്‍ കഴിഞ്ഞിരുന്നത്. തൊട്ടടുത്തിരുന്ന സ്ത്രീക്ക് നിര്‍ജലീകരണം മൂലം സ്വബോധം നഷ്ടപ്പെട്ടു. അവര്‍ പരസ്പരവിരുദ്ധമായാണു സംസാരിച്ചിരുന്നത്. ജീവനക്കാര്‍ അവരെ മുകളിലത്തെ ഡെക്കിലേക്കു കൊണ്ടുപോയി. പിന്നീട് അവര്‍ മരിച്ചു. നാലു മക്കളാണ് അവരോടൊപ്പം ഉണ്ടായിരുന്നത്. 16 വയസ്സുള്ള മൂത്ത മകളെ മാത്രമാണ് അമ്മയുടെ മരണവിവരം അറിയിച്ചത്. മറ്റു കുഞ്ഞുങ്ങള്‍ അമ്മയെ കാണാതെ കരയുകയായിരുന്നു. മരണത്തിനു തൊട്ടുപിന്നാലെ മൃതദേഹം കടലില്‍ എറിയുകയായിരുന്നുവെന്നും ഖദീജ പറഞ്ഞു.

ഏഴു ദിവസത്തെ യാത്രയ്ക്കു ശേഷം മലേഷ്യന്‍ തീരം കണ്ടു. ചെറിയ ബോട്ടുകളെത്തി ആളുകളെ കരയ്‌ക്കെത്തിക്കാനായി കാത്തിരുന്നു. എന്നാല്‍ ആരും എത്തിയില്ല. കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ മലേഷ്യന്‍ തീരസംരക്ഷണ സേന സുരക്ഷ കര്‍ശനമാക്കിയിരുന്നു. അതോടെ രാജ്യത്തേക്കു കടന്നുകയറാന്‍ കഴിയാത്ത അവസ്ഥയായി. ബോട്ടില്‍ വെള്ളവും ആഹാരവും ദിനംപ്രതി കുറഞ്ഞുവന്നു. ആദ്യം ദിവസത്തില്‍ രണ്ടു നേരമായിരുന്നു ഭക്ഷണം. അത് ഒന്നായി ചുരുങ്ങി. ഒരു മഗ് വെള്ളമാണു നല്‍കിയിരുന്നത്. പിന്നീട് രണ്ടു ദിവസം കൂടുമ്പോഴായി ഭക്ഷണം. ആളുകള്‍ കടല്‍വെള്ളം കുടിച്ചു തുടങ്ങി. ചിലര്‍ വിയര്‍പ്പില്‍ തുണിമുക്കി പിഴിഞ്ഞു കുടിക്കുന്നതും കാണാമായിരുന്നു.

ഇടയ്ക്ക് തായ്‌ലന്‍ഡ് തീരത്തുനിന്ന് ഒരു ചെറുബോട്ടില്‍ സാധനങ്ങള്‍ എത്തിച്ചിരുന്നു. വീണ്ടും മലേഷ്യയിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബര്‍മന്‍ നാവികസേന ബോട്ട് പിടികൂടി ക്യാപ്റ്റനെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീടു വിട്ടയച്ചു. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതോടെ എല്ലാവരുടെയും പ്രതീക്ഷ അസ്തമിച്ചു. ഏതെങ്കിലും തീരത്ത് എത്തിക്കാന്‍ യാത്രികര്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ ഇതു നിരസിച്ചതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഒരു ജീവനക്കാരനെ കൊന്നു കടലില്‍ എറിഞ്ഞു. ഇതോടെ പണം നല്‍കിയാല്‍ ചെറിയ ബോട്ട് എത്തിക്കാമെന്ന് ക്യാപ്റ്റന്‍ സമ്മതിച്ചു.

എല്ലാവരും ചേര്‍ന്ന് 1200 ഡോളര്‍ സമാഹരിച്ചു നല്‍കി. എന്നാല്‍ ചെറിയ ബോട്ട് എത്തിയപ്പോള്‍ അതില്‍ ചാടിക്കയറി ക്യാപ്റ്റനും ഭൂരിഭാഗം ജീവനക്കാരും രക്ഷപ്പെട്ടു. പിന്നീട് ബോട്ടിലുണ്ടായിരുന്ന രണ്ടു ജീവനക്കാരുടെ സഹായത്തോടെ ബംഗ്ലദേശിലേക്കു തന്നെ മടങ്ങുകയായിരുന്നു. വീണ്ടും തീരത്തെത്തിയപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നു ഖദീജ പറഞ്ഞു. എന്നാല്‍ ക്യാംപില്‍ എത്തിയപ്പോഴേക്കും മുന്‍പുണ്ടായിരുന്ന വീട്ടില്‍ മറ്റൊരു കുടുംബം താമസം തുടങ്ങിയിരുന്നു. സ്വപ്‌നതീരവും കിടപ്പാടവും നഷ്ടപ്പെട്ട അവസ്ഥ. എല്ലാം ഒന്നില്‍നിന്നു തുടങ്ങാനുള്ള ഒരുക്കത്തിലാണു ഖദീജയും മക്കളും.

English Summary: Rohingya refugee crisis: 'The bodies were thrown out of the boat'