കൊട്ടിയൂര്‍ ഉത്സവം: നെയ്യാട്ടം ജൂണ്‍ മൂന്നിന് ചടങ്ങ് മാത്രമായി നടത്തും

by

കണ്ണൂര്‍: (www.kvartha.com 29.05.2020) കൊട്ടിയൂര്‍ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവം കോവിഡ് 19 രോഗ നിര്‍വ്യാപന/പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ശന മാര്‍ഗ നിര്‍ദേശമനുസരിച്ച് ഭക്തജനങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ പ്രവേശനമില്ലാതെ ചടങ്ങുകള്‍ മാത്രമായി നടക്കും. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണിതെന്ന് ദേവസ്വം അറിയിച്ചു.

ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിന് നെയ്യ് എഴുന്നെള്ളിക്കുന്നതിനും ഇളനീര്‍വെപ്പിന് ഇളനീര്‍ സമര്‍പ്പിക്കുന്നതിനും നിശ്ചിത സംഘങ്ങള്‍ക്ക് മാത്രമേ അനുവാദമുണ്ടായിരിക്കുകയുള്ളൂ. ജൂണ്‍ മൂന്നിന് നെയ്യാട്ടം: വില്ലിപ്പാലന്‍ കുറുപ്പും സംഘവും നാല് ആളുകള്‍ മാത്രം, തമ്മേങ്ങാടന്‍ നമ്പ്യാരും സംഘവും നാല് ആളുകള്‍ മാത്രം, തൃക്കപാലം മഠം രണ്ട്  ആളുകള്‍ മാത്രം.

https://1.bp.blogspot.com/-uhCBnDvWFIM/XtEUa0-wK1I/AAAAAAAB1R0/1Vz0LKtJaIs_340Jg9HQM_JfPu0l5qn6QCLcBGAsYHQ/s1600/Kottiyoor-Festival.jpg

12ന് ഇളനീര്‍വെപ്പ്, എളനീര്‍ സമര്‍പ്പണം: എരുവട്ടി തണ്ടയാനും വീരഭദ്രസ്വാമിയും സംഘവും ആറ് ആളുകള്‍ മാത്രം, മേക്കിലേരി തണ്ടയാനും സംഘവും അഞ്ച് ആളുകള്‍ മാത്രം, കുറ്റ്യാടി കത്തിതണ്ടയാനും (നാദാപുരം) സംഘവും അഞ്ച് ആളുകള്‍ മാത്രം, കുറ്റ്യാടി എണ്ണത്തണ്ടയാനും സംഘവും അഞ്ച് ആളുകള്‍ മാത്രം, കുറ്റിപ്പുറം തണ്ടയാനും സംഘവും അഞ്ച് ആളുകള്‍ മാത്രം.

ഈ സംഘാംഗങ്ങള്‍ ഒഴികെ മറ്റാരും നെയ്യാട്ടം, ഇളനീര്‍വെപ്പ് ചടങ്ങുകള്‍ക്ക് ക്ഷേത്രത്തില്‍ എത്തിച്ചേരേണ്ടതില്ല. ഇത്തവണത്തെ ഉത്സവം ചടങ്ങുകള്‍ മാത്രമായതിനാല്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ലെന്നും കോവിഡ് 19 മഹാമാരി വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും ദേവസ്വം സ്പെഷ്യല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

Keywords: Kottiyoor Neyyattam Festival will be held on June 3rd, Kannur, News, Religion, Festival, Temple, Kerala.