എംപി വീരേന്ദ്രകുമാറിന് വിട; സംസ്‌ക്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ
by kvartha preവയനാട്: (www.kvartha.com 29.05.2020) അന്തരിച്ച രാജ്യസഭാ എംപി വീരേന്ദ്രകുമാര്‍ എംപിയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. പുളിയാര്‍മലയിലെ കുടുംബശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. മകന്‍ ശ്രേയാംസ് കുമാറാണ് ചിതയ്ക്ക് തീ കൊളുത്തിയത്. വ്യാഴാഴ്ച രാത്രിയാണ് എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചത്. കോഴിക്കോട് വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എകെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ കല്‍പറ്റയിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. സികെ ശശീന്ദ്രന്‍ എംഎല്‍എയും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ എംഎല്‍എ, പ്രദീപ് കുമാര്‍ എംഎല്‍എ, മാതൃഭൂമി ഡയറക്ടര്‍ പിവി ചന്ദ്രന്‍, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങി നിരവധി പ്രമുഖര്‍ എത്തിയിരുന്നു.
നിലവില്‍ രാജ്യസഭാംഗമായ വീരേന്ദ്രകുമാര്‍ മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി എംഡിയുമാണ്. എം കെ പത്മപ്രഭാ ഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് വീരേന്ദ്രകുമാറിന്റെ ജനനം. മദിരാശി വിവേകാന്ദ കോളജില്‍ നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് എം ബി എ ബിരുദവും നേടി.
2009 ല്‍ വടകര ലോക്സഭാ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സിപിഐഎമ്മുമായി പിണങ്ങി വീരേന്ദ്രകുമാര്‍ മുന്നണി വിട്ടതും രാഷ്ട്രീയ കേരളം കണ്ടു. യു ഡി എഫിന്റെ ഭാഗമായി മാറിയ സോഷ്യലിസ്റ്റ് ജനതാദള്‍ പിന്നീട് നിതീഷ് കുമാറിന്റെ ഐക്യ ജനതാദളില്‍ ലയിച്ചെങ്കിലും നിതീഷും സംഘവും എന്‍ ഡി എയിലേക്ക് മടങ്ങിയപ്പോള്‍ വീരേന്ദ്രകുമാര്‍ വിഭാഗം പാര്‍ട്ടി വിടുകയായിരുന്നു.
തുടര്‍ന്ന് ശരത് യാദവിന്റെ നേതൃത്വത്തില്‍ ലോക് താന്ത്രിക് ജനതാദള്‍ രൂപീകരിച്ചു. യുഡിഎഫ് വിട്ട വീരേന്ദ്രകുമാര്‍ വിഭാഗം ഇടതുമുന്നണിയില്‍ തിരിച്ചെത്തി. ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നു നില്‍ക്കാനാണ് എന്നും താല്‍പര്യമെന്നായിരുന്നു വീരേന്ദ്രകുമാര്‍ അന്ന് പറഞ്ഞത്.
രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും എന്ന നിലയില്‍ കൂടിയാണ് വിരേന്ദ്രകുമാര്‍ ശ്രദ്ധനേടിയിരുന്നത്. സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ആത്മാവിലേക്കൊരു തീര്‍ത്ഥയാത്ര, രോക്ഷത്തിന്റെ വിത്തുകള്‍, രാമന്റെ ദുഃഖം എന്നിങ്ങനെ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ഹയമതഭൂവില്‍ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
ഉഷയാണ് ഭാര്യ. ശ്രേയാംസ്‌കുമാര്‍, ആഷ,നിഷ,ജയലക്ഷ്മി എന്നിവര്‍ മക്കളാണ്.
Keywords: Veerendra Kumar cremated with state honours, Wayanadu, News, Dead, Obituary, Writer, Politics, Kerala.