ഉത്തര്‍പ്രദേശിലെത്തിയ ട്രെയിന്റെ ശുചിമുറിയില്‍ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം; ദിവസങ്ങളുടെ പഴക്കം

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/399394/body.jpg

ഝാന്‍സി: കുടിയേറ്റ തൊഴിലാളികളുമായി ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ട്രെയിന്റെ ശുചിമുറിയില്‍ മൃതദേഹം. കുടിയേറ്റ തൊഴിലാളിയുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ശുചീകരണ തൊഴിലാളികള്‍ കോച്ചുകള്‍ അണുവിമുക്തമാക്കാന്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലക്കാരനായ മോഹന്‍ ലാല്‍ ശര്‍മ്മയാണ് മരിച്ചത്. മുംബൈയില്‍ ദിവസക്കൂലിക്കാരനായിരുന്നു. ലോക്ഡൗണ്‍ വന്നതോടെ ജോലി നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനില്‍ ഇയാള്‍ നാട്ടിലേക്ക് മടങ്ങിയത്. ഇയാളുടെ പക്കല്‍ 28,000 രൂപയും ഒരു ബാര്‍ സോപ്പും ഏതാനും പുസ്തകങ്ങളുമുണ്ടായിരുന്നു.

നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച മോഹന്‍ ശര്‍മ്മ അടക്കമുള്ളവരെ മേയ് 23നാണ് ഗൊരഖ്പുരിലേക്കുള്ള ട്രെയിനില്‍ കയറ്റി വിട്ടത്. ബസ്തിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് ഗൊരഖ്പുര്‍. ഇവിടെയാണോ ഇദ്ദേഹത്തിന് ഇറങ്ങേണ്ടിയിരുന്നതെന്ന് വ്യക്തമല്ല. ഗൊരഖ്പുരില്‍ നിന്നും ബിഹാറിലെ കുടിയേറ്റ തൊഴിലാളികളെ എത്തിക്കാന്‍ അവിടേക്ക് പോയിരുന്നോ എന്നും വ്യക്തമല്ല.

എന്തായാലൂം ബുധനാഴ്ച ഝാന്‍സിയില്‍ തിരിച്ചെത്തിയ ട്രെയിനില്‍ വ്യാഴാഴ്ചയാണ് അണുനശീകരണ ജോലികള്‍ നടന്നത്. മൃതദേഹത്തില്‍ നിന്നും ലഭിച്ച വിലാസം അുനസരിച്ച് അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.

രണ്ടു മാസത്തിനുള്ളില്‍ 20 ലക്ഷത്തോളം പേരാണ് യു.പിയില്‍ തിരിച്ചെത്തിയത്. വരുംനളുകളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് സൂചന.