ട്രംപിന്റെ ഓഫര്‍ നിഷേധിച്ച് ചൈന; 'ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനുള്ള ശേഷി ഇരുരാജ്യങ്ങള്‍ക്കുമുണ്ട്'

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399395/us_china.jpg

ബീജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ചൈന. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ശേഷിയുണ്ടെന്ന് ചൈന വ്യക്തമാക്കിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലേക്ക് ഇടിച്ചുകയറാനാണ് അമേരിക്കയുടെ ശ്രമമെന്ന് ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി പത്രം ഗ്ലോബല്‍ ടൈംസും റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇന്ത്യയും ചൈനയും ഒരുമിച്ചു നിന്നാല്‍ ഏഷ്യയില്‍ അമേരിക്കയുടെ കച്ചവട താല്‍പര്യങ്ങള്‍ നടക്കില്ലെന്നും ഗ്ലോബല്‍ ടൈംസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായി അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നുവെന്നും ചൈനയുടെ പ്രവര്‍ത്തികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏറെ അസ്വസ്ഥനായിരുന്നുവെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ഇന്ത്യയെ അറിയിച്ചുവെന്നും ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ട്രംപും മോഡിയും തമ്മില്‍ ഏപ്രില്‍ നാലിനാണ് ഒടുവില്‍ സംസാരിച്ചതെന്നും കൊവിഡ് പ്രതിരോധത്തിനുള്ള ഹൈഡ്രോക്‌സിക്ലോറോക്വീന്‍ മരുന്നുമായി ബന്ധപ്പെട്ടായിരുന്നു അതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

'ഞാന്‍ മോഡിയുമായി സംസാരിച്ചിരുന്നു. ചൈനയുടെ ഭാഗത്തുനിന്നുള്ള ഇടപെടലില്‍ അദ്ദേഹം തികച്ചും അസ്വസ്ഥനായിരുന്നു.' വൈറ്റ്ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞിരുന്നു. അവര്‍ വലിയ സംഘര്‍ഷത്തിലാണ്. 140 കോടി ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങള്‍. സൈനിക ശക്തിയിലും വളരെ ശക്തരാണവര്‍. ഇന്ത്യ ഒട്ടും സന്തുഷ്ടരല്ല. അതുപോലെതന്നെ ചൈനയും.'-ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ ആശങ്കയുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

അമേരിക്കന്‍ മാധ്യമങ്ങള്‍ ഇഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ താന്‍ അവര്‍ക്കൊപ്പമുണ്ടായിരിക്കണമെന്ന് ഇന്ത്യ ഇഷ്ടപ്പെടുന്നു. മോഡിയെ താന്‍ ഇഷ്ടപ്പെടുന്നു. അവരുടെ പ്രധാനമന്ത്രിയെ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹം വലിയ മാന്യനാണെന്നും ട്രംപ് പറഞ്ഞിരുന്നു.