ആപ് പ്രവർത്തന രഹിതം; കമ്പനി ഉടമകൾ സമ്മർദത്തിൽ; തുടരാനുള്ള നിർദേശം ആശ്വാസമാകും
by മനോരമ ലേഖകൻകൊച്ചി∙ ബവ്റിജസ് കോർപ്പറേഷൻ മദ്യവിതരണത്തിനായി തയാറാക്കിയ ബവ് ക്യൂ ആപ് പദ്ധതി പൊളിഞ്ഞെങ്കിലും സാങ്കേതിക തകരാർ പരിഹരിച്ച് തുടരാനുള്ള എക്സൈസ് നിർദേശം ഫെയർകോഡ് ടെക്നോളജീസിന് ആശ്വാസമാകും.
ആപ് പൂർണമായും പ്രവർത്തന രഹിതമാകുകയും മദ്യവിതരണം തടസപ്പെടുകയും ചെയ്തതോടെ കടുത്ത സമ്മർദത്തിലായ കമ്പനി ഉടമകൾ തൽക്കാലത്തേയ്ക്ക് സ്ഥലത്തു നിന്നു വിട്ടു നിൽക്കുകയാണ്. ഇളങ്കുളം ചെലവന്നൂർ റോഡിലെ ഇവരുടെ ഓഫിസിൽ ഏതാനും ജോലിക്കാർ മാത്രമാണ് ഇന്നെത്തിയത്. അകത്തുനിന്ന് പൂട്ടിയിട്ടാണ് ഓഫിസ് പ്രവർത്തിക്കുന്നത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിർദേശമുള്ളതായും ഓഫിസ് തുറന്നു പുറത്തു വന്ന ജീവനക്കാരിലൊരാളെന്നു പരിചയപ്പെടുത്തിയ യുവാവ് പറഞ്ഞു.
അതേസമയം ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെ ആരും ഫോണെടുക്കാനോ പ്രതികരിക്കാനോ തയാറായിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉണ്ടായതിനെത്തുടർന്ന് മദ്യ ആപ്പുമായി ബന്ധപ്പെട്ട് മേയ് 16നു ശേഷം ഫെയർകോഡ് കമ്പനി ഇട്ട പോസ്റ്റുകളെല്ലാം ഫെയ്സ്ബുക് പേജിൽനിന്ന് പിൻവലിച്ചു. ഇന്നലെവരെ പോസ്റ്റുകൾ ഫെയ്സ്ബുക് പേജിലുണ്ടായിരുന്നു. ബവ്കോയ്ക്കായി മദ്യവിതരണ ആപ് തയാറാക്കിയത് എറണാകുളത്തുള്ള ഫെയർകോഡ് കമ്പനിയാണ്. ആപ് സംബന്ധിച്ച് ആളുകളുടെ ചോദ്യങ്ങൾക്ക് ഇവർ നേരത്തെ ഫെയ്സ്ബുക് പേജിലൂടെ മറുപടി നൽകിയിരുന്നു. ഇതെല്ലാം പൂർണമായും നീക്കം ചെയ്തിട്ടുണ്ട്.
നിശ്ചിത സമയം കഴിഞ്ഞിട്ടും ആപ് ലഭിക്കാത്തതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. മികച്ച സേവനം നൽകാൻ ആപ് നിർമാതാക്കൾ പരാജയപ്പെട്ടെന്നായിരുന്നു പ്രധാന വിമർശനം. കോവിഡ് വാക്സിനു വേണ്ടിപോലും ഇത്രയും കാത്തിരുന്നിട്ടില്ല– സമൂഹ മാധ്യമത്തിൽ വന്ന ഒരു കമന്റ് ഇങ്ങനെ. ബവ് ക്യൂ ആപ്പിനായി തിരയുമ്പോൾ കൃഷി ആപ്പാണ് വരുന്നതെന്നും ഗതികെട്ട് അത് ഡൗൺലോഡ് ചെയ്ത് 4 വാഴ വച്ചെന്നുമാണ് മറ്റൊരു കമന്റ്. വാഴ കുലയ്ക്കുമ്പോഴെങ്കിലും ആപ് വരുമോയെന്നും ആപ് നിർമാതാക്കളായ ഫെയർകോഡ് കമ്പനിയുടെ ഫെയ്സ്ബുക്ക് പേജിൽ ഉപഭോക്താക്കൾ കുറിച്ചു.
ടോക്കൺ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്‍ലറ്റുകളിലും എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിനിടെ പലയിടത്തും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അങ്കമാലിയിൽ ഒരു ബാറിനെതിരെ ടോക്കണില്ലാതെ മദ്യം വിതരണം ചെയ്തതിനും ലോക്ഡൗൺ ചട്ടം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്.
കോട്ടയം ഏറ്റുമാനൂരിൽ ബാറിൽ രണ്ടു കൗണ്ടറുകളിൽ മദ്യം വിതരണം ചെയ്തതിനെ തുടർന്ന് വൻ ആൾക്കൂട്ടം രൂപപ്പെടുകയും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയും ചെയ്തു. കളമശേരി പത്തടിപ്പാലത്ത് ബാറിൽ നിന്നുള്ള ക്യൂ സാമൂഹിക അകലം പാലിച്ച് ദേശീയ പാതയിലേയ്ക്ക് നീണ്ടു. അതുപോലെ മിക്ക ബാറുകളിലും രഹസ്യമായും അല്ലാതെയും മദ്യം വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരം.
ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യാൻ നിലവിൽ അനുമതിയില്ലെന്ന് എറണാകുളം റേഞ്ച് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത് പറഞ്ഞു. അല്ലാതെ വിതരണം ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: BEV Q app owners Faircode technologies left their office