ബോര്‍ഡ് ഫോര്‍ റിസര്‍ച്ച് എഡ്യുക്കേഷന്‍ ആന്‍റ് ഡവലപ്മെന്‍റ് ജീവകാരുണ്യമേഖലയിലേക്ക്
by depika.comഡല്‍ഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് ഭക്ഷണവും ഭക്ഷ്യസാധനങ്ങളും വിതരണം ചെയ്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സംഘടനയാണ് BREAD (ബോര്‍ഡ് ഫോര്‍ റിസര്‍ച്ച് എഡ്യുക്കേഷന്‍ ആന്‍റ് ഡവലപ്മെന്‍റ്). ഉത്തര്‍പ്രദേശിലെ നോയിഡ ആസ്ഥാനമായ സംഘടന തങ്ങളുടെ സേവനവുമായി ജാര്‍ഖണ്ഡിലെ തെരുവുകളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. 37000 കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ജാര്‍ഖണ്ഡിലെ BREAD കോർഡിനേറ്റര്‍ ഫാ.സിബി ഇരവിമംഗലത്തിന്‍റെ നേതൃത്വത്തിലാണ് ഈ വിപുലമായ ദൗത്യം നടപ്പാക്കുക. ക്ലാരിഷ്യന്‍ പുരോഹിതനായ ഇദ്ദേഹം ബാംഗ്ലൂര്‍ പ്രോവിന്‍സിലെ അംഗമാണ്.
ഭക്ഷണവും ശുചിത്വവും എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഓരോ കുടുംബത്തിനും 10 കിലോഗ്രാം അരിയും, ശുചിത്വത്തിന്‍റെ പ്രാധാന്യം മനസിലാക്കി സോപ്പും വിതരണം ചെയ്യും. പാവപ്പെട്ടവരുടെ പട്ടിണി അകറ്റാനും, ശുചിത്വത്തിലൂടെ കൊറോണവൈറസിനെതിരെ പ്രതിരോധം തീര്‍ക്കാനുമുള്ള ഈ സദുദ്യമത്തിന്‍റെ ഗുണഫലം 37,000 കുടുംബങ്ങളിലെ 1,48,000 വ്യക്തികള്‍ക്കാണ് ലഭ്യമാക്കുക. ധുംക ശിക്കാരിപ്പുരയിലെ സെന്‍റ് റീത്ത ഹൈ ആന്‍റ് മിഡില്‍ സ്കൂളില്‍ 2020 മെയ് 28 ന് 1600 കുടുംബങ്ങള്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ട് സംസ്ഥാനത്തെ ദൌത്യത്തിന് തുടക്കം കുറിച്ചു. പത്തു ദിവസം കൊണ്ട് സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് മുഴുനും സഹായമെത്തിക്കാനാണ് പരിശ്രമിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചെത്തുന്നതോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപന ഭീതി വര്‍ധിക്കുന്നതോടൊപ്പം, തൊഴിലും വരുമാനവും നഷ്ടപ്പെട്ടതുമൂലമുള്ള ഭക്ഷ്യ സുരക്ഷാ പ്രതിസന്ധിയും രൂക്ഷമാകുന്നതിന്‍റെ ആശങ്ക ഫാ. സിബി പ്രകടിപ്പിച്ചു.
ഡല്‍ഹി, NCR മേഖലയില്‍ 5 കിലോ ആട്ട വീതം 43,000 കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്തശേഷമാണ് സംഘടന ഇപ്പോള്‍ ജാര്‍ഖണ്ഡിലെ ദൌത്യം തുടങ്ങിയിരിക്കുന്നത്. ചേരി നിവാസികളെയും, ദിവസ വേതനക്കാരെയും കണ്ടെത്തി അവരുടെ കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പരമാവധി ആള്‍ക്കാര്‍ക്ക് സഹായം എത്തിക്കും.
മേരീസ് മീല്‍ എന്ന ബാനറില്‍ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള സ്കൂള്‍ കുട്ടികള്‍ക്ക് ദിവസം ഒരു നേരത്തെ ഭക്ഷണം ലഭ്യമാക്കുന്ന ദൌത്യവും ഇതോടൊപ്പം നടക്കുന്നുണ്ട്. 6 വര്‍ഷമായി നടന്നുവരുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ വിവിധ സ്കൂളുകളിലെ 36320 നിര്‍ധന കുട്ടികള്‍ക്ക് വിശപ്പടക്കാന്‍ കഴിയുന്നു.
നോയിഡയില്‍ ഫാ. ജോസണ്‍ തരകന്‍ IMS ആണ് 2009 ല്‍ BREAD NOIDA എന്ന സംഘടനക്ക് തുടക്കം കുറിച്ചത്. “വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം” എന്നതാണ് ലക്ഷ്യം.ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ 44914 കുട്ടികള്‍ക്ക് വിദ്യാഭ്യാസവും അതോടൊപ്പം ഭക്ഷണവും ലഭിക്കുന്നുണ്ട്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്